ഈ ജോലിക്ക് യോജിച്ചയാളാണ് നിങ്ങളെന്ന് തോന്നുന്നുണ്ടോയെന്ന് മാധ്യമ പ്രവര്‍ത്തകന്‍; ചാമ്പ്യന്‍സ് ട്രോഫിയും ഏഷ്യാ കപ്പും നേടിയതും ഇതേ ഞാന്‍ തന്നെയാണ്; പരിചയസമ്പത്ത് വളരെ കുറഞ്ഞ ടീമാണ് ഇത്; അവരിപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്'; തന്റെ ഭാവി ബിസിസിഐക്ക് തീരുമാനിക്കാമെന്ന് ഗംഭീര്‍; ഗുവാഹട്ടിയിലെ തോല്‍വിക്കും ന്യായികരണം
ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്കു പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ പ്രതിരോധിച്ചും ന്യായികരിച്ചും ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. താനുള്‍പ്പടെ എല്ലാവര്‍ക്കും തോല്‍വിയില്‍ ഉത്തരവാദിത്തമുണ്ടെന്ന് ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. ''ഇക്കാര്യത്തില്‍ കുറ്റം ഞാന്‍ മുതല്‍ എല്ലാവര്‍ക്കുമുണ്ട്. ഞങ്ങള്‍ നന്നായി കളിക്കണമായിരുന്നു. ഒന്നിന് 95 എന്ന നിലയില്‍നിന്ന് ഏഴിന് 122 എന്ന നിലയിലേക്കു വീഴുന്നത് ഒരിക്കലും സ്വീകാര്യമല്ല. ഒരു താരത്തെ മാത്രമായി ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നതു ശരിയല്ല. ഞാനൊരിക്കലും ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്തില്ല.'' ഗംഭീര്‍ പ്രതികരിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ രണ്ടാം ടെസ്റ്റില്‍ 408 റണ്‍സിനാണ് ഇന്ത്യ തോറ്റത്. പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ടീമിന്റെ പരിശീലക സ്ഥാനത്തിന് അനുയോജ്യനാണെന്ന് കരുതുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് തന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്ന് ഗംഭീര്‍ പറഞ്ഞത്. ഇതടക്കം കടുത്ത ചോദ്യങ്ങളാണ് വാര്‍ത്താ സമ്മേളനത്തില്‍ ഗംഭീറിന് നേരിടേണ്ടി വന്നത്. 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടുന്നത്. അതും വൈറ്റ് വാഷ് വിജയം.
പരിശീലകനെന്ന നിലയില്‍ തന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്നും ഗംഭീര്‍ പറഞ്ഞു. ''എന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ ആണ്. പക്ഷേ ചാംപ്യന്‍സ് ട്രോഫിയിലും ഏഷ്യാകപ്പിലും ഇംഗ്ലണ്ടിലും അനുകൂലമായ ഫലം കൊണ്ടുവന്നതും ഞാന്‍ തന്നെയാണ്. ഇന്ത്യന്‍ ക്രിക്കറ്റാണ് പ്രധാനം, അല്ലാതെ ഞാനല്ല. ഇതു മുന്‍പും പറഞ്ഞിട്ടുള്ളതാണ്. ടെസ്റ്റ് ക്രിക്കറ്റാണ് പ്രധാനമെങ്കില്‍, അതിന് അനുസരിച്ചുള്ള പരിഗണന നമ്മള്‍ കൊടുക്കേണ്ടിവരും. തോല്‍വിയില്‍ ഒരു താരത്തെയോ, വ്യക്തിയെയോ കുറ്റം പറയാന്‍ സാധിക്കില്ല.'' ഗംഭീര്‍ വ്യക്തമാക്കി.
ഗംഭീറിനു കീഴില്‍ കളിച്ച 18 ടെസ്റ്റുകളില്‍ 10-ലും ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു ഫലം. കഴിഞ്ഞ വര്‍ഷം ന്യൂസീലന്‍ഡിനെതിരേ സമ്പൂര്‍ണ പരമ്പര തോല്‍വി വഴങ്ങിയ ഇന്ത്യ ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും അത്തരത്തില്‍ നാണംകെട്ടിരിക്കുകയാണ്. ടീമില്‍ നിരന്തരമായി വരുത്തുന്ന മാറ്റങ്ങളും ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളേക്കാള്‍ ഓള്‍റൗണ്ടര്‍മാരെ ടീമില്‍ കുത്തിനിറയ്ക്കുന്ന ഗംഭീറിന്റെ തീരുമാനങ്ങളും കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 30 റണ്‍സിനും, ഗുവാഹത്തിയില്‍ 408 റണ്‍സിനുമാണു ദക്ഷിണാഫ്രിക്ക വിജയിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ സ്വന്തം നാട്ടില്‍ വൈറ്റ് വാഷ് തോല്‍വി വഴങ്ങുന്നത് ഇതു മൂന്നാം തവണയാണ്. കഴിഞ്ഞ വര്‍ഷം ന്യൂസീലന്‍ഡിനോട് ഇന്ത്യ 30ന് തോറ്റിരുന്നു. രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിവസം 549 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 140 റണ്‍സില്‍ ഓള്‍ഔട്ടായിരുന്നു. ദക്ഷിണാഫ്രിക്ക ആദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ സമ്പൂര്‍ണ ടെസ്റ്റ് വിജയം നേടുന്നത്.
