ലോങ്-ഓണില്‍ സിക്സര്‍ പറത്തിയ ആ കാഷ്വല്‍ പിക്ക്അപ്പ് ഷോട്ട്; അവസര നിഷേധത്തിന് ഒറ്റ ഇന്നിംഗ്‌സില്‍ മറുപടി; ഗില്ലിനെ 'പുറത്താക്കി' നാഴികക്കല്ലും താണ്ടി തിരിച്ചുവരവ്; ഇനി ബഞ്ചിലിരുത്താനാവില്ല; ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാകാന്‍ സഞ്ജു സാംസണ്‍; ഓപ്പണറാകും, ഒന്നാം വിക്കറ്റ് കീപ്പറും

Update: 2025-12-20 10:28 GMT

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ലഭിച്ച അവസരത്തില്‍ മികച്ച പ്രകടനത്തിലൂടെ തന്റെ മാറ്റ് തെളിയിച്ചാണ് ട്വന്റി 20 ലോകകപ്പ് ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം ഉറപ്പിച്ചത്. ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറും ഓപ്പണര്‍ സ്ഥാനവും തിരിച്ചുപിടിച്ചാണ് മലയാളി താരം ലോകകപ്പ് പോരാട്ടത്തിന് ഒരുങ്ങുന്നത്. നിരന്തരം ഫോംഔട്ടായിട്ടും ടീമില്‍ തുടര്‍ന്ന ഉപനായകന്‍ ഗില്ലിന് പരിക്കേറ്റ് പുറത്തായതോടെയാണ് സഞ്ജുവിന് അവസരം ലഭിച്ചത്. ഗില്‍ പരമ്പരയിലാകെ നേടിയത് 32 റണ്‍സാണെങ്കില്‍, ഒറ്റ മത്സരത്തില്‍ സഞ്ജു അടിച്ചെടുത്തത് 37 റണ്‍സാണ്. ഒപ്പം അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍ 1000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാനും താരത്തിനായി. വിക്കറ്റിനു പിന്നിലെ സഞ്ജുവിന്റെ ചടുല നീക്കങ്ങള്‍ക്കും അഹമ്മദബാദ് സ്‌റ്റേഡിയം സാക്ഷിയായി.

ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച റെക്കോഡുണ്ടായിട്ടും ഗില്ലിനെ ഓപണാറാക്കാന്‍ വേണ്ടിമാത്രം സഞ്ജുവിനെ ഇലവനില്‍നിന്ന് മാറ്റി നിര്‍ത്തുകയാണ് ടീം മാനേജ്‌മെന്റ് ചെയ്തത്. ഒന്നര മാസത്തിനപ്പുറം വരാനിരിക്കുന്ന ലോകകപ്പ് സ്‌ക്വാഡില്‍ ഇടംനേടാന്‍ ഈ പരമ്പരയിലെ പ്രകടനം നിര്‍ണായകമായിരുന്നു. ഗില്‍ പുറത്തായതോടെ, നിര്‍ണായക പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെ ഇനിയും ബെഞ്ചിലിരുത്തുന്ന സമീപനം സ്വീകരിച്ചാല്‍ ബി.സി.സി.ഐക്ക് കടുത്ത ആരാധക രോഷംതന്നെ നേരിടേണ്ടിവരുമായിരുന്നു.

ഒരു ദശാബ്ദത്തിലേറെ നീണ്ട അന്താരാഷ്ട്ര കരിയറില്‍, സഞ്ജുവിന് അവസരങ്ങള്‍ ലഭിച്ചത് വളരെ കുറച്ച് മത്സരങ്ങളില്‍ മാത്രമാണ്. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായി ചുമതലയേറ്റ ശേഷമാണ് അദ്ദേഹത്തിന്റെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം. കരിയറിലെ 52 ടി20 മത്സരങ്ങളില്‍ 27 എണ്ണവും 2024 ജൂലൈ മുതല്‍ സൂര്യകുമാറിന് കീഴിലാണ് സഞ്ജു കളിച്ചത്. മൂന്ന് സെഞ്ച്വറികള്‍ നേടുകയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ വഴി കണ്ടെത്തുകയും ചെയ്തിട്ടും, ഗില്ലിനുവേണ്ടി സ്വന്തം സ്ഥാനം ത്യജിക്കേണ്ടിവന്നു.

ഈ പരമ്പരയിലുടനീളം ഗില്‍ പരാജയപ്പെട്ടു. എന്നാല്‍ മുന്‍നിരയില്‍ തന്റെ ഫോമിന് ഒട്ടും മങ്ങലേറ്റിട്ടില്ലെന്ന് തെളിയിക്കുന്നതാണ് സഞ്ജുവിന്റെ കഴിഞ്ഞ ദിവസത്തെ ഇന്നിങ്‌സ്. അഭിഷേകിനൊപ്പം പവര്‍പ്ലേയില്‍ എങ്ങനെ പെര്‍ഫോം ചെയ്യണമെന്ന് സഞ്ജു കാണിച്ചുതരുന്നു. രണ്ടാം ഓവറില്‍ ലോങ്-ഓണില്‍ സിക്സര്‍ പറത്തി ഒരു കാഷ്വല്‍ പിക്ക്അപ്പ് ഷോട്ട് കളിച്ചാണ് അദ്ദേഹം മുന്നേറിയത്. പിന്നാലെ മികച്ച ബൗണ്ടറികള്‍ ഒഴുകാന്‍ തുടങ്ങി.

