നിവിൻ പോളിയും അജു വർഗ്ഗീസും വീണ്ടും ഒന്നിക്കുന്ന ‘സർവ്വം മായ’യ്ക്ക് പാക്കപ്പ്; 'ഗോസ്റ്റ് ഇമോജി'യിൽ മുഖം മറച്ച ആ നായിക ആരെന്ന് സോഷ്യൽ മീഡിയ; ചിത്രങ്ങൾ വൈറൽ
കൊച്ചി: നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സർവ്വം മായ’യുടെ ചിത്രീകരണം പൂർത്തിയായി. ചിത്രീകരണം അവസാനിച്ച വിവരം പങ്കുവെച്ച് നിവിൻ പോളി പങ്കുവെച്ച പാക്കപ്പ് ചിത്രമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തിന്റെ മുഖം ഒരു 'ഗോസ്റ്റ് ഇമോജി' ഉപയോഗിച്ച് മറച്ചാണ് നിവിൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇത് സിനിമയിലെ ആരാണെന്നുള്ള ചർച്ചകൾ സജീവമാണ്.
‘സർവ്വം മായ’ ഒരു ഹൊറർ-സസ്പെൻസ് ത്രില്ലർ ആയിരിക്കുമെന്ന സൂചനയുള്ളതുകൊണ്ട്, ഗോസ്റ്റ് ഇമോജിക്ക് പിന്നിൽ ഒളിപ്പിച്ച ഈ കഥാപാത്രത്തിന് സിനിമയിൽ വലിയ പ്രാധാന്യം ഉണ്ടാകുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഈ നായികയെ ഒരു സർപ്രൈസായി നിലനിർത്തുകയാണോ എന്നും സംശയങ്ങൾ ഉയരുന്നുണ്ട്.
‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സർവ്വം മായ’. നിവിൻ പോളിയും അജു വർഗീസും വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ ആകർഷണങ്ങളിൽ ഒന്നാണ്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ് കുമാറും രാജീവ് മേനോനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ജസ്റ്റിൻ പ്രഭാകരൻ സംഗീതം നൽകുന്നു. ചിത്രം ഡിസംബർ 25-ന് ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.