ഋഷഭ് പന്ത് തിരിച്ചെത്തി; സര്‍ഫറാസിനും രജത് പാട്ടീദാറിനും ഇടമില്ല; സ്ഥാനം നിലനിര്‍ത്തി സായ് സുദര്‍ശനും ദേവ്ദത്ത് പടിക്കലും; ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഏകദിനത്തിനുള്ള ഇന്ത്യ എ ടീമിലും സഞ്ജുവിന് ഇടമില്ല; തിലക് വര്‍മ ക്യാപ്റ്റന്‍

Update: 2025-11-05 13:31 GMT

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെയും പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ടെസ്റ്റ് ടീമില്‍ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച പേസര്‍ ആകാശ് ദീപും ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തിയപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടിയ രജത് പാട്ടീദാറെയും സര്‍ഫറാസ് ഖാനെയും ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല.

ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനായി തുടരുമ്പോള്‍ യശസ്വി ജയ്‌സ്വാള്‍ ഓപ്പണറായി തിരിച്ചെത്തിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച ധ്രുവ് ജുറെല്‍ ആണ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍. വിന്‍ഡീസിനതിരായ പരമ്പരയില്‍ കളിച്ച സായ് സുദര്‍ശനും മലയാളി താരം ദേവ്ദത്ത് പടിക്കലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.

ശുഭ്മന്‍ ഗില്‍ നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.പേസര്‍മാരായി ആകാശ് ദീപിനൊപ്പം ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാണുള്ളത്. ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലുണ്ട്. വെസ്റ്റ് ഇന്‍ഡീസ് പരമ്പര കളിച്ച ഇന്ത്യന്‍ ടീമില്‍ നിന്ന് കാര്യമായ മാറ്റങ്ങില്ലാതെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയും കളിക്കുക. നവംബര്‍ 14 മുതലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് ആരംഭിക്കുക. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം ആദ്യ മത്സരത്തിന് വേദിയാകും. നവംബര്‍ 22 മുതല്‍ 26 വരെ അസാമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് നടക്കുക. ഇതാദ്യമായാണ് ഗുവാഹത്തി ഒരു ടെസ്റ്റ് മത്സരത്തിന് വേദിയാകാനൊരുങ്ങുന്നത്.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ദേവദത്ത് പടിക്കല്‍, ധ്രുവ് ജുറല്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്.

ഇന്ത്യ എ ടീമിലും സഞ്ജുവിന് ഇടമില്ല

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണിന് ഇടമില്ല. തിലക് വര്‍മ ക്യാപ്റ്റനാകുന്ന ടീമില്‍ ഋതുരാജ് ഗെയ്ക്വാദ് വൈസ് ക്യാപ്റ്റനാകും. സഞ്ജു സാംസണിന് പകരം ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറാകും. ടി 20 യിലെ വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മയും ടീമിലുണ്ട്. മൂന്ന് മത്സരങ്ങളാണ് ഇന്ത്യ എ ടീം ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കുക. നേരത്തെ, ഇരുവരേയും ടീമില്‍ ഉള്‍പ്പെടുത്തുമെന്നുള്ള തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. നവംബര്‍ 13, 16, 19 തീയതികളില്‍ രാജ്കോട്ടിലാണ് മത്സരം. എല്ലാ പകല്‍ - രാത്രി മത്സരങ്ങളാണ്.

Tags:    

Similar News