ജയത്തിലേക്ക് അഞ്ച് റണ്‍സ് ദൂരം മാത്രം; മൂന്ന് റണ്‍സെടുക്കുന്നതിനിടെ മുംബൈയ്ക്ക് നഷ്ടമായത് നാല് വിക്കറ്റുകള്‍; സര്‍ഫറാസിന്റെ അതിവേഗ അര്‍ധസെഞ്ചുറിയും പാഴായി; പഞ്ചാബിനെതിരെ മുംബൈക്ക് നാടകീയ തോല്‍വി

Update: 2026-01-08 10:09 GMT

ജയ്പൂര്‍: പതിനഞ്ച് പന്തില്‍ അര്‍ധസെഞ്ചറിയുമായി സര്‍ഫ്രാസ് ഖാന്‍ മിന്നിയിട്ടും വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനെതിരെ മുംബൈക്ക് നാടകീയ തോല്‍വി. ഇന്ത്യന്‍ ട്വന്റി 20 ടീം നായകന്‍ സൂര്യകുമാര്‍ യാദവും ശിവം ദുബെയും നിരാശപ്പെടുത്തിയ മത്സരത്തില്‍ സര്‍ഫറാസ് ഖാന്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി ജയപ്രതീക്ഷ ഉയര്‍ത്തിയെങ്കിലും മൂന്ന് റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമാക്കി മുംബൈ തോല്‍വി വഴങ്ങുകയായിരുന്നു. പഞ്ചാബിനെതിരെ മുംബൈ ഒരു റണ്‍സിനാണ് തോല്‍വി വഴങ്ങിയത്. 217 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈ ഇരുപതാം ഓവറില്‍ 201-5 എന്ന മികച്ച നിലയിലായിരുന്നു. എന്നാല്‍ 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പുറത്തായതിന് പിന്നാലെ 14 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റുകള്‍ കൂടി നഷ്ടമാക്കി മുംബൈ അവിശ്വസനീയമായി തകര്‍ന്നടിഞ്ഞ് 215 റണ്‍സിന് ഓള്‍ ഔട്ടായി.

സ്‌കോര്‍ 201ല്‍ നില്‍ക്കെ ശ്രേയസ് അയ്യര്‍ പുറത്തായശേഷം ജയത്തിലേക്ക് അഞ്ച് റണ്‍സ് മാത്രം വേണ്ടിയിരുന്നപ്പോഴാണ് 3 റണ്‍സെടുക്കുന്നതിനിടെ മുംബൈക്ക് അവസാന 4 വിക്കറ്റുകള്‍ നഷ്ടമായത്. ജയത്തിലേക്ക് രണ്ട് റണ്‍സ് മാത്രം വേണ്ടപ്പോള്‍ മുംബൈയുടെ അവസാന രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ മായങ്ക് മാര്‍ക്കണ്ഡെ ആണ് പഞ്ചാബിന് അവിശ്വസനീയ ജയം സമ്മാനിച്ചത്. മംബൈയും പഞ്ചാബും നേരത്തെ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിരുന്നു.നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 45.1 ഓവറില്‍ 216 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.

217 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈക്കായി ഓപ്പണര്‍മാരായ അംഗ്രിഷ് രഘുവംശിയും(23) മുഷീര്‍ ഖാനും(21) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 57 റണ്‍സടിച്ചു. മുഷീര്‍ ഖാന്‍ പുറത്തായശേഷം ക്രീസിലെത്തിയ സഹോദരന്‍ സര്‍ഫറാസ് ഖാന്‍ തകര്‍ത്തടിച്ചതോടെ മുംബൈ സകോര്‍ ബോര്‍ഡ് കുതിച്ചു. മൂന്നാമനായി ക്രീസിലെത്തിയ താരം, പഞ്ചാബ് ക്യാപ്റ്റനും ഇന്ത്യയുടെ ട്വന്റി20 ഓപ്പണറുമായ അഭിഷേക് ശര്‍മയ്‌ക്കെതിരെ ഒരോവറില്‍ 30 റണ്‍സാണ് അടിച്ചുകൂട്ടിയത്. മുംബൈ ഇന്നിങ്‌സിന്റെ പത്താം ഓവറിലായിരുന്നു സര്‍ഫ്രാസ് ഖാന്റെ വെടിക്കെട്ട്.

ഒന്നിടവിട്ട പന്തുകളില്‍ സിക്‌സും ഫോറും തുടര്‍ച്ചയായി പായിച്ചായിരുന്നു സര്‍ഫ്രാസിന്റെ മിന്നല്‍ അടി. 6, 4, 6, 4, 6 ,4 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറിങ്. ഇതോടെ 15 പന്തില്‍ സര്‍ഫ്രാസ് അര്‍ധസെഞ്ചറിയും പൂര്‍ത്തിയാക്കി. 2020-21ല്‍ ഛത്തീസ്ഗഡിനെതിരെ 16 പന്തില്‍ അര്‍ധസെഞ്ച്വറി നേടിയ ബറോഡയുടെ അതിത് ഷെത്തിന്റെ റെക്കോര്‍ഡാണ് സര്‍ഫ്രാസ് തകര്‍ത്തത്.

62 റണ്‍സെടുത്ത താരത്തെ മയാങ്ക് മാര്‍ക്കണ്ഡെ വിക്കറ്റിനു മുന്നില്‍ കുരുക്കി പുറത്താക്കി. സര്‍ഫറാസ് 20 പന്തില്‍ ഏഴ് ഫോറും അഞ്ച് സിക്‌സും പറത്തി 62 റണ്‍സെടുത്ത് പുറത്തായശേഷം സൂര്യകുമാര്‍ യാദവാണ് ക്രീസിലെത്തിയത്. 12 പന്തില്‍ സൂര്യ 15 റണ്‍സെടുത്ത് പുറത്തായപ്പോള്‍ പിന്നാലെ ക്രീസിലെത്തിയ ശിവം ദുബെ ആറ് പന്തില്‍ 12 റണ്‍സെടുത്ത് മടങ്ങി.

പഞ്ചാബിനായി ഒരോവര്‍ പന്തെറിഞ്ഞ അഭിഷേക് ശര്‍മ 30 റണ്‍സ് വഴങ്ങി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ടീമില്‍ ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീം നായകന്‍ ശുഭ്മാന്‍ ഗില്ലുണ്ടായിരുന്നില്ല. പഞ്ചാബ് നായകനായി ഇറങ്ങിയ അഭിഷേക് ശര്‍മക്ക് 10 പന്തില്‍ 8 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 72 റണ്‍സെടുത്ത രമണ്‍ദീപ് സിംഗായിരുന്നു പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. അന്‍മോല്‍പ്രീത് സിംഗ് 57 റണ്‍സെടുത്തു. മുംബൈക്കായി മുഷീര്‍ ഖാന്‍ 3 വിക്കറ്റെടുത്തു.

Tags:    

Similar News