'ഏഷ്യാകപ്പ് ബഹിഷ്‌കരിച്ചാല്‍ ജയ് ഷായുടെ ഐസിസി പിസിബിക്ക് ഉപരോധം ഏര്‍പ്പെടുത്തും; അത് താങ്ങാന്‍ കഴിയാത്ത കാര്യമാണ്'; യുടേണ്‍ അടിച്ച് പാക്കിസ്ഥാന്‍; യുഎഇക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്തസമ്മേളനം റദ്ദാക്കി
യുഎഇക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്തസമ്മേളനം റദ്ദാക്കി
ദുബായ്: ഇന്ത്യക്കെതിരായ മത്സരത്തിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ഹസ്തദാന വിവാദം ഉയര്‍ത്തി ഏഷ്യാകപ്പ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്, (പിസിബി) തീരുമാനത്തില്‍നിന്നു പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പില്‍നിന്നു പിന്മാറാനുള്ള സാധ്യത വളരെ കുറവാണെന്ന് പിസിബി വൃത്തം ദേശീയ മാധ്യമത്തോട് പറഞ്ഞു. അതേ സമയം യുഎഇക്കെതിരായ നിര്‍ണായക ഗ്രൂപ്പ് എ മത്സരത്തിന് മുന്നോടിയായി നടത്താനിരുന്ന പത്രസമ്മേളനം പാകിസ്ഥാന്‍ റദ്ദാക്കി. റദ്ദാക്കാനുള്ള കാരണം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യം ഒഴിവാക്കാനാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയതെന്ന് സൂചന.
ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിന് ശേഷം ഹസ്തദാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ഐസിസി നിലപാട് വ്യക്തമായതോടെ ബഹിഷ്‌കരണ ഭീഷണിയില്‍ നിന്നും പിസിബി പിന്നാക്കം പോയിരുന്നു. ''ഞങ്ങള്‍ അങ്ങനെ ചെയ്താല്‍ ജയ് ഷായുടെ നേതൃത്വത്തിലുള്ള ഐസിസി, പിസിബിക്ക് ഉപരോധം ഏര്‍പ്പെടുത്തും. അതു ഞങ്ങളുടെ ബോര്‍ഡിന് താങ്ങാന്‍ കഴിയാത്ത കാര്യമാണ്. ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ല. ചാംപ്യന്‍സ് ട്രോഫിയുടെ ഭാഗമായി എല്ലാ സ്റ്റേഡിയങ്ങളും നവീകരിച്ചിരുന്നു.'' പിസിബിയിലെ ഉന്നതവൃത്തം പറഞ്ഞു. ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് പാക്കിസ്ഥാനായിരുന്നു അതിഥേയത്വം വഹിച്ചിരുന്നത്.
ഞായറാഴ്ച ദുബായില്‍ നടന്ന ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തിനു പിന്നാലെ ഉയര്‍ന്ന ഹസ്തദാന വിവാദത്തിലാണ് പിസിബി ബഹിഷ്‌കരണ ഭീഷണി മുഴക്കിയത്. രാജ്യാന്തര മത്സരങ്ങളുടെ ടോസിന്റെ സമയത്ത് ഇരു ടീമിന്റെ ക്യാപ്റ്റന്‍മാരും ഹസ്തദാനം നടത്തുന്നതും പ്ലേയിങ് ഇലവന്‍ കൈമാറുന്നതും പതിവാണ്. എന്നാല്‍ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തിനു മുന്‍പ് ഇതുണ്ടായില്ല. ഇരു ക്യാപ്റ്റന്‍മാരും ടോസിനു ശേഷം പരസ്പരം നോക്കുക പോലും ചെയ്യാതെ തിരികെ പോയി.
ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായി ഹസ്തദാനം നടത്തേണ്ടെന്ന് ടോസിന് മുന്‍പ് മാച്ച് റഫറി ആന്‍ഡി പൈക്‌റോഫ്റ്റ് പാക്ക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയോടു പറഞ്ഞതായാണ് പിസിബിയുടെ ആരോപണം. തുടര്‍ന്ന് മാച്ച് റഫറിക്കെതിരെ ഐസിസിക്ക് പിസിബി പരാതി നല്‍കിയിരുന്നു. ഏഷ്യാ കപ്പിന്റെ തുടര്‍ന്നുള്ള മത്സരങ്ങളില്‍നിന്നു പൈക്‌റോപ്റ്റിനെ മാറ്റണമെന്നായിരുന്നു ആവശ്യം. അല്ലെങ്കില്‍ യുഎഇയ്‌ക്കെതിരായ അടുത്ത മത്സരത്തിന് ഇറങ്ങില്ലെന്നും പിസിബി അധ്യക്ഷന്‍ മുഹ്‌സിന്‍ നഖ്വി നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പിസിബിയുടെ ഈ ആവശ്യം ഐസിസി തള്ളി. തുടര്‍ന്നാണ് ബഹിഷ്‌കരണ ഭീഷണിയുടെ സ്വരം പിസിബി മയപ്പെടുത്തുന്നത്.
വന്‍ അച്ചടക്ക നടപടികളും സാമ്പത്തിക നഷ്ടവും ഉണ്ടാകുമെന്ന് അറിയിച്ചതോടെ കടുത്ത തീരുമാനങ്ങളില്‍ നിന്ന് പിസിബി പിന്മാറുകയായിരുന്നു. ഏഷ്യാ കപ്പില്‍ നാളെ നടക്കുന്ന പാകിസ്ഥാന്‍ - യുഎഇ മത്സരത്തിലും ആന്‍ഡി പൈക്രൊഫ്റ്റ് തന്നെയാണ് മാച്ച് റഫറി. ഈ മത്സരം ജയിച്ചില്ലെങ്കില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലെത്താതെ പുറത്താവാന്‍ സാധ്യതയുണ്ട്. ഇന്ത്യക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഒമാനെതിരെ ജയിച്ച ടീമിന് ഇപ്പോള്‍ രണ്ട് പോയിന്റാണുള്ളത്. യുഎഇക്കെതിരെ ജയം അനിവാര്യമാണ്.
ബുധനാഴ്ച യുഎഇക്കെതിരായ മത്സരത്തിന് മുന്നോടിയായി ചൊവ്വാഴ്ച വൈകിട്ട് ഐസിസി അക്കാദമിയില്‍ പാക്കിസ്ഥാന്‍ പരിശീലനത്തിന് ഇറങ്ങും. യുഎഇയോട് തോറ്റാല്‍ പാക്കിസ്ഥാന്‍ ഏഷ്യ കപ്പില്‍ നിന്ന് പുറത്താകും. ഇന്ത്യയും ചൊവ്വാഴ്ച ഇവിടെ പരിശീലനത്തിന് ഇറങ്ങുന്നുണ്ട്. എന്നാല്‍ രണ്ടു ടീമുകളും വിവിധ സമയത്താകും എത്തുക. 19ന് ഒമാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. സൂപ്പര്‍ ഫോറിലേക്ക് ഇന്ത്യ ഇതിനോടകം യോഗ്യത നേടി. യുഎഇയെ തോല്‍പ്പിച്ചാല്‍ പാക്കിസ്ഥാനും സൂപ്പര്‍ ഫോറില്‍ കടക്കും. അങ്ങനെയെങ്കില്‍ വീണ്ടും ഇന്ത്യപാക്കിസ്ഥാന്‍ മത്സരം വരും.