ഗിത്താര്‍ വായിച്ച് പാട്ടും പാടി പൊട്ടിച്ചിരിക്കുന്ന ക്രിക്കറ്റ് താരം; റീല്‍സെടുക്കാതെ റണ്‍സെടുത്ത് കാണിക്ക് എന്ന് വിമര്‍ശനം; കടുത്ത സമ്മര്‍ദ്ദത്തിലും ബാറ്റ് കൊണ്ട് ജെമീമയുടെ മറുപടി; അന്ന് ലോകകപ്പ് ടീമിന് മുംബൈയില്‍ വരവേല്‍പ്പ് നല്‍കാന്‍ കാത്തുനിന്നവള്‍; ലോര്‍ഡ്‌സില്‍ പൊലിഞ്ഞ സ്വപ്‌നം ഇത്തവണ പൂവണിയുമോ? ആ ഗിറ്റാര്‍ സെലിബ്രേഷന്‍ ഒരിക്കല്‍കൂടി കാണാന്‍ മോഹിച്ച് ആരാധകര്‍
ആ ഗിറ്റാര്‍ സെലിബ്രേഷന്‍ ഒരിക്കല്‍കൂടി കാണാന്‍ മോഹിച്ച് ആരാധകര്‍
നവിമുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയെ വീഴ്ത്തി ഇന്ത്യ ഫൈനല്‍ ടിക്കറ്റെടുത്ത വിജയനിമിഷത്തില്‍ ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും ആവേശത്തോടെ ഏറ്റെടുത്തത് ആരാധകര്‍ക്കുനേരെ തിരിഞ്ഞ് ജെമീമ റോഡ്രിഗസ് നടത്തി ഗിറ്റാര്‍ സെലിബ്രേഷന്‍ ആയിരുന്നു. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് ഒപ്പം ജെമീമ പടുത്തുയര്‍ത്തിയ 167 റണ്‍സിന്റെ കൂട്ടുകെട്ടായിരുന്നു ഇന്ത്യയുടെ ജയം ഉറപ്പിച്ചത്. ഒടുവില്‍ കളിയിലെ താരമായി ജെമീമയുടെ പേര് പ്രഖ്യാപിച്ചപ്പോള്‍ സ്റ്റേഡിയത്തില്‍ മുഴങ്ങിയ ജെമീമ വിളികള്‍ക്കൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍. ആവേശത്തോടെ ആ പേര് ഉറക്കെ വിളിക്കാന്‍ ആവശ്യപ്പെട്ട് സ്മൃതി മന്ദാന. കണ്ണീരോടെ പ്ലേയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം സ്വീകരിച്ചശേഷം ജെമി..ജെമി എന്ന് ആവേശത്തോടെ ആര്‍ത്തുവിളിച്ച ഇന്ത്യന്‍ താരങ്ങള്‍ക്കുനേരെ ചിരിയോടെ നടന്നടുത്ത ജെമീമ. പിന്നാലെയായിരുന്നു ആരാധകര്‍ക്കുനേരെ തിരിഞ്ഞ് ജെമീമമയുടെ ഗിറ്റാര്‍ സെലിബ്രേഷന്‍.
