മത്സര ദിവസങ്ങളില്‍ ലാഹോറിലെത്തി മത്സരശേഷം മടങ്ങാന്‍ സൗകര്യമൊരുക്കാം; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കായ് പുതിയ ഫോര്‍മുല മുന്നോട്ട് വച്ച് പാക്കിസ്ഥാന്‍; വേദി ലാഹോറില്‍ ക്രമീകരിക്കാമെന്നും എസ് ജയശങ്കറിനോട് നേരിട്ടവതരിപ്പിച്ച് പിസിബി

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കായ് പുതിയ ഫോര്‍മുല മുന്നോട്ട് വച്ച് പാക്കിസ്ഥാന്‍

Update: 2024-10-18 18:25 GMT

ന്യൂഡല്‍ഹി: ഐസിസി ചാമ്പ്യന്‍സ്ട്രോഫിക്ക് പാക്കിസ്ഥാന്‍ വേദിയാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.ഗവണ്‍മെന്റ് തലത്തില്‍ വരെ ചര്‍ച്ചകള്‍ നടന്നെങ്കിലും ഇന്ത്യ അന്തിമമായി തീരുമാനം അറിയിച്ചിട്ടില്ല.വേദി മാറ്റണമെന്ന നിര്‍ദ്ദേശം തന്നെയാണ് ഇപ്പോഴും ഇന്ത്യ മുന്നോട്ട് വെക്കുന്നത്.എന്നാല്‍ ഇന്ത്യ മത്സരിക്കാതെയിരുന്നാല്‍ ഇത് ടൂര്‍ണ്ണമെന്റിനെ തന്നെ പ്രതികൂലമായി ബാധിക്കും.തുടക്കത്തില്‍ ഇന്ത്യയുടെ നിലപാടിനെ വിമര്‍ശിച്ച പാക്കിസ്ഥാന്‍ ഇപ്പോള്‍ അനുനയത്തിന്റെ പാതയിലാണ്.

ഇതിനെ തുടര്‍ന്ന് ഇന്ത്യയെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക ഫോര്‍മുല തയ്യാറാക്കി അത് എസ് ജയശങ്കറിനോട് നേരിട്ടവതരിപ്പിച്ചിരിക്കുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്.പാകിസ്ഥാനില്‍ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കായി ജയശങ്കര്‍ പങ്കെടുത്തിരുന്നു.ഈ സന്ദര്‍ശന വേളയില്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും അനൗദ്യോഗികമായി നടന്നുവെന്നാണ് ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇരു വിദേശകാര്യമന്ത്രിമാരും സംസാരിക്കുന്നതിനിടെ പിസിബി തലവന്‍ മൊഹ്‌സിന്‍ നഖ്വിയും എസ് ജയശങ്കറുമായി സംസാരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇഷാഖ് ദാറുമായുള്ള ചര്‍ച്ചകള്‍ക്കിടെ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന്റെ പാക് സന്ദര്‍ശനവും ഉയര്‍ന്നുവരികയായിരുന്നു.ഇന്ത്യയെ പങ്കെടുപ്പിക്കാന്‍ പ്രത്യേക ഫോര്‍മുല തന്നെ മുന്നോട്ടുവച്ചിരിക്കുകയാണ് പിസിബി.

പുതിയ ഫോര്‍മുല അനുസരിച്ച് മത്സര ദിവസങ്ങളില്‍ മാത്രം ലാഹോറിലേക്ക് എത്തി മത്സരം കഴിഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള സംവിധാനം ഒരുക്കാന്‍ പിസിബി തയ്യാറാണ്.മൊഹാലിയില്‍ നിന്ന് വളരെ അടുത്താണ് ലാഹോര്‍.

