രോഹിതിനെയും കോലിയെയും 'തരംതാഴ്ത്തും'; ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ 'പോസ്റ്റര്‍ ബോയ്' ഗില്ലിന് വമ്പന്‍ ലോട്ടറി; പ്രമോഷന്‍ പ്രതീക്ഷിച്ച് യുവതാരങ്ങള്‍; 'എ' പ്ലസ് വിഭാഗം ഒഴിവാക്കും; ബി.സി.സി.ഐ വാര്‍ഷിക കരാറില്‍ വന്‍ മാറ്റങ്ങള്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കുന്ന വാര്‍ഷിക കരാറുകള്‍ പൊളിച്ചെഴുതാന്‍ ബിസിസിഐ. വാര്‍ഷിക കരാറില്‍ നിലവിലുള്ള എ പ്ലസ് വിഭാഗം ഒഴിവാക്കാനാണ് അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ബിസിസിഐക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് നടപ്പിലായാല്‍ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് എ പ്ലസ് കരാര്‍ നഷ്ടമാവും. മൂന്ന് ഫോര്‍മാറ്റിലും ടീമില്‍ സ്ഥാനമുറപ്പുള്ള താരങ്ങള്‍ക്കാണ് ഏഴ് കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള എ പ്ലസ് കരാര്‍ ബിസിസിഐ നല്‍കുന്നത്. ഇതില്‍ വിരാട് കോലിയും രോഹിത് ശര്‍മയും ടെസ്റ്റില്‍ നിന്നും ട്വന്റി 20യില്‍ നിന്നും രവീന്ദ്ര ജഡേജ ട്വന്റി 20യില്‍ നിന്നും 2024ല്‍ വിരമിച്ചിരുന്നു. നിലവില്‍ കോലിയും രോഹിത്തും ഏകദിനങ്ങളിലും ജഡേജ ഏകദിനങ്ങളിലും ടെസ്റ്റിലും മാത്രമാണ് ഇന്ത്യക്ക് കളിക്കുന്നത്. എ പ്ലസ് കരാറിലുള്ള ജസ്പ്രീത് ബുമ്രയാകട്ടെ പരിക്കിന്റെ ഭീഷണിയുള്ളതിനാല്‍ തെരഞ്ഞെടുത്ത മത്സരങ്ങളില്‍ മാത്രമാണ് മൂന്ന് ഫോര്‍മാറ്റിലുമായി കളിക്കുന്നത്. ഈ സാഹചര്യത്തിലാണ് വാര്‍ഷിക കരാറുകളില്‍ സമഗ്ര പരിഷ്‌കാരത്തിന് ബിസിസിഐ തയാറെടുക്കുന്നത് എന്നാണ് സൂചന.
പുതിയ പരിഷ്‌കാരം അനുസരിച്ച് എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ മാത്രമായിരിക്കും കളിക്കാര്‍ക്ക് കരാര്‍ നല്‍കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ എ വിഭാഗങ്ങളിലുള്ള താരങ്ങള്‍ക്ക് അഞ്ച് കോടി രൂപയും ബി വിഭാഗത്തിലുള്ളവര്‍ക്ക് മൂന്ന് കോടിയും സി വിഭാഗത്തിലുള്ളവര്‍ക്ക് ഒരു കോടി രൂപയുമാണ് വാര്‍ഷിക പ്രതിഫലം. എ കാറ്റഗറിയില്‍ രോഹിത്തിനെയും കോലിയെയും ബുമ്രയെയും ഉള്‍പ്പെടുത്തുമ്പോള്‍ ടെസ്റ്റ്, ഏകദിന നായകനും ബിസിസിഐയുടെ പോസ്റ്റര്‍ ബോയിയുമായി ശുഭ്മാന്‍ ഗില്ലിനെയും എ കാറ്റഗറിയിലേക്ക് ഉയര്‍ത്തുമെന്നാണ് കരുതുന്നത്.
വിരാട് കോലിയെയും രോഹിത് ശര്‍മയെയും ബി വിഭാഗത്തിലേക്ക് തരംതാഴ്ത്തുമെന്നാണ് വിവരം. ഓരോ വിഭാഗങ്ങള്‍ക്കും നല്‍കുന്ന കരാര്‍ തുകയില്‍ മാറ്റം വരുത്തണമോയെന്ന് ബിസിസിഐ അപെക്‌സ് കൗണ്‍സില്‍ യോഗത്തില്‍ മാത്രമേ തീരുമാനമാനമാകൂ. നിലവില്‍, എ പ്ലസ് വിഭാഗത്തിന് പ്രതിവര്‍ഷം 7 കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. എ, ബി, സി വിഭാഗങ്ങളിലെ താരങ്ങള്‍ക്ക് യഥാക്രമം 5 കോടി, 3 കോടി, 1 കോടി എന്നിങ്ങനെയാണ് നല്‍കുന്നത്. മാച്ച് ഫീസിനു പുറമേയാണ് ഈ തുക നല്‍കുന്നത്.
എ പ്ലസ് കാറ്റഗറിയിലുള്ള ബുമ്ര പോലും തിരഞ്ഞെടുത്ത മത്സരങ്ങളില്‍ മാത്രമാണ് കളിക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി ഏകദിനത്തില്‍ കളിക്കുന്നുമില്ല. ഇതോടെയാണ് കരാറില്‍ സമ്പൂര്‍ണ അഴിച്ചുപണിക്ക് അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സിലക്ഷന്‍ കമ്മിറ്റി നിര്‍ദേശം നല്‍കിയത്. നിലവിലെ ഗ്രേഡുകള്‍ ഇങ്ങനെയാണ്.
എ+ : രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ
എ: മുഹമ്മദ് സിറാജ്, കെ.എല്‍.രാഹുല്‍, ശുഭ്മന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്
ബി: സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍
സി: റിങ്കു സിങ്, തിലക് വര്‍മ, ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, രവി ബിഷ്‌ണോയ്, വാഷിങ്ടന്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, രജത് പട്ടീദാര്‍, ധ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, ആകാശ് ദീപ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ
ഉയര്‍ന്ന വിഭാഗത്തില്‍ ആരൊക്കെ?
മൂന്നു ഫോര്‍മാറ്റുകളിലും സജീവമായ താരങ്ങള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്നത്. അതിനാല്‍ ജസ്പ്രീത് ബുമ്ര തീര്‍ച്ചയായും ഉയര്‍ന്ന വിഭാഗത്തിലാകും. ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ ശുഭ്മന്‍ ഗില്ലും ഈ വിഭാഗത്തിലുണ്ടാകും. മറ്റു താരങ്ങള്‍ ആരൊക്കെയാകും എന്നതിലാണ് ആകാംക്ഷ.
മാറ്റങ്ങള്‍ എന്തൊക്കെ?
ഇന്ത്യന്‍ ടീമില്‍ ഏറെക്കാലമായി പരിഗണിക്കാത്ത മുഹമ്മദ് ഷമിക്ക് ബിസിസിഐയുമായുള്ള കരാര്‍ നഷ്ടപ്പെട്ടേയ്ക്കാം. ഏകദിനത്തിലും ടെസ്റ്റിലും സ്ഥിരമായ അര്‍ഷ്ദീപ് സിങ് സിയില്‍ നിന്ന് ബിയിലേക്ക് ഉയര്‍ന്നേക്കും. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന ഹര്‍ഷിത് റാണയ്ക്കും പ്രമോഷന്‍ കിട്ടിയേക്കും.
