'നമ്മുടെ ചെയർമാൻ ആഭ്യന്തര മന്ത്രി കൂടിയാണെന്ന് അവർക്ക് അറിയില്ലായിരുന്നു'; ഇന്ത്യ മുഴുവൻ ഇപ്പോൾ ആ ട്രോഫിക്ക് പിന്നാലെ ഓടുകയാണ്; ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഭീകരവാദികളാണെന്നും പാക്ക് ഗവർണർ
ഇസ്‌ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ഭീകരരുമായി താരതമ്യം ചെയ്തത് പാക്കിസ്ഥാൻ സിന്ധ് പ്രവിശ്യയുടെ ഗവർണറായ കമ്രാൻ ടെസ്സോറി. ഏഷ്യാ കപ്പ് ട്രോഫി സമ്മാനിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഏഷ്യ കപ്പിന്റെ ട്രോഫി നൽകാതെ ടീം ഇന്ത്യയെയും ബിസിസിഐയെയും കബളിപ്പിച്ച ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാനും പാക്കിസ്താന്റെ ആഭ്യന്തര മന്ത്രിയുമായ മുഹ്‌സിൻ നഖ്‌വിയെ ഗവർണർ ടെസ്സോറി പ്രശംസിക്കുകയും ചെയ്തു.
'ഇന്ത്യൻ ടീം ട്രോഫി വാങ്ങാതിരുന്നപ്പോൾ അദ്ദേഹം ക്ഷമയോടെ അവിടെത്തന്നെ നിന്നു. നഖ്‌വി പോയിക്കഴിഞ്ഞാൽ മറ്റൊരാളിൽനിന്ന് ട്രോഫി വാങ്ങാമെന്ന് അവർ കരുതിയിരിക്കാം. പക്ഷേ, നമ്മുടെ ചെയർമാൻ പാക്കിസ്താന്റെ ആഭ്യന്തര മന്ത്രി കൂടിയാണെന്ന് അവർക്ക് അറിയില്ലായിരുന്നു. ചെയർമാൻ ടീം ഇന്ത്യയോട് ഭീകരരെപ്പോലെയാണ് പെരുമാറിയത്. അദ്ദേഹം ട്രോഫി കാറിൽ കൊണ്ടുപോയി. ഇപ്പോൾ ഇന്ത്യ മുഴുവൻ ആ ട്രോഫിക്ക് പിന്നാലെ ഓടുകയാണ്,' ടെസ്സോറി പരിഹസിച്ചു.
ഫൈനലിൽ പാക്കിസ്താനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ ഏഷ്യ കപ്പ് നേടിയത്. എന്നാൽ, നഖ്‌വിയിൽനിന്ന് ട്രോഫി സ്വീകരിക്കാൻ ടീം വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിനെത്തുടർന്ന്, ഒരു മണിക്കൂറിന് ശേഷം നഖ്‌വി ട്രോഫിയുമായി മടങ്ങിയതായും സൂചനയുണ്ട്. ദുബായിലെ എസിസി ഓഫീസിൽനിന്ന് ട്രോഫി അബുദാബിയിലേക്ക് നഖ്‌വി മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.