അതുകൊണ്ട് തന്നെ ഇന്ത്യയുടെ പരിശീലനവും ക്യാമ്പും മത്സരങ്ങള്‍ക്കിടയിലെ ഇടവേള ദിനങ്ങളില്‍ മൊഹാലിയില്‍ സംഘടിപ്പിക്കുകയും ചെയ്യാം.മാത്രമല്ല ലൊജിസ്റ്റിക്‌സ് കാരണങ്ങള്‍ക്കും മൊഹാലി കുറച്ചുകൂടി എളുപ്പമാണ് ലാഹോറില്‍ നിന്ന്.മൊഹാലിയില്‍ ക്യാമ്പ് ചെയ്ത ശേഷം മത്സര ദിവസങ്ങളില്‍ മാത്രം പാകിസ്ഥാനിലേക്ക് വരികയാണെങ്കില്‍ ഇന്ത്യക്ക് പാകിസ്ഥാനിലെ ഹോട്ടലുകളില്‍ താമസിക്കേണ്ട ആവശ്യം വരില്ലെന്നും പിസിബി മുന്നോട്ടുവച്ച ഫോര്‍മുലയില്‍ പറയുന്നു.

ഗ്രൂപ്പിലെ രണ്ടാം മത്സരത്തിന് ശേഷം ഒരാഴ്ചത്തെ ഇടവേളയുണ്ട് ഇന്ത്യക്ക് അടുത്ത മത്സരത്തിന് ഈ സമയത്ത് ഉള്‍പ്പെടെ നാട്ടിലേക്ക് മടങ്ങി അവിടെ പരിശീലനം നടത്താനും കഴിയുമെന്നാണ് പിസിബി മുന്നോട്ടുവയ്ക്കുന്ന രീതിയില്‍ പറയുന്നത്.ഇന്ത്യയുമായി വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന നിലയിലാണ് ഇന്ത്യയുടെ മത്സരങ്ങളും ഇന്ത്യ യോഗ്യത നേടിയാല്‍ കളിക്കേണ്ട സെമി ഫൈനല്‍ മത്സരവും ഒപ്പം ഫൈനലും ലാഹോറില്‍ ക്രമീകരിച്ചിരിക്കുന്നത്.

കറാച്ചി, റാവല്‍പിണ്ടി, ലാഹോര്‍ എന്നിവിടങ്ങളാണ് ചാമ്പ്യന്‍സ് ട്രോഫിയുടെ വേദികള്‍. ഇതില്‍ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് നടത്താന്‍ ആലോചിക്കുന്നത്. ഫെബ്രുവരി 20ന് ബംഗ്ലാദേശ്, 23ന് പാകിസ്ഥാന്‍, മാര്‍ച്ച് രണ്ടിന് ന്യൂസിലാന്‍ഡ് എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍. ടൂര്‍ണമെന്റിന് വേണ്ടി വന്‍ തുക ചിലവഴിച്ച് കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയവും ലാഹോര്‍ സ്റ്റേഡിയവും പിസിബി പുതുക്കി പണിയുകയാണ്.

ഇന്ത്യ യോഗ്യത നേടിയാല്‍ സെമിയും ഫൈനലും ഉള്‍പ്പെടെയുള്ളവ ദുബായിലേക്ക് മാറ്റണമെന്നാണ് ഇന്ത്യയുടെ ആവശ്യം എന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ വേദിയായ ഏഷ്യ കപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ ശ്രീലങ്കയിലാണ് നടത്തിയത്.ആതിഥേയരായ പാകിസ്ഥാന്‍ പോലും ഇന്ത്യയെ നേരിടാന്‍ ശ്രീലങ്കയിലേക്ക് യാത്ര ചെയ്തിരുന്നു.എന്നാല്‍ തൊട്ടുപിന്നാലെ നടന്ന ലോകകപ്പ് മത്സരങ്ങള്‍ക്കായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് വന്നിരുന്നു.

ഇന്ത്യയില്‍ തങ്ങള്‍ക്ക് ഒരുക്കിയ സൗകര്യങ്ങളിലും ആരാധകരുടെ പിന്തുണയിലും ബാബറും സംഘവും വലിയ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.നിലവില്‍ പിസിബി തലവനായ നഖ്വി പാക് സര്‍ക്കാരിലെ ഒരു മന്ത്രി കൂടിയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ജയശങ്കറുമായി സംസാരിച്ചത്. ഐസിസി തലപ്പത്ത് ജയ് ഷാ കൂടി എത്തിയതോടെ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ പാകിസ്ഥാനിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് പിസിബി.

Tags:    

Similar News