അമന്‍ജ്യേത് കൗറിന്റെ വിജയറണ്‍ പിറന്നപ്പോള്‍ ഡഗ് ഔട്ടില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ആവേശത്തോടെ ഓടിയെത്തിയവരില്‍ സൂപ്പര്‍താരം സ്മൃതി മന്ദാന മുതല്‍ ഇന്ത്യന്‍ പരിശീലകന്‍ അമോല്‍ മജൂംദാര്‍ വരെയുണ്ടായിരുന്നു. അമന്‍ജ്യോത് വിജയറണ്‍ കുറിച്ചതിന് പിന്നാലെ ഗ്രൗണ്ടില്‍ മുട്ടുകുത്തി വിങ്ങിപ്പൊട്ടിയ ജെമീമ റോഡ്രിഗസിന് മുകളില്‍ ഓടിയെത്തിയ ഇന്ത്യന്‍ താരങ്ങള്‍ ആവേശക്കൊടുമുടി തീര്‍ത്തു. സ്മൃതിയും അമോല്‍ മജൂംദാറും ഇന്ത്യന്‍ താരങ്ങളുമെല്ലാം ജെമീമയെ വാരിപ്പുണര്‍ന്നു. സഹതാരങ്ങളുടെ ആലിംഗനത്തിലും ജെമീമയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകകയായിരുന്നു. പിന്നീട് ആരാധകര്‍ക്ക് ഫ്‌ലയിംഗ് കിസ് നല്‍കി ഡഗ് ഔട്ടിലേക്ക് നടന്ന ജെമീമയെ ഓടിയെത്തി വാരിപ്പുണര്‍ന്നത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതായിരുന്നു.
വനിതാ ലോകകപ്പ് ഫൈനലിലേക്ക് റെക്കോര്‍ഡ് റണ്‍ ചേസോടെ ഇന്ത്യന്‍ ടീമിനെ എത്തിച്ചതില്‍ അഭിനന്ദന പ്രവാഹങ്ങള്‍ക്ക് നടുവിലാണ് നിലവില്‍ ജമിമ റോഡ്രിഗസ്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് വരെ ഇതായിരുന്നില്ല സ്ഥിതി. ഈ ലോകകപ്പിന്റെ തുടക്കത്തില്‍ ജമിമയുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ശ്രീലങ്കയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ പൂജ്യത്തിന് പുറത്തായി. എക്‌സ്ട്രാ ബോളറെ ഇന്ത്യന്‍ ടീമിന് വേണ്ടപ്പോഴെല്ലാം ജമിമയ്ക്ക് ബെഞ്ചിലായിരുന്നു സ്ഥാനം.ന്യൂസീലാന്‍ഡിനെതിരെ മൂന്നാം നമ്പറില്‍ ഇറങ്ങിയ ജമിമ അര്‍ധസെഞ്ചറിയോടെ ഫോമിലേക്ക് മടങ്ങിയെത്തി. ഇന്നലെ 'കുളിച്ച് കൊണ്ടിരുന്നപ്പോഴാണ് മൂന്നാം നമ്പറില്‍ ഇറങ്ങേണ്ടി വരുമെന്ന് അറിഞ്ഞ'തെന്നായിരുന്നു അന്ന് മല്‍സര ശേഷം താരം വെളിപ്പെടുത്തിയത്.
കടുത്ത വിമര്‍ശനങ്ങളുടെയും പരിഹാസത്തിന്റെയും പരാജയങ്ങളുടെയും സൈബര്‍ ആക്രമണങ്ങളുടെയും കഥയാണ് ജമിമയ്ക്ക് പറയാനുള്ളത്. സോഷ്യല്‍ മീഡിയ ക്രിക്കറ്റര്‍ എന്നാക്ഷേപിച്ചവര്‍ ഇനിയെന്ത് പറയും? ഗിത്താര്‍ വായിച്ച് പാട്ടും പാടി പൊട്ടിച്ചിരിക്കുന്ന റീല്‍സിട്ട് നടന്ന ജമിമ സമൂഹമാധ്യമങ്ങളില്‍ നേരിട്ട വിമര്‍ശനങ്ങള്‍ ചെറുതല്ല. കായികതാരങ്ങള്‍ ഇങ്ങനെ ചിരിച്ച് മറിഞ്ഞ് നടക്കേണ്ടവരല്ല, റീല്‍സെടുക്കാതെ റണ്‍സെടുത്ത് കാണിക്ക് എന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ ആക്ഷേപങ്ങളില്‍ പ്രധാനം. ടീം തോല്‍ക്കുമ്പോഴും ജമിമയെ ചിരിച്ച മുഖത്തോടെ കാണുന്നുവെന്നായിരുന്നു മറ്റൊരു വിമര്‍ശനം. സന്തോഷമുള്ള മുഖഭാവവുമായി പൊതുവിടത്തില്‍ പ്രത്യക്ഷപ്പെടുന്നത് ശരിയല്ലെന്നെല്ലാം ആളുകള്‍ വിധിയെഴുതി.
