'അശ്വിനെയും ജഡേജയെയും തഴഞ്ഞ് നൂര്‍ അഹമ്മദിന് ടീം മാനേജ്‌മെന്റ് അമിത പ്രാധാന്യം നല്‍കുന്നു'; അശ്വിന്റെ യുട്യൂബ് ചാനലില്‍ വിമര്‍ശനം കടുത്തതോടെ വടിയെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ചെന്നൈയുടെ കളികള്‍ ഒഴിവാക്കുമെന്ന് താരം

അശ്വിന്റെ യുട്യൂബ് ചാനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരങ്ങളുടെ വിലയിരുത്തല്‍ ഉണ്ടാകില്ല

Update: 2025-04-07 07:57 GMT

ചെന്നൈ: സ്വന്തം ടീമംഗത്തിന്റെ യുട്യൂബ് ചാനലില്‍ ടീം മാനേജ്മെന്റിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ നിലപാട് കടുപ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്റെ യുട്യൂബ് ചാനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മത്സരങ്ങളുടെ വിലയിരുത്തല്‍ വിവാദമായതോടെയാണ് നിലപാട് കടുപ്പിച്ചത്. ഐപിഎല്‍ തീരുന്നത് വരെ തന്റെ യുട്യൂബ് ചാനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായി ബന്ധപ്പെട്ട വീഡിയോകളൊന്നും പോസ്റ്റ് ചെയ്യില്ലെന്ന് ആര്‍ അശ്വിന്‍ വ്യക്തമാക്കി. അശ്വിന്റെ യുട്യൂബ് ചാനലില്‍ വന്ന വീഡിയോയില്‍ ചെന്നൈ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ലെമിംഗ് അതൃപ്തി അറിയച്ചതിനെത്തുടര്‍ന്നാണ് തീരുമാനം.

അശ്വിന്റെ പേരിലുള്ള യുട്യൂബ് ചാനലില്‍, അശ്വിനെ തഴഞ്ഞിതിനെതിരെ വിമര്‍ശനം വന്നതാണ് വിവാദമായത്. ഇതിനെതിരെ ആരാധകരില്‍ ചിലര്‍ തന്നെ രംഗത്തെത്തിയിരുന്നു. പിന്നീട് ഇക്കാര്യം ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ്ങിന്റെ മുന്നിലുമെത്തി. വിവാദങ്ങള്‍ കടുത്തതോടെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മത്സരങ്ങള്‍ ഇനിമുതല്‍ തന്റെ യുട്യൂബ് ചാനലില്‍ കൈകാര്യം ചെയ്യില്ലെന്ന വിവരം അശ്വിന്‍ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്.

അശ്വിന്റെ സ്വന്തം ടീമായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മത്സരങ്ങളുമായി ബന്ധപ്പെട്ട അവലോകനങ്ങളും വിലയിരുത്തലുകളും വിവാദമായി മാറിയ സാഹചര്യത്തിലാണ് തീരുമാനം. ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് കൈക്കൊണ്ട ചില തീരുമാനങ്ങളെ, അശ്വിന്റെ യുട്യൂബ് ചാനലില്‍ ചര്‍ച്ചയ്‌ക്കെത്തിയ വിദഗ്ധരില്‍ ചിലര്‍ വിമര്‍ശിച്ചത് വന്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. അശ്വിന്‍, രവീന്ദ്ര ജഡേജ തുടങ്ങിയ സീനിയേഴ്സിനെ തഴഞ്ഞ് അഫ്ഗാന്‍ താരം നൂര്‍ അഹമ്മദിന് ടീം മാനേജ്മെന്റ് അമിത പ്രാധാന്യം നല്‍കുന്നുവെന്നായിരുന്നു വിമര്‍ശനം. ദക്ഷിണാഫ്രിക്ക ദേശീയ ടീമിന്റെയും ഐപിഎലില്‍ ആര്‍സിബിയുടെയും അനിലിസ്റ്റായിരുന്ന പ്രസന്ന അഗോരമാണ് ഇത്തമൊരു വിമര്‍ശനം ഉന്നയിച്ചത്.

ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ചെന്നൈ സൂപ്പര്‍ കിങ്സ് 25 റണ്‍സിനു തോറ്റതിനു പിന്നാലെയാണ്, അശ്വിന്റെ യുട്യൂബ് ചാനലിലെ വിമര്‍ശനവുമായി ബന്ധപ്പെട്ട് ഫ്ലെമിങ്ങിനു മുന്നില്‍ ചോദ്യമുയര്‍ന്നത്. അശ്വിന്റെ യുട്യൂബ് ചാനലിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ഫ്ലെമിങ്ങിന്റെ മറുപടി. അതിന് പ്രസക്തിയില്ലെന്നും ഫ്ലെമിങ് മറുപടി നല്‍കി. ഇതോടെയാണ് ചെന്നൈ സൂപ്പര്‍ കിങ്സുമായി ബന്ധപ്പെട്ട വിശകലനങ്ങളും അവലോകനങ്ങളും ഒഴിവാക്കാന്‍ അശ്വിന്‍ തീരുമാനിച്ചത്.

