'കൊല്ലപ്പെട്ടവരിൽ രാജ്യത്തിനായി കളിക്കുന്നത് സ്വപ്നം കണ്ടിരുന്ന യുവക്രിക്കറ്റ് താരങ്ങളും'; പാക്കിസ്ഥാനെതിരായ മത്സരങ്ങളിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും റാഷിദ് ഖാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി അഫ്ഗാൻ താരം റാഷിദ് ഖാൻ. പാകിസ്താൻ ആക്രമണങ്ങളിൽ സിവിലിയൻമാർ കൊല്ലപ്പെട്ടതിൽ തനിക്ക് കടുത്ത ദുഃഖമുണ്ടെന്ന് റാഷിദ് ഖാൻ പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. രാജ്യത്തിനായി കളിക്കുന്നത് സ്വപ്നം കണ്ടിരുന്ന യുവക്രിക്കറ്റ് താരങ്ങളും ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് റാഷിദ് ഖാൻ എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
ഉർഗുണിൽ നിന്ന് ഷഹാറാണയിലേക്കുള്ള യാത്രയ്ക്കിടെയാണ് പാകിസ്ഥാൻ അതിർത്തിയായ പാകതികയിലേക്ക് സഞ്ചരിച്ചിരുന്ന സംഘത്തിന് നേരെ ആക്രമണമുണ്ടായത്. കബീർ, സിബ്ഗബ്ത്തുള്ളി, ഹാറൂൺ എന്നിവരാണ് കൊല്ലപ്പെട്ട ക്രിക്കറ്റ് താരങ്ങൾ. മറ്റ് അഞ്ച് പേരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ക്രിക്കറ്റ് താരങ്ങളുടെ മരണത്തെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഭീകരാക്രമണമായി വിശേഷിപ്പിച്ചു.
തുടർന്ന്, പാകിസ്താനും ശ്രീലങ്കയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ നിന്ന് അഫ്ഗാനിസ്ഥാൻ പിന്മാറി. ദുഷ്കരമായ സാഹചര്യത്തിൽ അഫ്ഗാൻ ജനതയോടൊപ്പം താൻ ഉറച്ചുനിൽക്കുകയാണെന്നും റാഷിദ് ഖാൻ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ പാകതിക പ്രവിശ്യയിൽ പാകിസ്ഥാൻ വ്യാപക ആക്രമണം നടത്തുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ട ഈ സംഭവത്തെ ലോകം ശ്രദ്ധിക്കാതെ പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.