എല്ലാ വിമര്‍ശനങ്ങള്‍ക്കും ജമിമയുടെ ബാറ്റ് മറുപടി പറഞ്ഞ ദിവസമായിരുന്നു ഇന്നലെ. 134 പന്തില്‍ 127 റണ്‍സുമായി ഡി.വൈ.പാട്ടീല്‍ സ്റ്റേഡിയത്തില്‍ ജമിമ നിറഞ്ഞു. വനിതാ ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ ചേസ്. അതും ഏഴുതവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ. കടുത്ത സമ്മര്‍ദത്തെ അലിയിച്ച് കളഞ്ഞ് ജമിമയുടെ ബാറ്റില്‍ നിന്നും പിറന്നത് 14 ഉഗ്രന്‍ ഫോറുകളാണ്. ജയം അസാധ്യമെന്ന് കരുതിയിരുന്നവരെയും ആഘോഷം തുടങ്ങിയ ഓസീസ് ഡ്രസിങ് റൂമിനെയും ഞെട്ടിച്ച് ഒന്‍പത് പന്ത് ബാക്കി നില്‍ക്കെ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 339 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യ മറികടന്നു. റീല്‍സെടുക്കാന്‍ മാത്രമല്ല, അതേ താളത്തില്‍ റണ്‍സടിക്കാനും അറിയാമെന്ന് താരം തെളിയിച്ചു.
2017 ല്‍ സൗരാഷ്ട്രയ്‌ക്കെതിരെ നേടിയ ഇരട്ട സെഞ്ചറി 2018 ല്‍ ജമിമയെ ഇന്ത്യന്‍ ടീമിലെത്തിച്ചു. ട്വന്റി 20യില്‍ 2018 ഫെബ്രുവരിയിലും മാര്‍ച്ചില്‍ ഏകദിനത്തിലും താരം അരങ്ങേറി. 57 ഏകദിനങ്ങളില്‍ നിന്നായി 1598 റണ്‍സാണ് താരം ഇതുവരെ നേടിയത്. 112 ട്വന്റി20കളില്‍ നിന്ന് 2375 റണ്‍സും ജമിമ നേടിയിട്ടുണ്ട്.
വനിതാ ലോകകപ്പ് സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ രണ്ടാമത്തെ ഫൈനലിന് യോഗ്യത നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. 2017ലാണ് ഇതിന് മുമ്പ് ഇന്ത്യ വനിതാ ഏകദിന ലോകകപ്പില്‍ ഫൈനല്‍ കളിച്ചത്.അന്ന് ഫൈനലില്‍ വിജയത്തിന് അടുത്തെത്തി ഇംഗ്ലണ്ടിനോട് തോറ്റു. 2017 ലോകകപ്പ് ഫൈനലോളമെത്തിയ ഇന്ത്യന്‍ വനിതാ ടീമിന് മുംബൈയില്‍ സ്വീകരണമൊരുക്കിയപ്പോള്‍ വിമാനത്താവളത്തില്‍ കാത്തുനിന്നവരില്‍ പതിനാറുകാരി ജമിമയുമുണ്ടായിരുന്നു. അത്തവണ ലോര്‍ഡ്‌സില്‍ പൊലിഞ്ഞ ലോകകപ്പ് സ്വപ്നത്തിന് നിറം പകരാന്‍ ഇക്കുറി ജമിമയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വീണ്ടും ഒരിക്കല്‍ കൂടി ആ ഗിറ്റാര്‍ സെലിബ്രേഷന്‍ ഒരിക്കല്‍ കൂടി കാണണം ആരാധകര്‍ക്ക്.....
