'കളിയില്‍ ഒരു റോളുമില്ലാത്ത ഹിന്ദുത്വ വാദികളോ വിദേശകാര്യ മന്ത്രാലയമോ? നമ്മുടെ വിദേശനയം ആരാണ് തീരുമാനിക്കുന്നത്? ക്രിക്കറ്റും ക്രിക്കറ്റ് കളിക്കാരും എപ്പോഴും ഒരു സോഫ്റ്റ് ടാര്‍ഗെറ്റ് ആണ്; ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശ് കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കാന്‍ പാടില്ലാതാകുമോ? രൂക്ഷ വിമര്‍ശനവുമായി രാജ്ദീപ് സര്‍ദേശായി

'കളിയില്‍ ഒരു റോളുമില്ലാത്ത ഹിന്ദുത്വ വാദികളോ വിദേശകാര്യ മന്ത്രാലയമോ? നമ്മുടെ വിദേശനയം ആരാണ് തീരുമാനിക്കുന്നത്? ക്രിക്കറ്റും ക്രിക്കറ്റ് കളിക്കാരും എപ്പോഴും ഒരു സോഫ്റ്റ് ടാര്‍ഗെറ്റ് ആണ്; ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശ് കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കാന്‍ പാടില്ലാതാകുമോ? രൂക്ഷ വിമര്‍ശനവുമായി രാജ്ദീപ് സര്‍ദേശായി

Update: 2026-01-04 10:13 GMT

ന്യൂഡല്‍ഹി: ഒരുവിഭാഗം തീവ്രഹിന്ദുത്വവാദികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമില്‍നിന്ന് ബംഗ്ലാദേശ് പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ഒഴിവാക്കാന്‍ ബിസിസിഐ നിര്‍ദേശം നല്‍കിയ നടപടി കൂടുതല്‍ വിവാദമാകുകയാണ്. ബിസിസിഐയുടെ തീരുമാനം കടുത്ത എതിര്‍പ്പിനാണ് ഇടയാക്കിയത്. ബിസിസിഐ നിര്‍ദേശത്തിന് എതിരെ നിശിത വിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി രംഗത്തുവന്നു.

ഐ.പി.എല്‍ താര ലേലത്തിലൂടെ 9.20 കോടി രൂപ പ്രതിഫലത്തിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയ താരത്തെ റിലീസ് ചെയ്യാന്‍ ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയയാണ് കഴിഞ്ഞ ദിവസം ടീമിന് നിര്‍ദേശം നല്‍കിയത്. ഈ തീരുമാനം ബംഗ്ലാദേശിനെയും ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ദേശായി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

'കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോട് തങ്ങളുടെ ഐ.പി.എല്‍ ടീമില്‍നിന്ന് മുസ്തഫിസുര്‍ റഹ്‌മാനെ മോചിപ്പിക്കാന്‍ ബി.സി.സി.ഐ ആവശ്യപ്പെടുന്നു! ബി.സി.സി.ഐയോ സര്‍ക്കാറോ? ആരാണ് ഈ 'സ്വകാര്യ' ക്രിക്കറ്റ് പരിപാടി നടത്തുന്നത്? ഇന്ത്യയുടെ വിദേശനയം ആരാണ് തീരുമാനിക്കുന്നത് എന്നതാണ് അതിലും പ്രധാനം. കളിയില്‍ ഒരു റോളുമില്ലാത്ത ഹിന്ദുത്വ തീവ്രവാദികളോ അതോ വിദേശകാര്യ മന്ത്രാലയമോ? രണ്ട് ദിവസം മുമ്പ് വിദേശകാര്യമന്ത്രി ഡോ. ജയശങ്കര്‍ ധാക്കയില്‍ സന്ദര്‍ശനത്തിലായിരുന്നു. ഇപ്പോള്‍ കാണുന്നതാകട്ടെ ഇതും!

