പുതുവര്‍ഷത്തില്‍ പ്രതീക്ഷയോടെ രോഹിത്തും കോലിയും; ശ്രേയസ് അയ്യര്‍ തിരിച്ചെത്തി; ഓപ്പണര്‍ സ്ഥാനത്തേക്ക് യശസ്വി ജയ്സ്വാളും; പുറത്താകാതെ ഋഷഭ് പന്ത്; ഇഷാന്‍ കിഷന്‍ കാത്തിരിക്കണം; ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ച് അംഗ ടീമിനെ ശുഭ്മാന്‍ ഗില്‍ ടീമിനെ നയിക്കും. രോഹിത് ശര്‍മ്മയും വിരാട് കോലിയും ഏകദിന ടീമില്‍ തുടരും. ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നിന്നുള്ള ഫിറ്റ്നസ് ക്ലിയറന്‍സിന് വിധേയമായി ശ്രേയസ് അയ്യരെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു. ജനുവരി 11-ന് വഡോദരയിലെ ബി.സി.എ (BCA) സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക. മൂന്ന് മത്സരങ്ങളാണ് ഈ പരമ്പരയിലുള്ളത്. 14ന് രാജ്‌കോട്ടില്‍ രണ്ടാം ഏകദിനവും 18ന് ഇന്‍ഡോറില്‍ മൂന്നാം ഏകദിനവും നടക്കും.
കെ.എല്‍. രാഹുലിന് ഒപ്പം വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഋഷഭ് പന്ത് സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ പന്തിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. മികച്ച ഫോമിലുള്ള ഇഷാന്‍ കിഷന്‍ ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പന്തിന് ഒരു അവസരം കൂടി നല്‍കാന്‍ സിലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നീ താരങ്ങള്‍ ഇടംപിടിച്ചു. ഒരു മത്സരത്തില്‍ പത്ത് ഓവര്‍ പൂര്‍ണ്ണമായും ബോള്‍ ചെയ്യാനുള്ള ശാരീരികക്ഷമത കൈവരിക്കാത്തതിനാല്‍ ഹാര്‍ദിക് പാണ്ഡ്യയെ പരിഗണിച്ചില്ല. ജസ്പ്രീത് ബുമ്രക്കും ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കിയിട്ടുണ്ട്. ടി20 ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍, കളിക്കാരുടെ ഫിറ്റ്നസിനും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പുകള്‍ക്കുമാണ് സെലക്ടര്‍മാര്‍ മുന്‍ഗണന നല്‍കുന്നത്.
പേസ് ആക്രമണത്തിന് മുഹമ്മദ് സിറാജ് നേതൃത്വം നല്‍കും. അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരും ടീമിലുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോമും ഫിറ്റ്‌നെസും തെളിയിച്ചിട്ടും പേസര്‍ മുഹമ്മദ് ഷമിയെ ഒരിക്കല്‍ കൂടി സെലക്ടര്‍മാര്‍ തഴഞ്ഞു. ജഡേജയും സുന്ദറും ടീമിലുണ്ടെങ്കിലും സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവിനെ നിലനിര്‍ത്തി.
വൈസ് ക്യാപ്റ്റനായി ഉള്‍പ്പെടുത്തിയെങ്കിലും ബി.സി.സി.ഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നിന്നുള്ള (Centre of Excellence) അന്തിമ ഫിറ്റ്നസ് അനുമതി ലഭിക്കുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ശ്രേയസ് അയ്യരുടെ ടീമിലേക്കുള്ള മടങ്ങിവരവ്.
ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, വിരാട് കോലി, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍)*, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാള്‍.