അശ്വിനൊരു യുട്യൂബ് ചാനലുള്ളതായി തനിക്കറിയില്ലെന്ന് ഫ്‌ലെമിംഗ് പറഞ്ഞു. അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. അത് അപ്രസക്തമായ കാര്യമാണെന്നും ഫ്‌ലെമിംഗ് പറഞ്ഞു.ഇതിന് പിന്നാലെയാണ് അശ്വിന്റെ യുട്യൂബ് ചാനലില്‍ അഡ്മിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ചെന്നൈയുടെ മത്സരങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളൊന്നും കവര്‍ ചെയ്യില്ലെന്നും കഴിഞ്ഞ ആഴ്ച തന്റെ ചാനില്‍ നടന്നൊരു ചര്‍ച്ചയെ എങ്ങനെയൊക്കെയാണ് വ്യാഖ്യാനിച്ചതെന്നതിനെക്കുറിച്ച് പൂര്‍ണ ബോധ്യമുണ്ടെന്നും അശ്വിന്‍ കുറിപ്പില്‍ വ്യക്തമാക്കി. ചെന്നൈയുടെ മത്സരങ്ങളെക്കുറിച്ചുള്ള പ്രിവ്യൂ, റിവ്യൂ എന്നിവയൊന്നും സീസണ്‍ തീരുംവരെ പോസ്റ്റ് ചെയ്യില്ലെന്നും അശ്വിന്‍ വീഡിയോയില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അശ്വിന്‍ ഈ സീസണോടെ ഐപിഎല്ലില്‍ നിന്നും വിരമിക്കുമെന്നാണ് കരുതുന്നത്. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന അശ്വിനെ 9.75 കോടി മുടക്കിയാണ് ചെന്നൈ അശ്വിനെ തിരിച്ചെത്തിച്ചത്. എന്നാല്‍ സീസണില്‍ ചെന്നൈക്കായി തിളങ്ങാന്‍ ഇതുവരെ അശ്വിനായിട്ടില്ല. 16.66 ലക്ഷം സബ്‌ക്രൈബര്‍മാരുള്ള അശ്വിന്റെ യുട്യൂബ് ചാനലിലെ ക്രിക്കറ്റുമായ വിശകലനങ്ങള്‍ ആരാധകര്‍ കൗതുകത്തോടെയാണ് കാണാറുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെയും ഐപിഎല്ലിലെയും ആരാധകര്‍ക്കറിയാത്ത പല കാര്യങ്ങളെക്കുറിച്ചിം അശ്വിന്‍ തന്റെ ചാനലില്‍ തുറന്നു പറയാറുണ്ട്.

അശ്വിന്റെ കുറിപ്പ്

കഴിഞ്ഞ ആഴ്ച മുതല്‍ ഇവിടെ നടക്കുന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍, ചില വിശകലനങ്ങളും വിലയിരുത്തലുകളും ഏതെല്ലാം വിധത്തില്‍ തെറ്റായി വ്യാഖ്യാനിക്കാപ്പെടാമെന്നത് ബോധ്യമായിട്ടുള്ളതാണ്. അതുകൊണ്ട്, ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മത്സരങ്ങളുടെ വിലയിരുത്തലുകളും വിശകലനങ്ങളും ഒഴിവാക്കാനാണ് തീരുമാനം.

ഈ ചാനലില്‍ നടത്തുന്ന പരിപാടികളില്‍ ഉയരുന്ന വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളെ ഞങ്ങള്‍ വിലമതിക്കുന്നു. അതിനൊപ്പം, ഇത്തരം കാഴ്ചപ്പാടുകളും വിശകലനങ്ങളും സത്യസന്ധമായി തുടരണമെന്നും ഞങ്ങള്‍ക്കു നിര്‍ബന്ധമുണ്ട്. ഈ ചാനലിലെ വ്യത്യസ്തങ്ങളായ ഷോകളില്‍ പങ്കെടുക്കുന്ന വിദഗ്ധര്‍ പങ്കുവയ്ക്കുന്ന അഭിപ്രായങ്ങള്‍ അശ്വിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളല്ല എന്ന് പ്രത്യേകം അറിയിക്കുന്നു.

ഇവിടെ ഉയരുന്ന ചര്‍ച്ചകളിലെ പരാമര്‍ശങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍. നിങ്ങളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും തിരുത്തലുകളും ഈ ചാനലിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രധാനപ്പെട്ടതാണ്. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മത്സരങ്ങള്‍ ഒഴികെയുള്ള മത്സരങ്ങളുടെ വിശകലനങ്ങള്‍ ഉള്‍പ്പെടെ തുടര്‍ന്നും ഇവിടെ ലഭ്യമായിരിക്കും. എല്ലാവരെയും പോലെ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ക്കായി ആവേശത്തോടെ കാത്തിരിക്കുന്നു.

Tags:    

Similar News