ദുബായില്‍ ഒരുക്കിയത് റണ്ണൊഴുകുന്ന പിച്ച്; ടോസ് നേടിയ സൂര്യകുമാര്‍ യാദവ് തിരഞ്ഞെടുത്തത് ബോളിങ്; ആദ്യം ബാറ്റ് ചെയ്യാന്‍ താല്‍പര്യമെന്ന് സല്‍മാന്‍ ആഗയും; ഇന്ത്യന്‍ നിരയില്‍ ഹാര്‍ദിക്കിനു പകരം റിങ്കു സിങ്; മാറ്റമില്ലാതെ പാക്കിസ്ഥാന്‍; കലാശപ്പോരിന്റെ ആവേശത്തില്‍ ആരാധകര്‍
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് കലാശപ്പോരിന്റെ ആവേശത്തില്‍ ആരാധകര്‍. ടോസ് നേടിയ ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിങിന് അയച്ചു. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കു പകരം റിങ്കു സിങ് ടീമിലെത്തി. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന ജസ്പ്രീത് ബുമ്രയും ശിവം ദുബെയും തിരിച്ചെത്തിയപ്പോള്‍ അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയും പുറത്തിരിക്കും. 41 വര്‍ഷം പഴക്കമുള്ള ഏഷ്യാ കപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനം നേര്‍ക്കുനേര്‍ വരുന്നത്. ഇന്ത്യ ഏഷ്യാകപ്പിലെ ഒന്‍പതാം കിരീടം ലക്ഷ്യമിടുമ്പോള്‍ പാക്കിസ്ഥാന്‍ മുന്‍പ് 2 തവണ ജേതാക്കളായിരുന്നു. ദുബായില്‍ നാളെ രാത്രി 8 മുതലാണ് മത്സരം. ടൂര്‍ണമെന്റില്‍ ഒരു മത്സരവും തോല്‍ക്കാതെയാണ് ഇന്ത്യ ഏഷ്യാ കപ്പിലെ ഫൈനല്‍ മത്സരത്തിനായി ഒരുങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും പാകിസ്താനെ തോല്‍പ്പിക്കാനായതിന്റെ ആത്മവിശ്വാസവും ടീമിനുണ്ട്. വെള്ളിയാഴ്ച ശ്രീലങ്കയ്‌ക്കെതിരായ ആവേശകരമായ മത്സരത്തിനു ശേഷം സൂപ്പര്‍ ഓവറില്‍ ജയം നേടാനായതും ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തും.
ടൂര്‍ണമെന്റിലെ ഗ്രൂപ്പ് റൗണ്ടില്‍ 7 വിക്കറ്റിനും സൂപ്പര്‍ ഫോറില്‍ 6 വിക്കറ്റിനും പാക്കിസ്ഥാനെതിരെ ആധികാരിക വിജയം നേടിയ ഇന്ത്യന്‍ ടീം ആത്മവിശ്വാസത്തില്‍ ബഹുദൂരം മുന്നിലാണ്. എന്നാല്‍ മേജര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെയുള്ള നേരിയ മുന്‍തൂക്കം പാക്കിസ്ഥാനു പ്രതീക്ഷയാണ്. 1985ലെ ബെന്‍സന്‍ ആന്‍ഡ് ഹെഡ്ജസ് ലോക ക്രിക്കറ്റ് ചാംപ്യന്‍ഷിപ് മുതല്‍ ഇരു ടീമുകളും ഏറ്റുമുട്ടിയത് 5 മേജര്‍ ഫൈനലുകളില്‍. അതില്‍ പാക്കിസ്ഥാന്‍ 3 മത്സരവും ഇന്ത്യ 2 മത്സരവും ജയിച്ചു. പാക്കിസ്ഥാന്‍ വിജയിച്ച 2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലായിരുന്നു അവസാനത്തേത്. 2007ലെ ട്വന്റി20 ലോകകപ്പ് ഫൈനലിലായിരുന്നു ഇന്ത്യയുടെ ഒടുവിലത്തെ വിജയം.
ഫൈനല്‍ മത്സരത്തിനായി ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്ന പിച്ചില്‍ ഇത്തവണ റണ്ണൊഴുകുമെന്നാണ് വിലയിരുത്തല്‍. ടൂര്‍ണമെന്റിലുടനീളം അബുദാബിയിലെ പിച്ചുകളെ അപേക്ഷിച്ച് ദുബായിലെ പിച്ചുകള്‍ പൊതുവെ വേഗം കുറഞ്ഞവയായിരുന്നു. അതിനാല്‍ത്തന്നെ ടോസ് നേടുന്ന ടീമുകള്‍ ഇവിടെ ബൗളിങ് തിരഞ്ഞെടുക്കാറായിരുന്നു പതിവ്. എന്നാല്‍, വെള്ളിയാഴ്ച ഇവിടെ നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരം ബാറ്റിങ് വിരുന്ന് കൊണ്ടാണ് ശ്രദ്ധേയമായത്. 20 ഓവറില്‍ ഇരു ടീമുകളും അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെന്ന നിലയിലായിരുന്നു. ഒടുവില്‍ സൂപ്പര്‍ ഓവറില്‍ അര്‍ഷ്ദീപ് സിങ്ങിന്റെ ബൗളിങ് മികവില്‍ മത്സരം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. അതിനാല്‍ത്തന്നെ ഫൈനല്‍ മത്സരത്തിലും സമാന തരത്തിലുള്ള പിച്ചായിരിക്കുമെന്നാണ് വിലയിരുത്തല്‍.
ദുബായില്‍ ഞായറാഴ്ച മഴകാരണം മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ റിസര്‍വ് ദിനത്തിലേക്ക് മത്സരം നീളും. അക്യുവെതര്‍ പ്രകാരം, ഞായറാഴ്ച ദുബായില്‍ മഴ പെയ്യാന്‍ സാധ്യതയില്ല. ഇപ്പോള്‍ നടക്കുന്ന ഏഷ്യാ കപ്പിലെ ഒരു മത്സരവും മഴ കാരണം ഉപേക്ഷിച്ചിട്ടില്ല. സെപ്റ്റംബര്‍ 29-ാം തീയതി റിസര്‍വ് ദിനമായി മാറ്റിവെച്ചിട്ടുണ്ട്. ഇനി ഞായറാഴ്ചയും റിസര്‍വ് ദിനമായ തിങ്കളാഴ്ചയും മഴ പെയ്ത് മത്സരം നടക്കാന്‍ സാധ്യതയില്ലാതിരിക്കുകയോ ഫലം കാണാതിരിക്കുകയോ ചെയ്താല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) നിയമപ്രകാരം, ഏഷ്യാ കപ്പ് കിരീടം ഇരു ഫൈനലിസ്റ്റുകളും പങ്കിടും. ഇതിനു മുമ്പ് ഏഷ്യാ കപ്പ് രണ്ട് ടീമുകള്‍ പങ്കിട്ടിട്ടില്ല.
പ്ലേയിങ് ഇലവന്‍
ഇന്ത്യ: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി.
പാക്കിസ്ഥാന്‍: സാഹിബ്സാദാ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സയിം അയൂബ്, സല്‍മാന്‍ ആഗ (ക്യാപ്റ്റന്‍), ഹുസൈന്‍ തലാത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്