ആന്‍ഡി പൈക്രോഫ്റ്റ് ഇന്ത്യക്ക് ഏറ്റവും പ്രിയപ്പെട്ട മാച്ച് റഫറി; സ്ഥിരം ഒത്തുകളി പങ്കാളിയെന്നും റമീസ് രാജ; ഗുരുതര ആരോപണം മുഹ്‌സിന്‍ നഖ്വിയുടെ സാന്നിദ്ധ്യത്തില്‍; മുന്‍ പാക്ക് നായകന്റെ ആരോപണം തെറ്റെന്ന് കണക്കുകള്‍; ഹസ്തദാന വിവാദം വിടാതെ പിസിബി
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന്റെ നാണക്കേട് മറയ്ക്കാന്‍ ഹസ്തദാന വിവാദം ഉയര്‍ത്തിയ പാക്കിസ്ഥാന്‍ ക്രിക്കറ്റിന് വീണ്ടും തിരിച്ചടി. ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നിയന്ത്രിച്ച മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന ആവശ്യവും ഐസിസി തള്ളിയതോടെ കടുത്ത ആരോപണങ്ങളാണ് മുന്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ ഉയര്‍ത്തുന്നത്. ഏറ്റവും ഒടുവില്‍ മുന്‍ പാക്ക് നായകന്‍ റമീസ് രാജ ഉയര്‍ത്തിയ ആരോപണമാണ് ചര്‍ച്ചയാകുന്നത്.
ആന്‍ഡി പൈക്രോഫ്റ്റ് ഇന്ത്യയുടെ സ്ഥിരം ഒത്തുകളി പങ്കാളിയെന്നാണ് മുന്‍ പാകിസ്ഥാന്‍ നായകന്‍ റമീസ് രാജ ആരോപിച്ചത്. ഇന്നലെ യുഎഇക്കെതിരായ മത്സരത്തില്‍ ബഹിഷ്‌കരണ ഭീഷണി ഉയര്‍ത്തിയതിന് പിന്നാലെ പാക് ക്രിക്കറ്റ് ബോര്‍ഡ് ആസ്ഥാനത്ത് അടിയന്തര കൂടിയാലോചനകള്‍ക്ക് എത്തിയപ്പോഴാണ് റമീസ് രാജ പൈക്രോഫ്റ്റിനെതിരെ ഗുരുതര ആരോപണമുന്നയിച്ചത്. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായ മുഹ്‌സിന്‍ നഖ്വിയെ അടുത്തു നിര്‍ത്തിയാണ് പൈക്രോഫ്റ്റിനെതിരെ റമീസ് രാജ ഗുരുതര ആരോപണം ഉന്നയിച്ചത്. രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യക്ക് ഏറ്റവും പ്രിയപ്പെട്ട മാച്ച് റഫറിയാണ് പൈക്രോഫ്‌റ്റെന്നും ഇന്ത്യക്ക് അനാവശ്യ പരിഗണന നല്‍കുന്നതില്‍ പ്രമുഖനാണെന്നും പറഞ്ഞ റമീസ് രാജ, പൈക്രോഫ്റ്റ് ഇന്ത്യയുടെ 90ലേറ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
എന്നാല്‍ റമീസ് രാജയുടെ ആരോപണത്തിന് പിന്നാലെ ആന്‍ഡി പൈക്രോഫ്റ്റ് ഇന്ത്യയുടെ എത്ര മത്സരങ്ങളില്‍ മാച്ച് റഫറിയായിരുന്നിട്ടുണ്ടെന്നതിന്റെ കണക്കുകള്‍ പുറത്തുവന്നു. 600ലേറെ രാജ്യാന്തര മത്സരങ്ങളില്‍ മാച്ച് റഫറിയായിട്ടുള്ള പൈക്രോഫ്റ്റ് ഇന്ത്യയുടെ 124 മത്സരങ്ങളിലാണ് മാച്ച് റഫറിയായിട്ടുള്ളത്. പൈക്രോഫ്റ്റ് ഏറ്റവും കൂടുതല്‍ മത്സരം നിയന്ത്രിച്ചിട്ടുള്ളത് ഇന്ത്യുടേതല്ല ദക്ഷിണാഫ്രിക്കയുടേതാണ്. 135 മത്സരങ്ങള്‍. രണ്ടാം സ്ഥാനത്ത് ശ്രീലങ്കയാണ്, 132 മത്സരങ്ങള്‍. 124 മത്സരങ്ങളുമായി മൂന്നാം സ്ഥാനത്ത് മാത്രമാണ് ഇന്ത്യ. പാകിസ്ഥാന്റെ 102 മത്സരങ്ങളിലും പൈക്രോഫ്റ്റ് മാച്ച് റഫറിയായിരുന്നിട്ടുണ്ടെന്ന കാര്യം റമീസ് രാജ കണ്ടില്ലെന്ന് നടിച്ചുവെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി.
അതിനുപുറമെ റമീസ് രാജ ആരോപിക്കുന്നതുപോലെ മത്സരഗതി തീരുമാനിക്കുന്നതില്‍ ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരുടെ റോള്‍ പോലും മാച്ച് റഫറിക്കില്ല. ഐസിസി പെരുമാറ്റച്ചടങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും അച്ചടക്കലംഘനമുണ്ടായാല്‍ നടപടിയെടുക്കുകയും മാത്രമാണ് മാച്ച് റഫറിക്ക് ചെയ്യാനുള്ളത് എന്നിരിക്കെയാണ് ഇന്ത്യയുടെ സ്ഥിരം ഒത്തുകളിക്കാരന്‍ എന്ന് റമീസ് രാജ പൈക്രോഫ്റ്റിനെ വിശേഷിപ്പിച്ചത്. ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ ഗ്രൂപ്പ് മത്സരത്തില്‍ ടോസിനുശേഷം ഇന്ത്യന്‍ ക്യാപ്റ്റനുമായി ഹസ്തദാനം നടത്തരുതെന്ന് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയോട് നിര്‍ദേശിച്ച പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കില്‍ ഇന്നലെ നടന്ന യുഎഇക്കെതിരായ മത്സരത്തില്‍ നിന്നും ഏഷ്യാ കപ്പില്‍ നിന്നും പിന്‍മാറുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഭീഷണി മുഴക്കിയിരുന്നു. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഒരു മണിക്കൂര്‍ താമസിച്ചാണ് മത്സരം തുടങ്ങിയത്. യുഎഇയെ തകര്‍ക്ക പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലെത്തുകയും ചെയ്തു. സൂപ്പര്‍ ഫോറില്‍ ഞായറാഴ്ച ഇന്ത്യയുമായി പാകിസ്ഥാന് വീണ്ടും മത്സരിക്കാനിറങ്ങണം.