അഭിഷേകിന് കുഴപ്പമൊന്നുമില്ല; ഹാര്‍ദിക്കിന്റെ കാര്യം ശനിയാഴ്ച പരിശോധനയ്ക്കു ശേഷം വിലയിരുത്തും; ഇന്ത്യന്‍ താരങ്ങളുടെ പരിക്കില്‍ പ്രതികരിച്ച് മോണി മോര്‍ക്കല്‍; പാകിസ്ഥാനെതിരായ ഫൈനലിനു മുമ്പ് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക

Update: 2025-09-27 05:15 GMT

ദുബായ്: പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് കലാശപ്പോരാട്ടം ഞായറാഴ്ച നടക്കാനിരിക്കെ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കയായി ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെയും പരിക്ക്. ശ്രീലങ്കയ്ക്കെതിരായ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെയാണ് ഇരുവര്‍ക്കും പരിക്കേറ്റത്. മത്സരം സൂപ്പര്‍ ഓവറില്‍ ജയിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചെങ്കിലും നിര്‍ണായക മത്സരത്തിനു മുമ്പ് പ്രധാന താരങ്ങള്‍ക്കേറ്റ പരിക്ക് ടീം ക്യാമ്പില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

അതേസമയം മത്സര ശേഷം ഇന്ത്യയുടെ ബൗളിങ് പരിശീലകന്‍ മോണി മോര്‍ക്കല്‍ ഇരുവരുടെയും പരിക്ക് സംബന്ധിച്ച പുതിയ വിവരങ്ങള്‍ പങ്കുവെച്ചു. അഭിഷേകിന് കുഴപ്പമൊന്നുമില്ലെന്നാണ് മോര്‍ക്കലിന്റെ വാക്കുകള്‍, എന്നാല്‍ ഹാര്‍ദിക്കിന്റെ കാര്യം ശനിയാഴ്ച നടക്കുന്ന പരിശോധനയ്ക്കു ശേഷമേ വിലയിരുത്തൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ ഫൈനല്‍ മത്സരത്തിനുള്ള ടീമില്‍ ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കൂ എന്നും മോര്‍ക്കല്‍ വ്യക്തമാക്കി.

ശ്രീലങ്കയ്ക്കെതിരേ ആദ്യ ഓവര്‍ എറിഞ്ഞ ശേഷം പേശീവലിവ് അനുഭവപ്പെട്ട ഹാര്‍ദിക് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയിരുന്നു. താരം പിന്നീട് ബൗള്‍ ചെയ്യാനെത്തിയിരുന്നില്ല. മറുവശത്ത് ഇന്ത്യന്‍ ബാറ്റിങ്ങിനിടെ ഒമ്പതാം ഓവറില്‍ വിക്കറ്റിനിടയിലെ ഓട്ടത്തിനിടെ അഭിഷേകിനും അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. വലതു കാലില്‍ പേശീവലിവ് അനുഭവപ്പെട്ട താരം വേദനകൊണ്ട് കാലില്‍ പിടിക്കുന്നതും കാണാമായിരുന്നു. പിന്നാലെ അദ്ദേഹം പുറത്താകുകയും ചെയ്തു. ശ്രീലങ്കന്‍ ഇന്നിങ്സില്‍ താരം ഫീല്‍ഡ് ചെയ്യാന്‍ എത്തിയതുമില്ല. ഇതോടെയാണ് ഇരുവരുടെയും പരിക്ക് ആശങ്കയ്ക്ക് ഇടയാക്കിയത്. അതേസമയം ഫൈനലിനു മുമ്പ് ഇന്ത്യ പരിശീലന സെഷനുകള്‍ നടത്തില്ലെന്നും എല്ലാ കളിക്കാര്‍ക്കും വിശ്രമം അനുവദിക്കാനാണ് തീരുമാനമെന്നും മോര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News