ഏഷ്യാകപ്പിലെ ബാറ്റിങ് വെടിക്കെട്ട്; പവര്‍പ്ലേ പവറാക്കുന്ന അഭിഷേക് സെലക്ടര്‍മാരുടെ റഡാറില്‍; ഏകദിനത്തില്‍ രോഹിതിന്റെ പകരക്കാരനെ കണ്ടെത്തിക്കഴിഞ്ഞു; 2027ലെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ 'മുന്‍ നായകന്' ഇടമില്ല; കോലിയുടെ സ്ഥാനവും തുലാസില്‍; സൂചന നല്‍കി ബിസിസിഐ വൃത്തങ്ങള്‍

Update: 2025-10-06 12:44 GMT

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഓപ്പണറായി നിലനിര്‍ത്തിയെങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയതോടെ രോഹിത് ശര്‍മയുടെ ടീമിലെ ദിനങ്ങള്‍ എണ്ണപ്പെട്ടതായി വിലയിരുത്തല്‍. 2027ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാകില്ലെന്ന സൂചനകള്‍ ബിസിസിഐ വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളുമായി പങ്കുവച്ചുകഴിഞ്ഞു. രോഹിത് ശര്‍മയും വിരാട് കോലിയും കരിയറിന്റെ അവസാന നാളുകളിലാണുള്ളതെന്നും മാസങ്ങള്‍ക്കുള്ളില്‍ ഇരുവരും വിരമിക്കല്‍ പ്രഖ്യാപിക്കുകയോ ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുകയോ ചെയ്യുമെന്നാണ് ബിസിസിഐ കരുതുന്നതെന്നും ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ടെസ്റ്റില്‍നിന്നും ട്വന്റി20യില്‍നിന്നും വിരമിച്ച മുപ്പത്തെട്ടുകാരനായ രോഹിത് ശര്‍മ ഇനിയെത്രകാലം ഏകദിന കുപ്പായത്തില്‍ തുടരുമെന്ന് ഉറപ്പില്ല. 2027ല്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് സൂചന. വിരാട് കോലിക്കും സമാന സാഹചര്യമാണ്. എന്നാല്‍ യുവനിരയ്ക്ക് വഴിമാറി കൊടുക്കാന്‍ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടാല്‍ ഇൗ മോഹം നടക്കില്ല. കോലിയുടെ പിന്‍ഗാമിയായി 2021ലാണ് രോഹിത് ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി ചുമതലയേറ്റത്. ഇതിന് മുമ്പ് 2018ല്‍ താല്‍ക്കാലിക നായകനായി ഏഷ്യന്‍ കപ്പ് കിരീടം നേടിയിരുന്നു. 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ റണ്ണറപ്പാക്കി. അതേവര്‍ഷം ഏഷ്യാ കപ്പും ചൂടി. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലും ജേതാക്കളാക്കി. ആകെ 56 മത്സരങ്ങളില്‍ നയിച്ചു. 42ലും ജയിച്ചു. 12 തോല്‍വി. ഒരു സമനിലയും മറ്റൊന്ന് ഫലമില്ലാതാവുകയും ചെയ്തു.

ചാമ്പ്യന്‍സ് ട്രോഫി നേടി ഏഴ് മാസത്തിനകം രോഹിത്തിനെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കിയതിലൂടെ സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന സന്ദേശം വ്യക്തമാണെന്നും ഒന്നുകില്‍ മികവ് കാട്ടുക അല്ലെങ്കില്‍ പുറത്തുപോവുക എന്നാണ് സെലക്ടര്‍മാര്‍ ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഴ്ചകള്‍ക്ക് മുമ്പെ ഗില്ലിന്റെ സ്ഥാനാരോഹണം സംബന്ധിച്ച് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും പദ്ധതി തയാറാക്കിയിരുന്നുവെന്നും ഇംഗ്ലണ്ടില്‍ ടെസ്റ്റ് ക്യാപ്റ്റനായി ഗില്‍ തിളങ്ങിയതോടെ അവര്‍ തീരുമാനം ഒന്നുകൂടി ഉറപ്പിച്ചുവെന്നും ഒടുവില്‍ ബിസിസിഐ ഉന്നതരും ഇക്കാര്യം അംഗീകരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യം രോഹിത്തിനെ നേരത്തെ അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2027ലെ ഏകദിന ലോകകപ്പ് സമയത്ത് 39 വയസാകുന്ന വിരാട് കോലിയും സെലക്ടര്‍മാരുടെ പ്ലാനിലുള്ള താരമല്ലെന്നും ടെസ്റ്റില്‍ നിന്നും ടി20യില്‍ നിന്നും വിരമിച്ചതിനാല്‍ ഏകദിനത്തില്‍ മാത്രം തിളങ്ങുക ഇരുവര്‍ക്കും ബുദ്ധിമുട്ടാവുമെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിലക് വര്‍മ, അഭിഷേഷേക് ശര്‍മ യശസ്വി ജയ്‌സ്വാള്‍ തുടങ്ങിയ യുവതാരങ്ങളുടെ ഉയര്‍ച്ചയും കടുത്ത തീരുമാനമെടുക്കാന്‍ ബിസിസിഐക്ക് കരുത്തായി. ഇതില്‍ ഏകദിനങ്ങളില്‍ രോഹിത്തിന്റെ പിന്‍ഗാമിയായി അഭിഷേക് ശര്‍മയെ ആണ് സെലക്ടര്‍മാര്‍ കാണുന്നതെന്നും വൈകാതെ രോഹിത്തിന് പകരക്കാരനായി അഭിഷേക് ഏകദിനങ്ങളിലും ഓപ്പണറാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യാകപ്പിലെ മിന്നും പ്രകടനം അഭിഷേകിന് ഏകദിന ക്രിക്കറ്റിലേക്കുള്ള വഴി തുറക്കുമെന്നാണ് സൂചന. പവര്‍പ്ലേയില്‍ തകര്‍ത്തടിക്കുന്ന അഭിഷേക് ഏകദിനങ്ങളില്‍ 10 ഓവറില്‍ കൂടുതല്‍ ക്രീസില്‍ നിന്നാല്‍ രോഹിത്തിനെക്കാള്‍ മികച്ച തുടക്കം നല്‍കാനാവുമെന്നാണ് സെലക്ടര്‍മാര്‍ വിലയിരുത്തുന്നത്. ഓസ്‌ട്രേലിയക്കും ന്യൂസിലന്‍ഡിനും ദക്ഷിണാഫ്രിക്കക്കുമെതിരെ വരാനിരിക്കുന്ന പരമ്പരകളാകും കോലിയുടെയും രോഹിത്തിന്റെയും ഭാവിയില്‍ നിര്‍ണായകമാകുക. ഏഴുമാസത്തിനുശേഷമാണ് രോഹിതും കോഹ്ലിയും ഇന്ത്യക്കായി കളിക്കാനെത്തുന്നത്. ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സരം കഴിഞ്ഞാല്‍ അടുത്ത മൂന്ന് മാസങ്ങളിലായി ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡുമായും ഇന്ത്യക്ക് ഏകദിന പരമ്പരയുണ്ട്.

Tags:    

Similar News