'ഇന്ത്യ ലോകകപ്പ് നേടിയാല്‍, ഞാനും ജമീമയും ചേര്‍ന്ന് ഒരു ഗാനം ആലപിക്കും; അവളുടെ കൈയില്‍ ഗിറ്റാറുണ്ടാകും; ഞാന്‍ അവള്‍ക്കൊപ്പം ഡ്യുയറ്റ് പാടും'; പ്രശംസിച്ച് സുനില്‍ ഗാവസ്‌കര്‍

Update: 2025-10-31 12:26 GMT

മുംബൈ: വനിത ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ കടന്നതിന് പിന്നാലെ ഇന്ത്യന്‍ താരം ജെമീമ റോഡ്രിഗ്സിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. ഇന്ത്യ വനിതാ ലോകകപ്പ് കിരീടം നേടിയാല്‍ ജെമീമ റോഡ്രിഗസുമായി ഡ്യുയറ്റ് ഗാനം അവതരിപ്പിക്കുമെന്ന് ഗാവസ്‌കര്‍ പറഞ്ഞു. രണ്ട് വര്‍ഷംമുന്‍പ് ബിസിസിഐയുടെ ഒരു പുരസ്‌കാരദാനച്ചടങ്ങില്‍ തങ്ങള്‍ ഡ്യുയറ്റ് നടത്തിയിരുന്നു. ഇന്ത്യ വിജയിക്കുകയാണെങ്കില്‍ അത് വീണ്ടും ചെയ്യാന്‍ ആഗ്രഹമുണ്ട്. ഈ പ്രായമായ ആളോടൊപ്പം ജെമീമ അതിന് തയ്യാറാണെങ്കില്‍ താനും തയ്യാറാണെന്നും ഗാവസ്‌കര്‍ പറഞ്ഞു.

'ഇന്ത്യ ലോകകപ്പ് നേടിയാല്‍ അവള്‍ക്ക് സമ്മതമാണെങ്കില്‍ അവളും ഞാനും ഒരുമിച്ച് ഒരു ഗാനമാലപിക്കും. അവളുടെ കൈയില്‍ ഗിറ്റാറുണ്ടാകും. ഞാന്‍ ഒപ്പം പാടും. രണ്ടുവര്‍ഷംമുന്‍പ് ബിസിസിഐയുടെ ഒരു പുരസ്‌കാരദാനച്ചടങ്ങില്‍ ഞങ്ങളിത് ചെയ്തതാണ്. അവിടെ ഒരു ബാന്‍ഡ് സംഗീതം അവതരിപ്പിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ അവര്‍ക്കൊപ്പം ചേരാന്‍ തീരുമാനിച്ചു. അവള്‍ ഗിറ്റാര്‍ വായിച്ചു. ഉള്ള ശബ്ദത്തില്‍ ഞാന്‍ പാടി. എന്നാല്‍, ഇന്ത്യ വിജയിക്കുകയാണെങ്കില്‍ എനിക്കിത് വീണ്ടും ചെയ്യാന്‍ ആഗ്രഹമുണ്ട്. ഈ പ്രായമായ ആളോടൊപ്പം അവള്‍ക്കതിന് സന്തോഷമാണെങ്കില്‍ ഞാനും പാടാന്‍ തയ്യാറാണ്', ഗാവസ്‌കര്‍ ആഗ്രഹം പറഞ്ഞു.

ബാറ്റിങ്ങില്‍ മാത്രമല്ല, ഫീല്‍ഡിങ്ങിലും ജെമീമ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും ഗാവസ്‌കര്‍ പറഞ്ഞു. സെമീഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ 134 പന്തില്‍ നിന്ന് 127 റണ്‍സ് നേടി മികച്ച ഇന്നിങ്സ് കാഴ്ചവെച്ചാണ് ജമീമ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായത്.

ജെമീമയുടെ ഫീല്‍ഡിങ് മികവിനെയും ഗാവസ്‌കര്‍ പ്രശംസിച്ചു. 'ജെമീമയുടെ ഫീല്‍ഡിങ്ങിലെ സംഭാവന ഓസ്ട്രേലിയയെ 350 റണ്‍സിനുളളില്‍ ഒതുക്കുന്നതില്‍ സഹായിച്ചു. ഫീല്‍ഡിങ്ങില്‍ താരം രണ്ട് മികച്ച റണ്‍ ഔട്ടുകള്‍ നല്‍കി. ബാറ്റിങ്ങിലെ ഇന്നിങ്സിനെക്കുറിച്ച് വാചാലരാകുമ്പോള്‍, ഫീല്‍ഡിങ്ങിലെ താരത്തിന്റെ സംഭാവനകള്‍ മറക്കരുത്. വിദേശ ലീഗുകളില്‍ കളിച്ചിട്ടുള്ള താരത്തിന് മികച്ച അനുഭവ പരിചയമുണ്ട്. ബിഗ് ബാഷിലും ഹണ്ട്രഡിലും ജെമീമയ്ക്ക് എങ്ങനെ ഇന്നിങ്സ് പടുത്തുയര്‍ത്തണമെന്ന് അറിയമെന്നും ഗാവസ്‌കര്‍ പറഞ്ഞു.

ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീം 2025 വനിതാ ലോകകപ്പ് നേടിയാല്‍ ജെമീമ റോഡ്രിഗസിനൊപ്പം ഒരു ഡ്യുയറ്റ് അവതരിപ്പിക്കുമെന്നും സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. 2024 ലെ ബിസിസിഐ അവാര്‍ഡ് ദാന ചടങ്ങില്‍ ഗാവസ്‌കറും ജെമീമയും 'ഹം കിസിസെ കം നഹീന്‍' എന്ന ജനപ്രിയ ചിത്രത്തിലെ 'ക്യാ ഹുവാ തേരാ വാഡ' ഗാനം അവതരിപ്പിച്ചിരുന്നു.

സെമി ഫൈനലില്‍ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ റെക്കോഡ് റണ്‍ ചെയ്സ് ചെയ്താണ് ഫൈനലില്‍ പ്രവേശിച്ചത്. 339 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, ഒന്‍പത് പന്തുകള്‍ ബാക്കിനില്‍ക്കേ വിജയിച്ചു. ജെമീമ തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ 127 റണ്‍സാണ് നേടിയത്. 134 പന്തില്‍ 14 ഫോറുകള്‍ നിറഞ്ഞതായിരുന്നു ഇന്നിങ്സ്. മത്സരാനന്തരം പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അത്യന്തം വികാരവായ്പുകളോടെയായിരുന്നു ജെമീമ ടീമിന്റെ വിജയമാഘോഷിച്ചത്. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറുമായി ചേര്‍ന്ന് 167 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതും ഇന്ത്യന്‍ ജയത്തില്‍ അതിനിര്‍ണായകമായി.

Tags:    

Similar News