ദുലീപ് ട്രോഫി മധ്യമേഖല ടീമിന്റെ നായകസ്ഥാനം; പിന്നാലെ 'ക്യാപ്റ്റന്‍ ധ്രുവ് ജുറേലി'നെ അഭിനന്ദിച്ച് രാജസ്ഥാന്‍ റോയല്‍സ്; 'സ്റ്റംപിനു പിറകില്‍ നിന്നും കളി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള വ്യക്തി' എന്ന് പ്രശംസ; ടീം വിടാനൊരുങ്ങുന്ന സഞ്ജുവിനുള്ള മറുപടിയോ

ടീം വിടാനൊരുങ്ങുന്ന സഞ്ജുവിനുള്ള മറുപടിയോ

Update: 2025-08-08 11:30 GMT

ജയ്പുര്‍: ദുലീപ് ട്രോഫി ടൂര്‍ണമെന്റില്‍ മധ്യമേഖലയുടെ നായകനായി നിയമിതനായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലിനെ അഭിനന്ദിച്ച് രാജസ്ഥാന്‍ റോയല്‍സ്. എക്‌സിലൂടെയാണ് ഇരുപത്തിമൂന്നുകാരനായ താരത്തിന് നായകലബ്ധിയില്‍ രാജസ്ഥാന്റെ അഭിനന്ദനം. 'സ്റ്റംപിനു പിറകില്‍ നിന്നും കളി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള വ്യക്തി' എന്ന വാചകം സഹിതമായിരുന്നു രാജസ്ഥാന്റെ അഭിനന്ദനം. നായകന്‍ സഞ്ജു സാംസണ്‍ ടീം വിടാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രാജസ്ഥാന്‍ ടീം അധികൃതരുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഋഷഭ് പന്തിന്റെ അസാന്നിധ്യത്തില്‍ ടീമില്‍ ഇടംപിടിച്ച ധ്രുവ് ജുറേലിനെ, ദുലീപ് ട്രോഫി ടീമിന്റെ നായകസ്ഥാനത്ത് നിയോഗിച്ചത് യുവതാരത്തിന് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഓഗസ്റ്റ് 28ന് ബെംഗളൂരുവിലാണ് ദുലീപ് ട്രോഫി ആരംഭിക്കുക.

രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ടീം വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് സഞ്ജുവിന്റെ പകരക്കാരനാകുമെന്ന് കരുതപ്പെടുന്ന ധ്രുവ് ജുറേലിനെ 'നായകനെ'ന്ന നിലയില്‍ അഭിനന്ദിച്ചുകൊണ്ടുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ കുറിപ്പ് ശ്രദ്ധ നേടി. അതേ സമയം ഫിനിഷിങിലെ പിഴവുമൂലം കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഏറെ പഴികേട്ട താരം കൂടിയാണ് ജുറേല്‍. ജയിക്കാമായിരുന്ന ഒന്നിലേറെ മത്സരങ്ങള്‍ ജുറേലിന്റെയും ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെയും മോശം പ്രകടനത്താല്‍ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി നേരിട്ടിരുന്നു. ഇതില്‍ ആരാധകര്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

അടുത്ത ഐപിഎല്‍ സീസണിനു മുന്നോടിയായി ടീമില്‍നിന്ന് റിലീസ് ചെയ്യണമെന്ന് സഞ്ജു ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുമ്പോഴും, ഇതേക്കുറിച്ച് രാജസ്ഥാന്‍ റോയല്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, വമ്പന്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന മധ്യമേഖലാ ടീമിനെയാണ് ദുലീപ് ട്രോഫിയില്‍ ധ്രുവ് ജുറേല്‍ നയിക്കുന്നത്. കുല്‍ദീപ് യാദവ്, രഞ്ജി ട്രോഫി സീസണില്‍ 69 വിക്കറ്റുമായി റെക്കോര്‍ഡിട്ട ഹര്‍ഷ് ദുബെ, രാജസ്ഥാന്‍ റോയല്‍സില്‍ സഹതാരമായ മാനവ് സുതര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സ്പിന്‍ നിരയാണ് ടീമിന്റെ പ്രധാന കരുത്ത്. ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുള്ള ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, രഞ്ജി ട്രോഫിയില്‍ മിന്നുന്ന ഫോമിലായിരുന്ന യാഷ് റാത്തോഡ്, ഡാനിഷ് മാലേവാള്‍ തുടങ്ങിയവരും മധ്യമേഖലാ ടീമിലുണ്ട്.

Tags:    

Similar News