ഓസ്ട്രേലിയന്‍ പര്യടനത്തില്‍ റിസര്‍വ് ബഞ്ചില്‍; ആകെ കളിച്ചത് മഴമൂലം ഉപേക്ഷിച്ച അവസാന മത്സരത്തില്‍ മാത്രം; ആഭ്യന്തര ക്രിക്കറ്റില്‍ ഫോം നിലനിര്‍ത്തിയിട്ടും റിങ്കു സിങ് പുറത്ത്; ഫിറ്റ്നസ് തെളിയിക്കാതെ ഗില്‍ അകത്തും; ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് ഇന്ത്യയെ നയിക്കുമ്പോള്‍ ഉപനായകനായി ശുഭ്മാന്‍ ഗില്‍ ടീമിലിടം പിടിച്ചിട്ടുണ്ട്. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിനെ ടീമിലെടുത്തിട്ടുണ്ടെങ്കിലും കളിക്കുമോ എന്നുറപ്പില്ല. ശാരീരിക ക്ഷമത വീണ്ടെടുക്കുന്ന പശ്ചാത്തലത്തില്‍ മാത്രമേ താരം കളിക്കൂ. ബി.സി.സി.ഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നിന്നുള്ള ഫിറ്റ്നസ് ക്ലിയറന്‍സിനെ ആശ്രയിച്ചിരിക്കും ഗില്ലിന്റെ പങ്കാളിത്തം.
മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ഇടംകൈയ്യന്‍ ബാറ്റര്‍ യശസ്വി ജയ്സ്വാള്‍ ടീമിലില്ല. അഭിഷേക് ശര്‍മ, തിലക് വര്‍മ, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ ടീമിലിടംപിടിച്ചു. പരിക്കില്‍ നിന്ന് മുക്തനായ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി. രണ്ട് മാസത്തിലധികം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നതിന് ശേഷമാണ് ഹാര്‍ദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തുന്നത്.
അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. അതേ സമയം ഓസ്‌ട്രേലിയയ്ക്ക് എതിരായ ടി20 പരമ്പരയില്‍ ഉണ്ടായിരുന്ന റിങ്കു സിംഗ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെ ഒഴിവാക്കി. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ റിങ്കു സിംഗിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല, ആകെ കളിച്ചത് മഴമൂലം 4.5 ഓവറിന് ശേഷം ഉപേക്ഷിച്ച അവസാന ടി20-യില്‍ മാത്രമാണ്.
ഏകദിന പരമ്പരകള്‍ക്കുശേഷം ഡിസംബര്‍ ഒമ്പതിനാണ് ട്വന്റി 20 പരമ്പരയ്ക്ക് തുടക്കമാവുന്നത്.അഞ്ചുമത്സരങ്ങളടങ്ങിയതാണ് ടി20 പരമ്പര. ഡിസംബര്‍ 11,14,17,19 തീയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍.
മത്സര തീയതികളും വേദികളും:
ഡിസംബര്‍ 9: കട്ടക്ക്
ഡിസംബര്‍ 11: ന്യൂ ചണ്ഡീഗഡ്
ഡിസംബര്‍ 14: ധരംശാല
ഡിസംബര്‍ 17: ലഖ്‌നൗ
ഡിസംബര്‍ 19: അഹമ്മദാബാദ്
ഇന്ത്യന്‍ സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വാഷിങ്ടണ്‍ സുന്ദര്‍