ക്രിക്കറ്റും ക്രിക്കറ്റ് കളിക്കാരും എപ്പോഴും ഒരു സോഫ്റ്റ് ടാര്‍ഗെറ്റ് ആണ്. ഇനി അടുത്തത് എന്താകും? അടുത്ത മാസം നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശ് കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കാന്‍ പാടില്ലാതാകുമോ? സാധ്യമായ മത്സരങ്ങള്‍ ഇനി 'നിഷ്പക്ഷ' വേദിയിലാകുമോ നടക്കുക? ബംഗ്ലാദേശ് നിര്‍മിത വസ്ത്രങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്താന്‍ കടയുടമകളോട് ആവശ്യപ്പെടുമോ? അദാനിയെപ്പോലുള്ള സ്വകാര്യ കമ്പനികള്‍ക്ക് ബംഗ്ലാദേശുമായുള്ള കരാറുകളുടെ കാര്യം എന്തുചെയ്യും? മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യയില്‍ അഭയം നല്‍കിയിട്ടുണ്ടെന്ന കാര്യത്തില്‍ എന്താകും നടപടി? വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ (അസം/ബംഗാള്‍) കണ്ണെറിഞ്ഞുള്ള വിദേശനയം ഗ്ലോബല്‍ സൗത്തിന്റെ നേതാവാണെന്ന രാജ്യത്തിന്റെ അവകാശവാദത്തിന് ഹാനികരമാണ്' - രാജ്ദീപ് എക്‌സില്‍ കുറിച്ചു.

ബംഗ്ലാദേശിലെ വിദ്യാര്‍ഥി-യുവജന പ്രക്ഷോഭം ഇന്ത്യാ വിരുദ്ധ പ്രതിഷേധമായി മാറിയതോടെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധം വഷളായത്. ഇതോടെയാണ് ബംഗ്ലാദേശ് താരത്തെ കളിപ്പിക്കുന്നതിനെതിരെ ബിജെ.പിയും ശിവസേനയും ഉള്‍പ്പെടെ രംഗത്തുവന്നത്. തുടര്‍ന്ന് ബി.സി.സി.ഐ ഇടപെടുകയും മുസ്തഫിസുര്‍റഹ്‌മാനെ ഒഴിവാക്കി, പകരക്കാരനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കെ.കെ.ആറിന് അനുമതി നല്‍കുകയുമായിരുന്നു.

യഥാര്‍ഥത്തില്‍, ഇന്ത്യ-ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധങ്ങളില്‍ വിള്ളല്‍ വീണ സാഹചര്യത്തിലും ബംഗ്ലാദേശ് താരങ്ങളെ ഐ.പി.എല്‍ താരലേലത്തില്‍ ഉള്‍പ്പെടുത്തിയത് ബി.സി.സി.ഐയും ഐ.സി.സി തലവനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനുമായ ജയ്ഷായും ചേര്‍ന്നാണ്. എന്നാല്‍, ഹിന്ദുത്വ വാദികള്‍ വിമര്‍ശനമുന്നയിച്ചതു മുഴുവന്‍ കൊല്‍ക്കത്ത ടീം ഉടമ ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെയായിരുന്നു. സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ഷാരൂഖിനെ രാജ്യദ്രോഹിയെന്നുവരെ മുദ്രകുത്തി.

'ആഭ്യന്തര മന്ത്രിയുടെ മകന്‍ ജയ് ഷാ ആണ് വിവാദത്തില്‍ ഉത്തരം നല്‍കേണ്ടത്. ബംഗ്ലാദേശ് താരങ്ങള്‍ എങ്ങനെ ലേല പട്ടികയില്‍ ഉള്‍പ്പെട്ടുവെന്നതിന് മറുപടി പറയണം. ഐ.സി.സി തലവന്‍ എന്ന നിലയില്‍ ക്രിക്കറ്റിലെ പ്രധാന തീരുമാനങ്ങളെല്ലാം ജയ് ഷായുടേതാണ്' -കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രിനാതെ പ്രതികരിച്ചു.

Tags:    

Similar News