അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് 2026; മത്സരക്രമം പ്രഖ്യാപിച്ചു; അഞ്ച് തവണ ചാമ്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് എ-യിൽ; ആദ്യ മത്സരം യുഎസ്എയുമായി

Update: 2025-11-20 08:16 GMT

ഹരാരെ: അണ്ടർ-19 പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ 2026ന്റെ മത്സരക്രമം പ്രഖ്യാപിച്ച് ഐസിസി. അടുത്ത തലമുറയിലെ ക്രിക്കറ്റ് പ്രതിഭകളെ വാർത്തെടുക്കുന്ന ടൂർണമെന്റ് സിംബാബ്‌വെയും നമീബിയയും സംയുക്തമായിട്ടാണ് ആതിഥേയത്വം വഹിക്കുന്നത്. 2026 ജനുവരി 15 മുതൽ ഫെബ്രുവരി 6 വരെ\യാണ് മത്സരങ്ങൾ. 16 രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ആകെ 41 മത്സരങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. കിരീടപ്പോരാട്ടമായ ഫൈനൽ മത്സരം ഫെബ്രുവരി 6-ന് സിംബാബ്‌വെയിലെ ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിൽ നടക്കും.

ടൂർണമെന്റിൽ ഏറ്റവും കൂടുതൽ തവണ (അഞ്ച് തവണ) ചാമ്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് എ-യിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യയോടൊപ്പം 2020-ലെ ജേതാക്കളായ ബംഗ്ലാദേശ്, ന്യൂസിലൻഡ്, യുഎസ്എ എന്നീ ടീമുകളാണ് ഗ്രൂപ്പ് എ-യിലെ മറ്റ് അംഗങ്ങൾ. ഇന്ത്യയുടെ എല്ലാ ഗ്രൂപ്പ് മത്സരങ്ങൾക്കും സിംബാബ്‌വെയിലെ ബുലവായോയിലുള്ള ക്വീൻസ് സ്‌പോർട്‌സ് ക്ലബ്ബാണ് വേദിയാകുന്നത്.

തിയതി           മത്സരം                           വേദി

ജനുവരി 15     ഇന്ത്യ vs യുഎസ്എ        ക്വീൻസ് സ്‌പോർട്‌സ് ക്ലബ്, ബുലവായോ

ജനുവരി 17     ഇന്ത്യ vs ബംഗ്ലാദേശ്       ക്വീൻസ് സ്‌പോർട്‌സ് ക്ലബ്, ബുലവായോ

ജനുവരി 24     ഇന്ത്യ vs ന്യൂസിലൻഡ്   ക്വീൻസ് സ്‌പോർട്‌സ് ക്ലബ്, ബുലവായോ

ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, ഓരോ ഗ്രൂപ്പിലെയും ആദ്യ മൂന്ന് സ്ഥാനക്കാർ സൂപ്പർ സിക്സ് ഘട്ടത്തിലേക്ക് മുന്നേറും. സെമി ഫൈനലിലേക്കും ഫൈനലിലേക്കുമുള്ള ടീമുകളെ തീരുമാനിക്കുക സൂപ്പർ സിക്സ് മത്സരങ്ങളാണ്. യുവതാരങ്ങളുടെ ഈ ലോക മാമാങ്കത്തിനായി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുകയാണ്.

Tags:    

Similar News