ത്രിരാഷ്ട്ര ടി20 പരമ്പരയിൽ പാകിസ്ഥാന് തുടർച്ചയായ രണ്ടാം വിജയം; യുഎഇയെ തകർത്തത് 31 റൺസിന്; ഹസൻ അലിക്ക് 3 വിക്കറ്റ്
ഷാർജ: ത്രിരാഷ്ട്ര ടി20 പരമ്പരയിൽ പാക്കിസ്ഥാന് തുടർച്ചയായ രണ്ടാം വിജയം. ഇന്നലെ നടന്ന മത്സരത്തിൽ യുഎഇയെ 31 റൺസിന് പാകിസ്ഥാൻ പരാജയപ്പെടുത്തി. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ 207 റൺസിന് എല്ലാവരും പുറത്തായി. യുഎഇക്ക് വേണ്ടി ജുനൈദ് സിദിഖും സഗീർ ഖാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ യുഎഇക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടാനാണ് സാധിച്ചത്. ആസിഫ് ഖാൻ 77 റൺസെടുത്തു. യുഎഇയുടെ മലയാളി താരം അലിഷാൻ ഷറഫു മൂന്ന് റൺസെടുത്ത് പുറത്തായി. വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച യുഎഇക്ക് തുടക്കം മുതലേ തകർച്ച നേരിട്ടു. മുഹമ്മദ് സൊഹൈബ് (13), മുഹമ്മദ് വസീം (33) എന്നിവർ മികച്ച തുടക്കം നൽകിയെങ്കിലും അധികനേരം ക്രീസിൽ നിന്നില്ല. ഏതൻ ഡിസൂസ (3), അലിഷാൻ ഷറഫു (3), രാഹുൽ ചോപ്ര (11) എന്നിവരും വേഗത്തിൽ പുറത്തായത് യുഎഇയെ പ്രതിരോധത്തിലാക്കി.
പിന്നീട് ആസിഫ് ഖാന്റെ ഒറ്റയാൾ പോരാട്ടമാണ് യുഎഇയെ നാണക്കേടിൽ നിന്ന് കരകയറ്റിയത്. ധ്രുവ് പരാഷർ (15), സഗീർ ഖാൻ (11) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ഹൈദർ അലി (1), ജുനൈദ് സിദിഖ് (0) എന്നിവർ പുറത്താവാതെ നിന്നു. നേരത്തെ പാകിസ്ഥാന് വേണ്ടി സെയിം അയൂബ് (69), ഹസൻ നവാസ് (56) എന്നിവരുടെ മികച്ച ബാറ്റിംഗ് സ്കോർ ഉയർത്തി. മുഹമ്മദ് നവാസ് (25), ഹഹീം അഷ്‌റഫ് (16) എന്നിവരും മികച്ച സംഭാവന നൽകി. പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെയും പരാജയപ്പെടുത്തിയിരുന്നു.