ടി20 ലോകകപ്പിൽ കളിക്കുമോയെന്ന് വ്യക്തമാക്കാതെ പാക്കിസ്ഥാൻ; കൊളംബോയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് സൽമാൻ അലി ആഘയും സംഘവും; നിർണായക തീരുമാനം ഫെബ്രുവരി 2ന്

Update: 2026-01-31 07:37 GMT

ദുബൈ: ടി20 ലോകകപ്പ് 2026-ൽ പാക്കിസ്ഥാന്റെ പങ്കാളിത്തം സംബന്ധിച്ച നിർണായക തീരുമാനം ഫെബ്രുവരി 2-ന് പ്രഖ്യാപിക്കുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മുഹ്‌സിൻ നഖ്‌വി ദുബൈയിൽ അറിയിച്ചു. നേരത്തെ വെള്ളിയാഴ്ച തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, പാക് അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടാകാത്തതിനെത്തുടർന്ന് ഇത് മാറ്റിവെക്കുകയായിരുന്നു.

എന്നാൽ, ഈ അനിശ്ചിതത്വങ്ങൾക്കിടയിലും പാക് ക്യാപ്റ്റൻ സൽമാൻ അലി ആഘയുടെ നേതൃത്വത്തിലുള്ള ടീം കൊളംബോയിലേക്കുള്ള വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തത് ശ്രദ്ധേയമായി. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫുമായി പിസിബി അധികൃതർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയ്ക്ക് ശേഷമാണ് ഫെബ്രുവരി 2-ന് തീരുമാനം അറിയിക്കാമെന്ന് പിസിബി വ്യക്തമാക്കിയത്.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലുമായി (ഐസിസി) മികച്ച ബന്ധം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് പിസിബി പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന് ഒരു പ്രത്യേക റിപ്പോർട്ട് നൽകിയതായും വിവരമുണ്ട്. മത്സരത്തിൽ നിന്ന് പിന്മാറിയാൽ ഐസിസിയുടെ കടുത്ത നടപടികൾക്ക് പാക്കിസ്ഥാൻ വിധേയരാകേണ്ടി വരുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ, ടൂർണമെന്റിൽ നിന്ന് ടീം പിന്മാറാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Tags:    

Similar News