അഹമ്മദാബാദിലെ ഈ സീസണിലെ ഏറ്റവും കുറഞ്ഞ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍; ഐപിഎല്‍ കലാശപ്പോരില്‍ പഞ്ചാബിന് 191 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ബംഗളുരു; ടോപ്പ് സ്‌കോററായി വിരാട് കോഹ്ലി; കന്നിക്കിരീടത്തിലേക്ക് കണ്ണുംനട്ട് പഞ്ചാബും ബംഗളുരുവും

ഐപിഎല്‍ കലാശപ്പോരില്‍ പഞ്ചാബിന് 191 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ബംഗളുരു

Update: 2025-06-03 16:25 GMT

അഹമ്മദാബാദ്: നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഈ സീസണിലെ ഏറ്റവും കുറഞ്ഞ ഒന്നാം ഇന്നിങ്ങസ് സ്‌കോര്‍ കണ്ട കലാശപ്പോരില്‍ പഞ്ചാബിന് മുന്നില്‍ 191 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ബംഗളുരു.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ആര്‍സിബിക്ക് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് കണ്ടെത്താന്‍ കഴിഞ്ഞത്.43 റണ്‍സെടുത്ത വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍.പഞ്ചാബിനുവേണ്ടി കെയ്ല്‍ ജയ്മിസണും അര്‍ഷ്ദീപ് സിംഗും മൂന്ന് വിക്കറ്റ് വീതമെടുത്തു.റണ്‍സ് കണ്ടെത്താന്‍ ബംഗളുരു ബാറ്റ്സ്മാന്‍മാര്‍ പരിശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ആര്‍സിബി ബാറ്റ്സ്മാന്‍മാരെ പഞ്ചാബ് ബൗളര്‍മാര്‍ പ്രതിരോധത്തിലാക്കുകയായിരുന്നു.

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ ആര്‍സിബിക്ക് പവര്‍ പ്ലേയില്‍ വിരാട് കോലിയും ഫില്‍ സാള്‍ട്ടും നല്ല തുടക്കമാണ് നല്‍കിയത്.അര്‍ഷ്ദീപ് സിംഗിന്റെ ആദ്യ ഓവറില്‍ തന്നെ 13 റണ്‍സടിച്ചു തുടങ്ങിയ സാള്‍ട്ട് പക്ഷെ രണ്ടാം ഓവറില്‍ മടങ്ങി. കെയ്ല്‍ ജമൈസണ്‍ ആണ് സാള്‍ട്ടിനെ(9 പന്തില്‍ 16) വീഴ്ത്തി ആര്‍സിബിക്ക് ആദ്യപ്രഹരമേല്‍പ്പിച്ചത്. രണ്ടാം വിക്കറ്റില്‍ വിരാട് കോലിയും മായങ്ക് അഗര്‍വാളും ചേര്‍ന്ന് പവര്‍പ്ലേയില്‍ ആര്‍സിബിയെ 55 റണ്‍സിലെത്തിച്ചു. എന്നാല്‍ പവര്‍ പ്ലേക്ക് തൊട്ടുപിന്നാലെ ഏഴാം ഓവറില്‍ മായങ്ക് അഹര്‍വാളെ(18 പന്തില്‍ 24) യുസ്വേന്ദ്ര ചാഹല്‍ ആര്‍സിബിയുടെ കുതിപ്പിന് കടിഞ്ഞാണിട്ടു.

അതോടെ ആര്‍സിബി 56-2 എന്ന നിലയിലായി.നായകന്‍ രജത് പാട്ടിദാറാണ് പിന്നീട് ആര്‍സിബിയെ കരകയറ്റാനിറങ്ങിയത്. അതേസമയം ആക്രമണോത്സുക ബാറ്റിങ്ങിന് മുതിരാതെയാണ് കോലി കളിച്ചത്.പതിയെ സിംഗിളുകളുമായി ആങ്കര്‍ റോളിലായിരുന്നു ഇന്നിങ്‌സ്.എന്നാല്‍ നായകന്‍ തകര്‍ത്തടിച്ചതോടെ ആര്‍സിബി പത്തോവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുത്തു.11-ാം ഓവറില്‍ പാട്ടിദാറും പുറത്തായതോടെ ആര്‍സിബി പ്രതിരോധത്തിലായി. 26 റണ്‍സാണ് ആര്‍സിബി നായകന്റെ സമ്പാദ്യം.

മധ്യഓവറുകളില്‍ വേഗം റണ്‍സ് കണ്ടെത്താനാവാത്തത് ആര്‍സിബിക്ക് തിരിച്ചടിയായി. പിന്നാലെ കോലിയും പുറത്തായതോടെ ടീം 131-4 എന്ന നിലയിലായി. 35 പന്തുകള്‍ നേരിട്ട കോലിക്ക് 43 റണ്‍സ് മാത്രമാണ് നേടാനായത്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ജിതേഷ് ശര്‍മയും ലിവിങ്സ്റ്റണും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ സ്‌കോര്‍ 170-കടന്നു. ലിവിങ്സ്റ്റണ്‍ 15 പന്തില്‍ നിന്ന് 25 റണ്‍സും ജിതേഷ് ശര്‍മ 10 പന്തില്‍ നിന്ന് 24 റണ്‍സുമെടുത്തു. റൊമാരിയോ ഷെഫേര്‍ഡ് 17 റണ്‍സെടുത്ത് പുറത്തായി.

അസ്മത്തുള്ള ഒമര്‍സായി എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 14 റണ്‍സടിച്ച ആര്‍സിബി 200 കടക്കുമെന്ന് കരുതിയെങ്കിലും അവസാന ഓവറിലെ രണ്ടാം പന്തില്‍ റൊമാരിയോ ഷെപ്പേര്‍ഡിനെയും(9 പന്തില്‍ 17), നാലാം പന്തില്‍ ക്രുനാല്‍ പാണ്ഡ്യയെയും(5 പന്തില്‍ 4), അവസാന പന്തില്‍ ഭുവനേശ്വര്‍ കുമാറിനെയും(1) വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗ് മൂന്ന് റണ്‍സ് മാത്രം വഴങ്ങി ആര്‍സിബിയെ 190ല്‍ പിടിച്ചുനിര്‍ത്തി. അവസാന അഞ്ചോവറില്‍ 58 റണ്‍സ് മാത്രമാണ് ആര്‍സിബി നേടിയത്. അവസാന 20 പന്തില്‍ 23 റണ്‍സ് മാത്രം നേടിയ ആര്‍സിബിക്ക് 5 വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. പഞ്ചാബിനായി ജമൈസണ്‍ 48 റണ്‍സിനും അര്‍ഷ്ദീപ് സിംഗ് 40 റണ്‍സിനും 3 വിക്കറ്റ് വീതം വീഴ്ത്തി.

ടോസിനു മുന്‍പ് ശങ്കര്‍ മഹാദേവനും സംഘവും നയിക്കുന്ന സംഗീത വിരുന്നും നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അരങ്ങേറി. ഇന്ത്യന്‍ സൈന്യത്തിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള ഐപിഎല്‍ സമാപനച്ചടങ്ങിനിടെ സ്റ്റേഡിയത്തിനു മുകളിലൂടെ ത്രിവര്‍ണ പതാകകളേന്തിയ ഹെലികോപ്റ്ററുകള്‍ പറത്തി.

Tags:    

Similar News