ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ നിര്‍ണായക ടോസ് ജയിച്ച് ഇന്ത്യ; ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു; ജസ്പ്രീത് ബുമ്രയും വരുണ്‍ ചക്രവര്‍ത്തിയും പ്ലേയിങ് ഇലവനില്‍; ഇത്തവണയും പാക്ക് നായകന് കൈകൊടുക്കാതെ സൂര്യകുമാര്‍

ഇത്തവണയും പാക്ക് നായകന് കൈകൊടുക്കാതെ സൂര്യകുമാര്‍

Update: 2025-09-21 14:19 GMT

ദുബായ്: ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ നിര്‍ണായക ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ രണ്ടു മാറ്റങ്ങളുണ്ട്. ജസ്പ്രീത് ബുമ്രയും വരുണ്‍ ചക്രവര്‍ത്തിയും പ്ലേയിങ് ഇലവനിലേക്കു തിരിച്ചെത്തി. അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയും പുറത്തിരിക്കും. ഗ്രൂപ്പ് ഘട്ടപോരാട്ടത്തില്‍ പാക്കിസ്ഥാനെ നേരിട്ട അതേ ടീമുമായാണ് ഇന്ത്യ സൂപ്പര്‍ ഫോറിലും ഇറങ്ങുന്നത്.

ഗ്രൂപ്പ് മത്സരത്തിലേതുപോലെ ടോസിനുശേഷം പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയുമായി ഹസ്തദാനത്തിന് ഇത്തവണയും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തയാറായില്ല. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ പാകിസ്ഥാനും രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. ഖുഷ്ദില്‍ ഷാക്കും ഹസന്‍ നവാസിനും പകരം ഹുസൈന്‍ തലാത്തും ഫഹീം അഷ്‌റഫും പാകിസ്ഥാന്റെ പ്ലേയിംഗ് ഇലവനിലെത്തി. ടോസ് നേടിയിരുന്നെങ്കില്‍ പാകിസ്ഥാനും ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ പറഞ്ഞു.

ഗ്രൂപ്പ് മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ടോസിനുശേഷവും മത്സരം പൂര്‍ത്തിയായപ്പോഴും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഇന്ത്യന്‍ ടീമും പാകിസ്ഥാന്‍ താരങ്ങള്‍ക്ക് കൈകൊടുത്തിരുന്നില്ല. ഇതിനെതിരേ പാകിസ്താന്‍ പരാതിയും ബഹിഷ്‌കരണതന്ത്രവും പ്രയോഗിച്ചെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല. ഇതോടെ കലങ്ങിമറിഞ്ഞ അവസ്ഥയിലാണ് ഇന്ത്യയും പാകിസ്ഥാനും വീണ്ടും കളിക്കാനിറങ്ങുന്നത്.

കളിക്കരുത്തിലും സമീപകാല ഫോമിലും പാക്കിസ്ഥാനെക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യ. ഗ്രൂപ്പ് മത്സരത്തില്‍ ബോളിങ്ങിലും ബാറ്റിങ്ങിലും സമഗ്രാധിപത്യം പുലര്‍ത്തിയ ഇന്ത്യ 7 വിക്കറ്റിന്റെ ആധികാരിക ജയമാണ് പാക്കിസ്ഥാനെതിരെ നേടിയത്. ഗ്രൂപ്പ് എയിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സൂപ്പര്‍ ഫോറില്‍ എത്തിയതെങ്കില്‍ രണ്ടു ജയവും ഒരു തോല്‍വിയുമാണ് പാക്കിസ്ഥാന്റെ അക്കൗണ്ടിലുള്ളത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും കളിച്ച അതേ പിച്ചില്‍ തന്നെയാണ് ഇന്നത്തെ മത്സരവും. മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഫിനിഷറുടെ റോളിലേക്ക് മടങ്ങുമ്പോള്‍ ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും തന്നെയാണ് ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവും പിന്നാലെ തിലക് വര്‍മയും എത്തും. അഞ്ചാം നമ്പറിലാണ് സഞ്ജു ബാറ്റിംഗിനിറങ്ങുക. പിന്നാലെ ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും അക്‌സര്‍ പട്ടേലും എത്തും.

