ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ക്യാപ്റ്റനാവാന്‍ പന്ത്; ക്യാപ്റ്റനെന്ന നിലയില്‍ താരത്തിന്റെ രണ്ടാമത്തെ അവസരം; ലഖ്നൗ പന്തിനെ ടീമില്‍ എത്തിച്ചത് രാഹുലിന് പകരക്കാരനായി

Update: 2025-01-19 05:43 GMT

ഐപിഎല്‍ മെഗാലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്കാണ് റിഷഭ് പന്തിനെ ലഖ്‌നൗ ജയന്റ്‌സ് സ്വന്തമാക്കിയത്. അത് വെറുതെയല്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. വരുന്ന സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ക്യാപ്റ്റനായി റിഷഭ് പന്തിനെ നിയമിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ലേലത്തില്‍ ഡല്‍ഹിയിലേക്ക് കൂടുമാറിയ കെ എല്‍ രാഹുലിന് പകരക്കാരനായാണ് ലഖ്നൗ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പന്തിനെ നിയമിക്കുന്നത്.

ക്യാപ്റ്റനെന്ന നിലയില്‍ റിഷഭ് പന്തിന്റെ രണ്ടാമത്തെ അവസരമാണിത്. ഐപിഎല്ലില്‍ 2021 സീസണ്‍ മുതല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പന്താണ് നയിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് 2023 സീസണില്‍ മാത്രമാണ് പന്ത് വിട്ടുനിന്നത്. 2024 സീസണില്‍ ഡല്‍ഹിയുടെ ക്യാപ്റ്റനായി തിരിച്ചെത്തുകയും ചെയ്തെങ്കിലും ഫ്രാഞ്ചൈസിയെ കിരീടത്തിലേക്ക് നയിക്കാന്‍ പന്തിന് സാധിച്ചിരുന്നില്ല. 2025 സീസണില്‍ ലഖ്നൗവിനെ കിരീടത്തിലേക്ക് നയിച്ച് ക്യാപ്റ്റനെന്ന നിലയില്‍ വിജയിക്കുമെന്നാണ് പന്ത് പ്രതീക്ഷിക്കുന്നത്.

2024 നവംബറില്‍ നടന്ന ഐപിഎല്‍ മെഗാതാരലേലത്തിലെ സൂപ്പര്‍ സ്റ്റാറായിരുന്നു റിഷഭ് പന്ത്. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ റെക്കോര്‍ഡ് തുകയായ 27 കോടി രൂപയ്ക്കാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പന്തിനെ തട്ടകത്തിലെത്തിച്ചത്. ഇന്ത്യന്‍ ടീമിന്റെ നിലവിലെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ പന്തിനെ സ്വന്തമാക്കാന്‍ മുന്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപിറ്റല്‍സ് 20 കോടി രൂപ വിളിച്ചെങ്കിലും 27 കോടിക്ക് ലഖ്നൗ ലേലം ഉറപ്പിക്കുകയായിരുന്നു. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മാറുകയും ചെയ്തു റിഷഭ് പന്ത്.

Similar News