സഞ്ജു സാംസണെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്; രാജസ്ഥാന്‍ പകരം ചോദിക്കുന്നത് പ്രമുഖ താരത്തെ; വ്യക്തിപരമായ താല്‍പര്യം അറിയാന്‍ സന്ദേശം അയച്ചു; ഔദ്യോഗിക തീരുമാനം ഉടന്‍; മറ്റ് ടീമുകളുടെ ട്രേഡ് ചര്‍ച്ചകളും സജീവം

Update: 2025-11-07 15:10 GMT

മുംബൈ: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ ടീമിലെത്തിക്കാനുള്ള ചരടുവലികള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാമ്പില്‍ സജീവം. നിലനിര്‍ത്തിയ താരങ്ങളുടെ വിവരങ്ങള്‍ കൈമാറാനുള്ള സമയം നവംബര്‍ 15ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സുമായി ചര്‍ച്ചകള്‍ തുടരുന്നത്. രാജസ്ഥാന്റെ സഹഉടമ മനോജ് ബദാലെ കഴിഞ്ഞ ദിവസം ലണ്ടനില്‍നിന്ന് മുംബൈയിലെത്തിയിരുന്നു.

രാജസ്ഥാന്‍ റോയല്‍സ് ഉടമയുമായി സിഎസ്‌കെ അധികൃതര്‍ സംസാരിച്ചു. ഒരു പ്രമുഖ സിഎസ്‌കെ താരത്തെ രാജസ്ഥാന്‍ റോയല്‍സ് പകരം ചോദിക്കുകയും ചെയ്തു. എന്നാല്‍ താരത്തിന്റെ പേര് വ്യക്തമാക്കിയിട്ടില്ല. ആ താരത്തോട് രാജസ്ഥാനിലേക്ക് മാറാന്‍ താല്‍പ്പര്യമുണ്ടോ എന്നറിയാന്‍ ഒരു സന്ദേശം അയച്ചിട്ടുണ്ടെന്നാണ് വിവരം. ഈ മാസം 11ന് മുന്‍പ് തീരുമാനം ഉണ്ടാകും. സഞ്ജുവിനെ കൈമാറുന്ന കാര്യത്തില്‍ ചെന്നൈക്കു പുറമേ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളും ചര്‍ച്ചകളില്‍ സജീവമാണ്.

എന്നാല്‍ ഒരു പ്രധാന താരത്തെ തന്നെ രാജസ്ഥാനു കൈമാറി സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇപ്പോള്‍ നീക്കം നടത്തുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. അന്തിമ തീരുമാനമായിട്ടില്ലെങ്കിലും സഞ്ജുവിനെ കൈമാറുന്നതിനായി സാധ്യമായ എല്ലാ ചര്‍ച്ചകളും രാജസ്ഥാന്‍ ചെന്നൈ ടീം മാനേജ്‌മെന്റുകള്‍ നടത്തുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന് സഞ്ജു നേരത്തേ തന്നെ ടീമിനെ അറിയിച്ചതിനാല്‍, അടുത്ത മിനി ലേലത്തിനു മുന്‍പ് താരത്തെ മറ്റൊരു ക്ലബ്ബിനു കൈമാറാനാണു ഫ്രാഞ്ചൈസിയുടെ ശ്രമം.

ട്വന്റി20 പരമ്പരയുടെ ഭാഗമായി ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലാണ് സഞ്ജു ഇപ്പോഴുള്ളത്. പരമ്പരയ്ക്കു ശേഷം നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ താരം രഞ്ജി ട്രോഫി കേരള ക്യാംപിന്റെ ഭാഗമാകും. സഞ്ജു മുന്‍പ് കളിച്ചിട്ടുള്ള ഡല്‍ഹി ക്യാപിറ്റല്‍സും മലയാളി താരത്തെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്. രാജസ്ഥാനില്‍ തുടരില്ലെന്നു സഞ്ജു തീരുമാനിച്ചതിനു പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരത്തിനായി ശ്രമം നടത്തിയിരുന്നു. എന്നാല്‍ സഞ്ജുവിനു പകരം നല്‍കേണ്ട താരത്തിന്റെ കാര്യത്തില്‍ രാജസ്ഥാന്‍ കടുംപിടിത്തം തുടര്‍ന്നതോടെ ആദ്യഘട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.

അടുത്ത സീസണിലേക്കുള്ള ടീം ഒരുക്കുന്നതില്‍ ധോണിയും പങ്കാളിയാണ്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്കവാദും ധോണിയും കോച്ച് സ്റ്റീഫന്‍ ഫ്ളമിംഗും ചെന്നൈ സിഇഒ കാശി വിശ്വനാഥനും ചേര്‍ന്ന് സഞ്ജുവിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും. നവംബര്‍ 10, 11 തീയതികളില്‍ അവര്‍ തമ്മിലുള്ള ഒരു യോഗം നടക്കാന്‍ സാധ്യതയുണ്ട്. അടുത്ത കുറച്ച് ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു.

സഞ്ജു ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് പോകുമെന്നുള്ള വാര്‍ത്തകളുമുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ ടീമിലെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലിനെ രാജസ്ഥാന് നല്‍കി പകരം സഞ്ജുവിനെ സ്വന്തമാക്കാനാണ് ഡല്‍ഹി ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇത് സാധ്യമായാല്‍ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലി താരകൈമാറ്റങ്ങളിലൊന്നാകും അതെന്നാണ് വിലയിരുത്തല്‍. സഞ്ജുവിന്റെ മുന്‍ ടീം കൂടിയാണ് ഡല്‍ഹി. ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് രാജസ്ഥാന് വിലക്ക് നേരിട്ട 2016, 2017 സീസണുകളിലാണ് സഞ്ജു ഡല്‍ഹി കുപ്പായത്തില്‍ കളിച്ചത്.

കഴിഞ്ഞ ഐപിഎല്ലില്‍ പരിക്കുമൂലം പല മത്സരങ്ങളിലും പുറത്തിരുന്ന സഞ്ജുവിന് കാര്യമായി ശോഭിക്കാനായിരുന്നില്ല. എന്നാല്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് കഴിഞ്ഞ സീസണില്‍ 14 കോടി രൂപക്ക് ഡല്‍ഹിയിലെത്തിയ രാഹുല്‍ 13 മത്സരങ്ങളില്‍ 539 റണ്‍സടിച്ച് തിളങ്ങി. കഴിഞ്ഞ ഐപിഎല്‍ താരലേലത്തിന് മുമ്പ് 18 കോടി രൂപ നല്‍കിയാണ് സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്.

Tags:    

Similar News