ഇന്ത്യക്കാരനായ രവി ശാസ്ത്രിയോട് സംസാരിക്കില്ലെന്ന് പാകിസ്ഥാന്‍ ടീം; ടോസിന് മുമ്പ് വഖാര്‍ യൂനിസിനെ ഉള്‍പ്പെടുത്തി എസിസി; ഏഷ്യാകപ്പ് ഫൈനലിന് മുമ്പ് മൈതാനത്തും നാടകീയ നീക്കം
ദുബായ്: ഏഷ്യാകപ്പ് ഫൈനലില്‍ ടോസിന് മുമ്പ് മൈതാനത്ത് നാടകീയ സംഭവങ്ങള്‍. ഇന്ത്യ-പാകിസ്ഥാന്‍ നായകന്മാര്‍ മത്സരത്തിന്റെ ടോസിനായി മൈതാനത്തെത്തിയപ്പോള്‍ പതിവില്ലാതെ രണ്ട് കമന്റേറ്റര്‍മാരെ കണ്ട് ഞെട്ടിയത് ആരാധകരായിരുന്നു. മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രിയും മുന്‍ പാക് താരം വഖാര്‍ യൂനിസുമാണ് ടോസിന്റെ സമയത്ത് ക്യാപ്റ്റന്‍മാരുമായി സംസാരിക്കാനെത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം.
ഫൈനല്‍ മത്സരത്തിന്റെ ടോസിന്റെ സമയത്ത് ക്യാപ്റ്റന്‍മാരുമായി സംസാരിക്കാന്‍ രവി ശാസ്ത്രിയെയാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ഔദ്യോഗികമായി നിയോഗിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇന്ത്യക്കാരനായ ശാസ്ത്രിക്ക് പകരം ഒരു നിഷ്പക്ഷ അവതാരകനെ വേണമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി), എസിസിയോട് ആവശ്യപ്പെടുകയായിരുന്നു. എസിസി ഇക്കാര്യം ബിസിസിഐയെ അറിയിച്ചു. എന്നാല്‍, ശാസ്ത്രിയെ മാറ്റില്ലെന്ന് ബിസിസിഐ നിലപാടെടുത്തതോടെയാണ് ഒരു പാകിസ്ഥാന്‍ അവതാരകനെ കൂടി ടോസിന്റെ സമയത്ത് ഉള്‍പ്പെടുത്താന്‍ എസിസി തീരുമാനിച്ചത്. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാറിന്റെ അഭിമുഖം ശാസ്ത്രിയും പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയുടെ അഭിമുഖം വഖാര്‍ യൂനിസും നടത്തുകയായിരുന്നു.