ഇതിനിടെ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റില്‍ ആയിരം റണ്‍സ് എന്ന നേട്ടവും മത്സരത്തിനിടെ സ്വന്തമാക്കി. 52ാം മത്സരത്തിനിറങ്ങിയ സഞ്ജു 44 ഇന്നിങ്സിലാണ് ആയിരം റണ്‍ പൂര്‍ത്തിയാക്കിയത്. മൂന്ന് വീതം സെഞ്ചുറിയും അര്‍ധസെഞ്ചുറിയുമാണ് കളി ജീവിതത്തില്‍. 111 റണ്ണാണ് മികച്ച സ്‌കോര്‍. ബാറ്റിങ് പ്രഹരശേഷി 148. ബാറ്റിങ് ശരാശരി 25.51. ആകെ ട്വന്റി20 മത്സരങ്ങളില്‍ 8000 റണ്ണും പൂര്‍ത്തിയാക്കി. 320 മത്സരങ്ങളിലാണ് നേട്ടം. 308 ഇന്നിങ്സുകള്‍ കളിച്ച വിക്കറ്റ് കീപ്പര്‍ ആറ് സെഞ്ചുറിയും 51 അര്‍ധസെഞ്ചുറിയും കുറിച്ചു. 137 ആണ് ബാറ്റിങ് പ്രഹരശേഷി.

റിസ്‌ക് എടുക്കുന്നതില്‍ സഞ്ജു എപ്പോഴും സന്തോഷം കണ്ടെത്തുന്നു. ഹിറ്റ് ചെയ്യാന്‍ പറ്റുന്ന അവസരങ്ങളൊന്നും പാഴാക്കിയില്ല. വെള്ളിയാഴ്ചത്തെ ഇന്നിങ്‌സിലൂടെ സഞ്ജു സെലക്ടര്‍മാര്‍ക്ക് വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. ഗില്ലിനേക്കാള്‍ എന്തുകൊണ്ടും തനിക്ക് യോജിച്ച റോളാണ് ഓപണറുടേതെന്ന് സഞ്ജു തന്റെ പെര്‍ഫോമന്‍സിലൂടെ അടിവരയിടുന്നു. ലോകകപ്പിലേക്ക് കടക്കുന്നതിന് മുമ്പ് അഞ്ച് ട്വന്റി 20 മത്സരങ്ങള്‍ മാത്രം ശേഷിക്കെ മികച്ച പ്രകടനങ്ങള്‍ മലയാളി താരത്തിന്റേതായി വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

തിരിച്ചുവരവ് ഒന്നാം വിക്കറ്റ് കീപ്പറായി

കഴിഞ്ഞ തവണ ലോകകപ്പ് ടീമുലുണ്ടായിട്ടും സഞ്ജുവിന് ഒറ്റക്കളിയിലും അവസരം കിട്ടിയിരുന്നില്ല. ഋഷഭ് പന്തായിരുന്നു വിക്കറ്റ്കീപ്പര്‍. ഇത്തവണ ഒന്നാം വിക്കറ്റ് കീപ്പറായാണ് തിരിച്ചുവരവ്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം സഞ്ജു ഓപ്പണറുമാകും.

എസ് ശ്രീശാന്തിനുശേഷം ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളി എന്ന ഖ്യാതിയാണ് ഇനി സഞ്ജുവിനെ കാത്തിരിക്കുന്നത്. ശ്രീശാന്ത് 2007 ട്വന്റി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവയുടെ ഭാഗമായിരുന്നു. 2007 ട്വന്റി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ വിജയമൊരുക്കിയ അവസാനത്തെ ക്യാച്ചെടുത്തത് ഈ എറണാകുളത്തുകാരനാണ്. ജോഗീന്ദര്‍ ശര്‍മയുടെ പന്തില്‍ മിസ്ബ ഉള്‍ ഹഖിനെയാണ് ശ്രീശാന്ത് പിടികൂടിയത്. അപ്പോള്‍ പാകിസ്ഥാന് നാലു പന്തില്‍ ജയിക്കാന്‍ അഞ്ചു റണ്‍ മതിയായിരുന്നു. നാല് ഓവര്‍ എറിഞ്ഞ് ഒരു വിക്കറ്റുമെടുത്തു. ഏഴു കളിയില്‍ ആറ് വിക്കറ്റാണ് സമ്പാദ്യം. മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റനായി 2011 ഏകദിന ലോകകപ്പ് നേടിയപ്പോഴും ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. ഫൈനലില്‍ പന്തെറിഞ്ഞെങ്കിലും വിക്കറ്റില്ല.

2024ലെ ആദ്യ പതിനൊന്നില്‍ ഇടം നേടിയില്ലെങ്കിലും ലോകകപ്പ് നേടിയ ടീമിലെത്തിയ മൂന്നാമത്തെ മലയാളിയാണ് സഞ്ജു. 1983ല്‍ കപില്‍ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ലോകകിരീടം നേടുമ്പോള്‍ സുനില്‍ വല്‍സന്‍ ടീമിലുണ്ടായിരുന്നു. ഈ മലയാളി പേസ് ബൗളര്‍ക്കും കളിക്കാന്‍ അവസരം കിട്ടിയില്ല.

2015ലായിരുന്നു സഞ്ജുവിന്റെ അരങ്ങേറ്റം, സിംബാബ്വെയ്ക്കെതിരെ. അതുകഴിഞ്ഞ് നാലരവര്‍ഷം കഴിഞ്ഞാണ് അടുത്ത അവസരം കിട്ടുന്നത്. ഏകദിനത്തിലും സമാനമായിരുന്നു അവസ്ഥ. 2021ല്‍ അരങ്ങേറി. അടുത്ത അവസരം കിട്ടുന്നത് ഒരുവര്‍ഷം കഴിഞ്ഞ്. തുടരെയുള്ള അവഗണനകളെ മറികടന്നെത്തിയ സഞ്ജുവിന്റെ മികച്ച പ്രകടം കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.

Tags:    

Similar News