അഭിഷേക് ശര്‍മ മുതല്‍ ശിവം ദുബെ വരെ നീളുന്ന പവര്‍ ഹിറ്റര്‍മാരാണ് ഇന്ത്യയുടെ ബാറ്റിങ് കരുത്ത്. ഗ്രൂപ്പ് മത്സരത്തിലൊന്നും ഇന്ത്യന്‍ ബാറ്റിങ്ങിന് കാര്യമായ വെല്ലുവിളി നേരിടേണ്ടി വന്നിട്ടില്ല. ഒമാനെതിരായ അവസാന മത്സരത്തില്‍ മാത്രമാണ് ഇന്ത്യന്‍ മധ്യനിരയ്ക്ക് ബാറ്റിങ്ങിന് അവസരം ലഭിച്ചത്. കഴിഞ്ഞ മത്സരത്തില്‍ വിശ്രമം അനുവദിച്ച പേസര്‍ ജസ്പ്രീത് ബുമ്രയും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ഇന്ന് ടീമില്‍ തിരിച്ചെത്തും. വരുണ്‍ കുല്‍ദീപ് യാദവ് സ്പിന്‍ ജോടിക്കൊപ്പം അക്ഷര്‍ പട്ടേല്‍ കൂടി ചേരുന്നതോടെ ബോളിങ് നിര ഭദ്രം.

ശരാശരിയില്‍ മാത്രം ഒതുങ്ങിയ ഗ്രൂപ്പ് ഘട്ട പ്രകടനങ്ങളില്‍ നിന്നു പുറത്തുവരാനാകും ഇന്നത്തെ മത്സരത്തില്‍ പാക്കിസ്ഥാന്റെ ശ്രമം. ആദ്യ 3 മത്സരത്തിലും പൂജ്യത്തിനു പുറത്തായ ഓപ്പണര്‍ സയിം അയൂബിന്റെ ഫോം അവരെ അലട്ടുന്നുണ്ട്. മധ്യനിരയില്‍ സ്ഥിരതയുള്ള ഒരു ബാറ്ററുടെ അഭാവവും ടീമിന് തലവേദനയാണ്. ബോളിങ്ങില്‍ പേസര്‍മാരായ ഹാരിസ് റൗഫും ഷഹീന്‍ അഫ്രീദിയും മികവു തെളിയിച്ചേ മതിയാകൂ. അബ്രാര്‍ അഹമ്മദ് നയിക്കുന്ന സ്പിന്‍ നിരയും ഇതുവരെ താളം കണ്ടെത്തിയിട്ടില്ല.

ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരേ ഏഴുവിക്കറ്റിന്റെ അനായാസജയം ഇന്ത്യ നേടിയിരുന്നു. അന്ന് പാക് ടീമിനെ കളിയുടെ എല്ലാമേഖലയിലും പിന്നിലാക്കിയാണ് സൂര്യകുമാര്‍ യാദവും സംഘവും ജയംനേടിയത്. 47 റണ്‍സുമായി പുറത്താകാതെനിന്ന സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ബാറ്റിങ്ങിന് ചുക്കാന്‍പിടിച്ചത്. കുല്‍ദീപ് യാദവ്-അക്‌സര്‍ പട്ടേല്‍-വരുണ്‍ ചക്രവര്‍ത്തി എന്നിവരടങ്ങുന്ന സ്പിന്‍ത്രയം പാക് ബാറ്റര്‍മാരെ വരച്ചവരയില്‍ നിര്‍ത്തുകയും ചെയ്തു. ടൂര്‍ണമെന്റില്‍ കളിക്കളത്തിലും പുറത്തും പാകിസ്ഥാന്‍ പ്രതിസന്ധിയിലാണ്. ഇനിയൊരു തോല്‍വി ടീമിനെ വലിയ കുഴപ്പത്തിലേക്ക് നയിക്കും.

ഇന്ത്യ പ്ലേയിങ് ഇലവന്‍ അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി

പാക്കിസ്ഥാന്‍ പ്ലേയിങ് ഇലവന്‍ സയിം അയൂബ്, സഹിബ്‌സദ ഫര്‍ഹാന്‍, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, സല്‍മാന്‍ ആഗ (ക്യാപ്റ്റന്‍), ഹസന്‍ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷറഫ്, ഷഹീന്‍ അഫ്രീദി, സുഫിയാന്‍ മുഖീം, അബ്രാര്‍ അഹമ്മദ്.

Similar News