ഏഷ്യാകപ്പിന്റെ ആതിഥേയരായ ഇന്ത്യയെ അവഗണിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ധാക്കയില്‍ നടത്താന്‍ 'പാക്കിസ്ഥാന്റെ' പിടിവാശി; കൗണ്‍സില്‍ അധ്യക്ഷനായ പാക്ക് മന്ത്രി മൊഹ്‌സിന്‍ നഖ്‌വി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിസിസിഐ; ഏഷ്യാ കപ്പ് ത്രിശങ്കുവില്‍; പ്രതികരിക്കാതെ നഖ്വി; ഇന്ത്യ - പാക്ക് 'ക്രിക്കറ്റ് പോര്' തുടരുന്നു
ഏഷ്യാ കപ്പ് ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗം ധാക്കയില്‍ നിന്ന് മാറ്റണമെന്ന് ബിസിസിഐ
മുംബൈ: ഈ വര്‍ഷം നടക്കേണ്ട ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് അനിശ്ചിതത്വത്തില്‍. ഏഷ്യാ കപ്പ് നടത്തുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവനായ പാക്ക് ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി ധാക്കയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. ബംഗ്ലദേശിലെ ധാക്കയില്‍വച്ച് വാര്‍ഷിക യോഗം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ ധാക്കയിലേക്ക് പ്രതിനിധികള്‍ പോകില്ലെന്നാണ് ബിസിസിഐ അറിയിച്ചത്.
യോഗത്തില്‍ പാസാക്കുന്ന കാര്യങ്ങള്‍ ബിസിസിഐ അംഗീകരിക്കില്ലെന്നും പാക്ക് ബോര്‍ഡ് തലവന്‍ കൂടിയായ മൊഹ്‌സിന്‍ നഖ്‌വിയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയാണ് ഏഷ്യാ കപ്പിന്റെ ആതിഥേയര്‍. എന്നാല്‍ ഈ വര്‍ഷം നടക്കേണ്ട ടൂര്‍ണമെന്റിന്റെ മത്സര ക്രമം ഇതുവരെ പുറത്തുവന്നിട്ടില്ല. സെപ്റ്റംബറില്‍ മത്സരങ്ങള്‍ നടക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല. വാര്‍ഷിക യോഗത്തിന്റെ വേദി മാറ്റണമെന്ന നിലപാട് ബിസിസിഐ ആവര്‍ത്തിക്കുമ്പോള്‍, മൊഹ്‌സിന്‍ നഖ്‌വി ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
ആതിഥേയരായ ഇന്ത്യയുടെ പ്രതിനിധികളില്ലാതെ യോഗം നടത്തിയിട്ട് കാര്യമില്ലെന്നതിനാല്‍, ബിസിസിഐയുടെ ആവശ്യത്തിന് എസിസി വഴങ്ങേണ്ടിവരും. ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണയും ബിസിസിഐയ്ക്കാണ്. 2023 ല്‍ നടന്ന ഏഷ്യാകപ്പ് ഫൈനലില്‍ ശ്രീലങ്കയെ തോല്‍പിച്ച് ഇന്ത്യ കിരീടം ചൂടിയിരുന്നു. ട്വന്റി20 ഫോര്‍മാറ്റിലാണ് ഇത്തവണത്തെ മത്സരങ്ങള്‍ നടക്കുക.
ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പൊതുയോഗത്തിന്റെ വേദി ധാക്കയില്‍ നിന്ന് മാറ്റണമെന്നാണ് ബിസിസിഐ ആവശ്യപ്പെട്ടത്. എന്നാല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനായ പാക് ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്വിയുടെ നിര്‍ബന്ധത്തില്‍ വേദി മാറ്റാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇതുവരെ തായാറായിട്ടില്ല.
ബിസിസിഐയുടെ ആവശ്യത്തോട് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും വേദി മാറ്റിയില്ലെങ്കില്‍ ഇന്ത്യ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യ ബഹിഷ്‌കരിച്ചാല്‍ സെപ്റ്റംബറില്‍ നടക്കേണ്ട ആറ് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഏഷ്യാ കപ്പ് ട്വന്റി 20 ടൂര്‍ണമെന്റിന്റെ കാര്യവും പ്രസിന്ധിയിലാവും. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ധാക്കയില്‍ തന്നെ നടത്താന്‍ മെഹ്‌സിന്‍ നഖ്വി ബിസിസിഐക്ക് മേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും കൗണ്‍സില്‍ യോഗത്തിന്റെ വേദി ധാക്കയില്‍ നിന്ന് മാറ്റിയാല്‍ മാത്രമെ ഏഷ്യാ കപ്പ് നടക്കാന്‍ സാധ്യതയുള്ളൂവെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ബിസിസിഐയെ പങ്കെടുപ്പിക്കാതെ യോഗത്തില്‍ എടുക്കുന്ന എന്ത് തീരുമാനവും ബഹിഷ്‌കരിക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
2023ലാണ് അവസാനം ഏഷ്യാ കപ്പ് നടന്നത്. ഏകദിന ലോകകപ്പ് കണക്കിലെടുത്ത് ഏകദിന ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയാണ് നിലവിലെ ജേതാക്കള്‍. ഈ വര്‍ഷം സെപ്റ്റംബറിലാണ് ഏഷ്യാ കപ്പ് നടക്കേണ്ടത്. അതേസമയം, ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഏഷ്യാ കപ്പില്‍ നിന്നും വനിതകളുടെ എമേര്‍ജിംഗ് ഏഷ്യാ കപ്പും ഇന്ത്യ ബഹിഷ്‌കരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 2023ല്‍ പാകിസ്ഥാന്‍ വേദിയായ ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലാണ് നടത്തിയത്. പാകിസ്ഥാന്‍ വേദിയായ ചാമ്പ്യന്‍സ് ട്രോഫിയലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ദുബായ് ആയിരുന്നു വേദിയായത്.