'രാജ്യത്തിന്റെ അന്തസ്സ് കളഞ്ഞ് ലോകകപ്പ് കളിക്കാനില്ല; ഐസിസിക്ക് ഇന്ത്യയിലെ സാഹചര്യം മനസ്സിലായിട്ടില്ല'; ട്വന്റി 20 ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലാദേശ്; മത്സരം ശ്രീലങ്കയിലേക്ക് മാറ്റുമോ?

Update: 2026-01-07 17:16 GMT

ഹരാരെ: ഇന്ത്യയില്‍ നിന്നും വേദി മാറ്റിയില്ലെങ്കില്‍ ട്വന്റി 20 ലോകകപ്പില്‍ കളിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ബംഗ്ലാദേശ്. ശ്രീലങ്കയില്‍ മത്സരങ്ങള്‍ കളിക്കാമെന്നാണ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, ഐസിസി ഇത് തള്ളിയതായാണ് വിവരം. തങ്ങള്‍ക്ക് ടൂര്‍ണമെന്റ് കളിക്കാന്‍ താത്പര്യമുണ്ടെങ്കിലും രാജ്യത്തിന്റെ അന്തസ്സ് കളഞ്ഞ് ലോകകപ്പ് കളിക്കാനില്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാരിലെ സ്‌പോര്‍ട്‌സ് അഡൈ്വസറായ ആസിഫ് നസ്രുള്‍ വ്യക്തമാക്കി. ഐസിസിക്ക് ഇന്ത്യയിലെ സാഹചര്യം പൂര്‍ണമായും മനസിലായിട്ടില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റും പ്രതികരിച്ചു.

ബിസിസിഐയുടെ നിര്‍ദ്ദേശപ്രകാരം ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കായിക ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്.

മുസ്തഫിസുറിനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയ നടപടി ബംഗ്ലാദേശ് ക്രിക്കറ്റ് ലോകത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതിനാല്‍, ഇന്ത്യയില്‍ നടക്കേണ്ട തങ്ങളുടെ ലോകകപ്പ് മത്സരങ്ങള്‍ മറ്റൊരു രാജ്യത്തേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെട്ടു.

'ഞങ്ങള്‍ ക്രിക്കറ്റിനോട് അതീവതാത്പര്യമുള്ള ഒരു രാഷ്ട്രമാണ്. കളിക്കാന്‍ ഞങ്ങള്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നു. എന്നാല്‍, രാജ്യത്തെ അപമാനിച്ചിട്ട് കളിക്കാന്‍ ആഗ്രഹമില്ല. നമ്മുടെ ക്രിക്കറ്റ് താരങ്ങള്‍, കാണികള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരുടെ സുരക്ഷയും രാജ്യത്തിന്റെ അന്തസ്സും കളഞ്ഞ് ലോകകപ്പ് കളിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല', ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം നസ്റുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇന്ത്യയില്‍ ഉടലെടുത്ത ഗുരുതരമായ സുരക്ഷാ സാഹചര്യം ഐസിസിക്ക് പൂര്‍ണമായി മനസ്സിലായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശ് തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ഐസിസിക്ക് മറ്റൊരു കത്ത് അയക്കുമെന്നും ബിസിബി പ്രസിഡന്റ് അമിനുള്‍ ഇസ്ലാം പറഞ്ഞു. വിദേശ പര്യടനങ്ങള്‍ക്ക്, പ്രത്യേകിച്ച് സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍, ബംഗ്ലാദേശ് സര്‍ക്കാരിന്റെ അനുമതിയെ ബിസിബി ആശ്രയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കളിക്കാരുടെ സുരക്ഷ ഞങ്ങള്‍ക്ക് പ്രധാനമാണ്. എന്നാല്‍, ഒട്ടേറെ ആളുകള്‍ അവിടേക്ക് പോകുന്നുണ്ട്. ഞങ്ങളുടെ പത്രപ്രവര്‍ത്തകര്‍, ഞങ്ങളുടെ കാണികള്‍, ഞങ്ങളുടെ സ്‌പോണ്‍സര്‍മാര്‍. എല്ലാവര്‍ക്കും സുരക്ഷ ഉറപ്പ് നല്‍കാമോ? ഏതൊരു വിദേശ യാത്രയ്ക്കും മുമ്പ് സര്‍ക്കാര്‍ അനുമതി ആവശ്യമാണ്, അതുകൊണ്ടാണ് ഞങ്ങള്‍ ഇന്ന് ചര്‍ച്ചകള്‍ക്കായി ഇവിടെയെത്തിയത്. ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതുവരെ ഞങ്ങള്‍ പോരാടും. ഹൈബ്രിഡ് മാതൃകയില്‍ മുന്‍പും ലോകകപ്പുകള്‍ ഉണ്ടായിട്ടുണ്ട്. ഹൈബ്രിഡ് ലോകകപ്പിന്റെ പ്രധാന കാരണം സുരക്ഷയാണ്', അമിനുള്‍ കൂട്ടിച്ചേര്‍ത്തു.

ടൂര്‍ണമെന്റില്‍ ബംഗ്ലാദേശ് ടീമിന്റെ പൂര്‍ണവും തടസ്സമില്ലാത്തതുമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ഐസിസി ആവര്‍ത്തിച്ചെന്നാണ് നേരത്തേ പ്രസ്താവനയില്‍ ബിസിബി അറിയിച്ചത്. ഉയര്‍ന്നുവന്ന ആശങ്കകള്‍ പരിഹരിക്കുന്നതിനായി ബിസിബിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഐസിസി സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടാതെ ലോകകപ്പിലെ സുരക്ഷാ ആസൂത്രണത്തിന്റെ ഭാഗമായി ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ സ്വാഗതംചെയ്യുമെന്നും ഉചിതമായി പരിഗണിക്കുമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്', പ്രസ്താവനയില്‍ ബിസിബി വ്യക്തമാക്കി.

Similar News