കണ്ണൂര്‍ രാമന്തളി സ്വദേശി അലിഷാന്‍ ഷറഫു യുഎഇ ടീമിന്റെ ഓപ്പണര്‍; പഞ്ചാബില്‍ നിന്നും മിലാനിലെത്തി ഊബര്‍ ഓടിച്ചവന്‍ ഇറ്റലിയുടെ പേസ് കുന്തമുന; കാനഡയിലും അമേരിക്കയിലും പകുതിയിലേറെയും നമ്മുടെ പയ്യന്മാര്‍! വാംഖഡെയില്‍ ഇന്ത്യക്കെതിരെ പന്തെറിയാന്‍ സൂര്യകുമാറിന്റെ പണ്ടത്തെ ചങ്ങാതിയും; ലോകകപ്പില്‍ ബ്ലൂ ടൈഗേഴ്‌സിന് പുറമെ മറ്റ് രാജ്യങ്ങള്‍ക്കായി പൊരുതാന്‍ 40 ഇന്ത്യന്‍ 'താരങ്ങള്‍'

Update: 2026-02-03 12:15 GMT

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിന് അരങ്ങുണരാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ മാറ്റുരയ്ക്കുന്ന 20 ടീമുകളില്‍ ഇന്ത്യന്‍ വംശജരായ താരങ്ങളുടെ സാന്നിദ്ധ്യമാണ് ശ്രദ്ധേയമാകുന്നത്. ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയുടെ നീല ജേഴ്സി അണിയുന്ന 15 താരങ്ങള്‍ മാത്രമല്ല, വിവിധ വിദേശ രാജ്യങ്ങള്‍ക്കായി കളത്തിലിറങ്ങുന്ന 40 ഇന്ത്യന്‍ വംശജരായ ക്രിക്കറ്റ് താരങ്ങളാണ് ഇത്തവണത്തെ ടൂര്‍ണമെന്റിലെ കൗതുകകരമായ കാഴ്ച. ഇതില്‍ കാനഡ, അമേരിക്ക, ഒമാന്‍, യുഎഇ എന്നീ നാല് ടീമുകളില്‍ മാത്രമായി 34 ഇന്ത്യന്‍ താരങ്ങള്‍ അണിനിരക്കുന്നു. ഇവരില്‍ ഒരു മലയാളി താരവുമുണ്ട്.

കാനഡയും അമേരിക്കയും ലോകകപ്പിന് ഒരുങ്ങുന്നത് തന്നെ ഇന്ത്യന്‍ താരങ്ങളുടെ കരുത്തിലാണ്. ലോകകപ്പ് ടീമുകളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വംശജരുള്ളത് കാനഡയിലാണ്. ടീമിലെ 11 പേരും ഇന്ത്യന്‍ വംശജര്‍. പഞ്ചാബ് ക്രിക്കറ്റില്‍ അവസരം തേടി ഒടുവില്‍ കാനഡയിലെത്തി ടീം നായകനായ ദില്‍പ്രീത് ബജ്വയാണ് ഇതില്‍ പ്രമുഖന്‍. ദില്‍പ്രീത് ബജ്വ പഞ്ചാബ് ക്രിക്കറ്റ് ടീമില്‍ അവസരം ലഭിക്കാതെ വന്നതോടെയാണ് കാനഡയിലേക്ക് കുടിയേറിയത്.

കാനഡ കഴിഞ്ഞാല്‍ അമേരിക്കയാണ് ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യം കൊണ്ട് നിറഞ്ഞ മറ്റൊരു ടീം.ഒന്‍പത് ഇന്ത്യന്‍ വംശജരാണ് യുഎസ്എ ടീമിലുള്ളത്. ഇതില്‍ ശ്രദ്ധേയന്‍ പേസര്‍ സൗരഭ് നേത്രാവല്‍ക്കറാണ്. ഒരിക്കല്‍ സൂര്യകുമാര്‍ യാദവിനൊപ്പം ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍ കളിച്ച സൗരഭ്, ഇത്തവണ സ്വന്തം നാടായ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യക്കെതിരെ പന്തെറിയും. ഗുജറാത്ത് സ്വദേശിയായ ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേലും അമേരിക്കന്‍ കരുത്താണ്. ഗുജറാത്തിലെ ആനന്ദിലാണ് അമേരിക്കന്‍ ടീം അംഗമായ മൊനാങ്ക് പട്ടേല്‍ ജനിച്ചത്. ഗുജറാത്തിനായി ജസ്പ്രീത് ബുമ്രക്കൊപ്പം അണ്ടര്‍ 19 ക്രിക്കറ്റില്‍ കളിച്ചിട്ടുള്ള താരമാണ് മൊനാങ്ക്.

