അഞ്ച് വിക്കറ്റുമായി എം ഡി നിതീഷ്; ബേസിലിന് മൂന്ന്; രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയെ എറിഞ്ഞിട്ട് കേരളം; സന്ദര്‍ശകരുടെ ഇന്നിംഗ്സ് 239ന് അവസാനിച്ചു; കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടമായി
തിരുവനന്തപുരം: രഞ്ജിട്രോഫി ക്രിക്കറ്റില്‍ കേരള പേസര്‍മാരായ എം.ഡി. നിധീഷിന്റെയും എന്‍.പി. ബേസിലിന്റെയും തീപാറുന്ന ബൗളിങ്ങിനു മുന്നില്‍ പതറിവീണ് മഹാരാഷ്ട്ര. സന്ദര്‍ശകര്‍ 239 റണ്‍സിന് പുറത്തായി. നിധീഷ് അഞ്ചും ബേസില്‍ മൂന്നും വിക്കറ്റുകള്‍ സ്വന്തമാക്കി. ഏദന്‍ ആപ്പിള്‍ ടോമും അങ്കിത് ശര്‍മയും ഓരോ വിക്കറ്റും സ്വന്തമാക്കി.
ഏഴുവിക്കറ്റിന് 179 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച മഹാരാഷ്ട്രയ്ക്ക് ഇന്ന് 60 റണ്‍സ് മാത്രമേ ചേര്‍ക്കാനായുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയിലാണ്. അക്ഷയ് ചന്ദ്രനും (0) ബാബ അപരാജിതുമാണ് (6) പുറത്തായത്.
തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റ് നേടിയ എം ഡി നിധീഷാണ് തകര്‍ത്തത്. എന്‍ പി ബേസില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ ദിനം ഒരു ഘട്ടത്തില്‍ അഞ്ചിന് 18 റണ്‍സെന്ന നിലയില്‍ തകര്‍ന്ന മഹാരാഷ്ട്രയെ ഋതുരാജ് ഗെയ്കവാദിന്റെ (91) ഇന്നിംഗ്‌സാണ് രക്ഷിച്ചത്. മുന്‍ കേരള താരം ജലജ് സക്‌സേന 49 റണ്‍സെടുത്തു. രണ്ടാം ദിനം മഴയെ തുടര്‍ന്ന് ആദ്യ സെഷന്‍ നഷ്ടമായിരുന്നു. ലഞ്ചിന് ശേഷമാണ് രണ്ടാം ദിനം ആരംഭിച്ചത്.
ആദ്യ ദിനം 59 ഓവറുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നത്. ഏഴിന് 179 റണ്‍സെന്ന നിലയിലാണ് മഹാരാഷ്ട്ര ഇന്ന് ബാറ്റിംഗിനെത്തിയത്. ഇന്ന് വിക്കി ഒസ്ത്വാള്‍ (38) രാമകൃഷ്ണ ഘോഷ് (31) എന്നിവര്‍ കൂട്ടിചേര്‍ത്ത 59 റണ്‍സാണ് സ്‌കോര്‍ 200 കടത്തിയത്. ഘോഷിനെ പുറത്താക്കി അങ്കിത് ശര്‍മയാണ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ രജനീഷ് ഗുര്‍ബാനിയെ പുറത്താക്കി നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. ഒസ്ത്വാളിനെ ബേസിലും പുറത്താക്കിയതോടെ മഹാരാഷ്ട്രയുടെ ഇന്നിംഗ്സ് അവസാനിച്ചു. മുകേഷ് ചൗധരി (0) പുറത്താവാതെ നിന്നു.
ആദ്യദിനം തകര്‍ച്ചയോടെയായിരുന്നു മഹാരാഷ്ട്രയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് ചേര്‍ക്കും മുമ്പെ മൂന്ന് വിക്കറ്റുകള്‍ മഹാരാഷ്ട്രയ്ക്ക് നഷ്ടമായി. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ പൃഥ്വി ഷായെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കി നീധീഷ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. തൊട്ടടുത്ത പന്തില്‍ സിദ്ധേഷ് വീറിനെ (0) ഗോള്‍ഡന്‍ ഡക്കാക്കി. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ (0) ബേസിലും മടക്കി. ഇതോടെ റണ്‍സെടുക്കും മുമ്പ് മൂന്ന് വിക്കറ്റുകള്‍ സന്ദര്‍ശകര്‍ക്ക് നഷ്ടമായി. ക്യാപ്റ്റന്‍ അങ്കിത് ബാവ്‌നെ കൂടി പൂജ്യത്തിന് മടങ്ങിയതോടെ അഞ്ച് റണ്‍സിനിടെ നാല് വിക്കറ്റുകള്‍ മഹാരാഷ്ട്രയ്ക്ക് നഷ്ടമായി. ബേസിലിന്റെ തന്നെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.
സ്‌കോര്‍ബോര്‍ഡില്‍ 18 റണ്‍സുള്ളപ്പോള്‍ സൗരഭ് നവാലെ (12) കൂടി മടങ്ങിയതോടെ മഹാരാഷ്ട്രയുടെ നില ദയനീയമായി. നിധീഷിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു നവാലെ. തുടര്‍ന്ന് ഏഴാം വിക്കറ്റില്‍ റുതുരാജ് - ജലജസ് സഖ്യം 122 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് മഹാരാഷ്ട്രയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് നിന്ന് രക്ഷിച്ചത്. എന്നാല്‍ ആദ്യ ദിനം ചായക്ക് തൊട്ടു മുമ്പ് ജലജിനെ പുറത്താക്കി, നിധീഷ് കൂട്ടുകെട്ട് പൊളിച്ചു. ചായക്ക് ശേഷം സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന റുതുരാജിനെ (91) ഏദന്‍ ആപ്പിള്‍ ടോം വീഴ്ത്തിയതോടെ കേരളം വീണ്ടും കളിയുടെ നിയന്ത്രണമേറ്റെടുത്തു. 11 ബൗണ്ടറികള്‍ പായിച്ച ഗെയ്കവാദ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.