സെഞ്ചുറിയുമായി ക്രീസിൽ നിലയുറപ്പിച്ച് ഹര്‍നൂര്‍ സിംഗ്; ആദ്യ ദിനം പഞ്ചാബിന് ആറ് വിക്കറ്റ് നഷ്ടം; രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് മികച്ച തുടക്കം
മുല്ലാന്‍പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പഞ്ചാബിനെതിരെ കേരളത്തിന് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ഫീല്‍ഡിംഗിനിറങ്ങിയ കേരള ബൗളര്‍മാര്‍ക്ക് പഞ്ചാബിന്റെ ആറ് വിക്കറ്റുകള്‍ വീഴ്ത്താനായി. സെഞ്ചുറി നേടി പുറത്താവാതെ നില്‍ക്കുന്ന ഹര്‍നൂര്‍ സിംഗാണ് (126*) പഞ്ചാബിനായി മികച്ച പ്രകടനം നടത്തിയത്. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെന്ന നിലയിലാണ്.
കേരളത്തിന് വേണ്ടി ബാബ അപരാജിത്, എന്‍ പി ബേസില്‍, അങ്കിത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ നമന്‍ ധിര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ പഞ്ചാബിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാരായ ഹര്‍നൂര്‍ സിംഗും പ്രഭ്‌സിമ്രാനും (23) ചേര്‍ന്ന് 52 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പ്രഭ്‌സിമ്രാനെ ബൗള്‍ഡ് ചെയ്തുകൊണ്ട് അപരാജിതാണ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്.
പിന്നീട് ഹര്‍നൂരും ഉദയ് സഹാരണും (37) ചേര്‍ന്ന് 86 റണ്‍സ് കൂട്ടിചേര്‍ത്ത് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ ഉദയ് സഹാരണിനെ ബൗള്‍ഡ് ചെയ്തുകൊണ്ട് അങ്കിത് ശര്‍മ പഞ്ചാബിന് തിരിച്ചടി നല്‍കി. തുടര്‍ന്നെത്തിയ അന്‍മോല്‍പ്രീത് സിംഗ് (1), നമന്‍ ധിര്‍ (1), രമണ്‍ദീപ് സിംഗ് (6) എന്നിവരെല്ലാം വേഗത്തില്‍ പുറത്തായതോടെ പഞ്ചാബ് അഞ്ചിന് 162 എന്ന നിലയിലേക്ക് വീണു. എന്നാല്‍ ഏഴാം വിക്കറ്റില്‍ ഹര്‍നൂറും സലില്‍ അറോയും ചേര്‍ന്ന് 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒന്നാം ദിനം കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സലിലിനെ പുറത്താക്കാന്‍ അപരാജിതിന് കഴിഞ്ഞത് കേരളത്തിന് നേരിയ മുന്‍തൂക്കം നല്‍കി.
പിന്നീട് ക്രീസിലെത്തിയ കൃഷ് ഭഗതും (2) ഹര്‍നൂരും ചേര്‍ന്ന് വിക്കറ്റുകള്‍ വീഴാതെ ഒന്നാം ദിനം അവസാനിപ്പിച്ചു. 259 പന്തുകള്‍ നേരിട്ട ഹര്‍നൂര്‍ 11 ബൗണ്ടറികളുടെ സഹായത്തോടെ 126 റണ്‍സുമായി പുറത്താവാതെ നില്‍ക്കുന്നു. ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരക്കായി ഓസ്‌ട്രേലിയയിലേക്ക് പോയതിനാല്‍ സഞ്ജു സാംസണ്‍ കേരള ടീമിലില്ല. പകരം കേരള ക്രിക്കറ്റ് ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അഹമ്മദ് ഇമ്രാന്‍ ടീമിലെത്തി. ആദ്യ മത്സരത്തില്‍ കളിച്ച ഏദന്‍ ആപ്പിള്‍ ടോമിന് പകരം വത്സല്‍ ഗോവിന്ദ് ടീമില്‍ ഇടം നേടി.
കേരള ടീം: മുഹമ്മദ് അസറുദ്ദീന്‍ (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, സച്ചിന്‍ ബേബി, ബാബ അപരാജിത്, സല്‍മാന്‍ നിസാര്‍, അങ്കിത് ശര്‍മ, നിധീഷ് എം ഡി, ബേസില്‍, അഖില്‍ സത്യന്‍, മിഥുന്‍ എസ്.