ഗള്‍ഫ് കരുത്തില്‍ 'കണ്ണൂര്‍ കണക്ഷന്‍' ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു. ഒമാന്‍, യുഎഇ ടീമുകളെ നയിക്കുന്നതും താങ്ങിനിര്‍ത്തുന്നതും ഇന്ത്യന്‍ താരങ്ങളാണ്. ഏഴ് ഇന്ത്യന്‍ വംശജരുള്ള ഒമാന്‍ ടീമിനെ നയിക്കുന്നത് ലുധിയാന സ്വദേശിയായ ജതീന്ദര്‍ സിംഗാണ്. ഒമാന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ ശ്രീലങ്കയിലായതിനാല്‍ ഇന്ത്യയില്‍ കളിക്കുക എന്ന സ്വപ്നം ഇത്തവണയും ജതീന്ദറിന് സാധിക്കാനിടയില്ല.

ഒമാനെപ്പോലെ തന്നെ ഗള്‍ഫ് മേഖലയില്‍ നിന്ന് ലോകകപ്പ് കളിക്കാനെത്തുന്ന യുഎഇ ടീമിലും ഇന്ത്യന്‍ താരങ്ങളാണ് കരുത്ത്. ഏഴ് ഇന്ത്യന്‍ വംശജരാണ് യുഎഇ ടീമിലുള്ളത്. മലയാളി താരം അലിഷാന്‍ ഷറഫു ആണ് യഎഇ ടീമിന്റെ ഓപ്പണര്‍. കണ്ണൂര്‍ രാമന്തളി സ്വദേശി ഷറഫുദ്ദീന്റെയും പഴയങ്ങാടി വാടിക്കല്‍ റുഫൈസയുടെയും മകനാണ് ഷറഫു. ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ ഓപ്പണറായി കളിച്ച ഷറഫു 17 പന്തില്‍ 22 റണ്‍സെടുത്ത് യുഎഇയുടെ ടോപ് സ്‌കോററുമായിരുന്നു. ഈ നാലു ടീമുകളില്‍ മാത്രം 34 ഇന്ത്യന്‍ വംശജരാണുള്ളത്.

ഊബര്‍ ഡ്രൈവറില്‍ നിന്ന് ഇറ്റലിയുടെ ലോകകപ്പ് താരമായി എത്തുന്ന ജസ്പ്രീത് സിംഗും ഇതിനകം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിക്കഴിഞ്ഞു. ഇറ്റലി ആദ്യമായി ലോകകപ്പ് കളിക്കുമ്പോള്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് പഞ്ചാബിലെ ഫഗ്വാരയില്‍ നിന്ന് മിലാനിലേക്ക് കുടിയേറിയ ജസ്പ്രീത് സിംഗിനെയാണ്. ഉപജീവനത്തിനായി ഒരുകാലത്ത് ഊബര്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ജസ്പ്രീത് ഇന്ന് ഇറ്റലിയുടെ കുന്തമുനയായ ബൗളറാണ്. 2006ലാണ് ജസ്പ്രീത് ഇറ്റലിയിലെ മിലാനിലേക്ക് കുടിയേറിയത്.

നെതര്‍ലന്‍ഡ്സ് നിരയിലെ ഏക ഇന്ത്യന്‍ വംശജനാണ് ആര്യന്‍ ദത്ത്. പഞ്ചാബില്‍ നിന്നും കുടിയേറിയവരാണ് ആര്യന്റെ കുടുംബം. 2023ലെ ഏകദിന ലോകകപ്പിലും ആര്യം നെതര്‍ലന്‍ഡ്‌സിനായി ഇന്ത്യയില്‍ കളിച്ചിരുന്നു. ഇതിന് പുറമെ കരുത്തരായ ന്യൂസിലന്‍ഡ് ടീമില്‍ രണ്ട് ഇന്ത്യന്‍ വംശജരുണ്ട്. രച്ചിന്‍ രവീന്ദ്രയും ഇഷ് സോധിയും. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കേശവ് മഹാരാജും വെസ്റ്റ് ഇന്‍ഡീസ് ടീമിലെ ഗുഡകേഷ് മോടിയും ഇന്ത്യന്‍ വംശജരാണ്. 20 ടീമുകളെ 5 വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടക്കുക. ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട് ടീമുകള്‍ സൂപ്പര്‍ 8 ഘട്ടത്തിലേക്ക് കടക്കും. മാര്‍ച്ച 8-നാണ് ഫൈനല്‍

Tags:    

Similar News