ബംഗളൂരു വിജയാഘോഷദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ആര്‍സിബി; 'ആര്‍സിബി കെയേഴ്‌സ്' എന്ന പേരില്‍ ധനസഹായ പ്രഖ്യാപനം

മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ആര്‍സിബി

Update: 2025-08-30 08:20 GMT

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ആര്‍സിബി. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ദുരന്തത്തെ കുറിച്ച് വൈകാരികമായ കുറിപ്പ് ആര്‍സിബി പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് 'ആര്‍സിബി കെയേഴ്‌സ്' എന്ന പേരില്‍ ധനസാഹയം പ്രഖ്യാപിച്ചിരിക്കുന്നത്.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു കിരീടം നേടിയതിന്റെ ഭാഗമായി ജൂണ്‍ നാലിനാണ് ചിന്നസ്വാമിയില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. ആര്‍സിബി താരങ്ങള്‍ക്കുള്ള അനുമോദന ചടങ്ങില്‍ പങ്കെടുക്കാനാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയത്. ആരാധകരുടെ തിക്കിലും തിരക്കിലുംപെട്ട് ആറുവയസുകാരി ഉള്‍പ്പെടെ 11 പേരാണ് മരിച്ചത്. അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. 40,000 പേര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നില്‍ രണ്ടു ലക്ഷത്തോളം പേരാണ് തടിച്ചുകൂടിയത്.

സംഭവത്തില്‍ ആര്‍സിബിയെ കുറ്റപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റോയല്‍ ചലഞ്ചേഴ്സ്, ബംഗളൂരു സിറ്റി പൊലീസിന്റെ അനുമതി ഇല്ലാതെ വിജയാഘോഷ പരേഡിനായി ആളുകളെ ക്ഷണിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് പരസ്യമാക്കിയത്. റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ അത്തരം രഹസ്യസ്വഭാവത്തിന് നിയമപരമായ കാരണങ്ങളൊന്നുമില്ലെന്ന് കോടതി പറഞ്ഞു.

വിക്ടറി പരേഡിന്റെ തലേദിവസം മാത്രമാണ് സംഘാടകരായ ആര്‍സിബി മാനേജ്മെന്റ് പരിപാടിയെക്കുറിച്ച് പൊലീസിനെ വിവരം അറിയിക്കുന്നത്. അതിനാല്‍ തന്നെ പൊലീസിന് വേണ്ട രീതിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സാധിച്ചിരുന്നില്ല. ഇത്തരം പരിപാടിക്ക് കുറഞ്ഞത് ഏഴ് ദിവസം മുമ്പെങ്കിലും അനുമതികള്‍ വാങ്ങണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News