ആറാഴ്ച വിശ്രമം വേണമെന്ന് റിപ്പോര്‍ട്ട്; പിന്നാലെ പരിക്കേറ്റ കാലുമായി ക്രീസിലിറങ്ങി ഋഷഭ് പന്ത്; മുടന്തി നടന്ന് പതുക്കെ ബാറ്റ് ചെയ്യാനെത്തിയ താരത്തിനായി കൈയടിച്ച് ആരാധകര്‍; ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 321 റണ്‍സ് എന്ന നിലയില്‍
പരിക്കേറ്റ കാലുമായി ക്രീസിലിറങ്ങി ഋഷഭ് പന്ത്
മാഞ്ചെസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം ഇന്ത്യ മികച്ച സ്‌കോറിനായി പൊരുതുന്നു. ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 105 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെന്ന നിലയിലാണ്. വാഷിങ്ടണ്‍ സുന്ദറും (20) ഋഷഭ് പന്തും (39) ആണ് ക്രീസില്‍. കഴിഞ്ഞ ദിവസം നാലിന് 264 എന്ന നിലയിലായിരുന്ന ഇന്ത്യക്ക്, ഇന്ന് തുടക്കത്തില്‍ത്തന്നെ രവീന്ദ്ര ജഡേജയെ (20) നഷ്ടപ്പെട്ടു. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ 85-ാം ഓവറില്‍ സെക്കന്‍ഡ് സ്ലിപ്പില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കിയാണ് മടക്കം. പിന്നാലെ ഷാര്‍ദുല്‍ ഠാക്കൂറിനെ (41) സ്റ്റോക്‌സും മടക്കി.
അതേ സമയം ഓള്‍ഡ് ട്രാഫോര്‍ഡില്‍ പോരാട്ടവീര്യത്തില്‍ സഹതാരങ്ങളെയും ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് ഋഷഭ് പന്ത്. ആദ്യ ദിനം കാല്‍പ്പാദത്തിന് പരിക്കേറ്റ് മടങ്ങിയിട്ടും സ്‌കാനിംഗില്‍ കാല്‍പ്പാദത്തില്‍ പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടും രണ്ടാം ദിനം പന്ത് ഇന്ത്യക്കായി ക്രീസിലിറങ്ങി. രണ്ടാം ദിനം തുടക്കത്തിലെ രവീന്ദ്ര ജഡേജയെയും പിന്നീട് ഷാര്‍ദ്ദുല്‍ താക്കൂറിനെയും നഷ്ടമായി ഇന്ത്യ തകരുമ്പോഴാണ് മുടന്തി നടന്ന് പന്ത് പതുക്കെ ക്രീസിലെത്തിയത്. പരിക്കേറ്റ കാലുമായി പന്ത് ബാറ്റ് ചെയ്യാന്‍ ഓള്‍ ട്രാഫോര്‍ഡിന്റെ പടികളിറങ്ങിവന്നപ്പോള്‍ ഓള്‍ഡ് ട്രാഫോര്‍ഡിലെ കാണികള്‍ ഒന്നടങ്കം എഴുന്നേറ്റ് കൈയടിച്ചു.
ഇന്നലെ 37 റണ്‍സുമായി ബാറ്റ് ചെയ്യുന്നതിനിടെയാണ് ക്രിസ് വോക്‌സിന്റെ പന്ത് റിവേഴ്‌സ് സ്വീപ്പ് ചെയ്യാന്‍ ശ്രമിക്കവെ കാല്‍പ്പാദത്തില്‍ കൊണ്ട് പന്ത് പരിക്കേറ്റ് മടങ്ങിയത്. പിന്നീട് സ്‌കാനിംഗിന് വിധേയനായ പന്തില്‍ കാല്‍പ്പാദത്തില്‍ പൊട്ടലുണ്ടെന്നും ആറാഴ്ച വിശ്രമം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. രണ്ടാം ദിനം പന്ത് ഗ്രൗണ്ടില്‍ പോലും വരില്ലെന്നായിരുന്നു റിപ്പോര്‍ട്ടെങ്കിലും പരിക്കേറ്റ കാലുമായി പന്ത് ഡ്രസ്സിംഗ് റൂമിലെത്തി. പിന്നാലെ ഷാര്‍ദ്ദുല്‍ താക്കൂര്‍ പുറത്തായതോടെ ക്രീസിലിറങ്ങുകയും ചെയ്തു. റണ്‍ ഓടിയെടുക്കാന്‍ ബുദ്ധിമുട്ടിയങ്കിലും ലഞ്ചിന് പിരിയുമ്പോള്‍ 20 റണ്‍സുമായി ക്രീസിലുള്ള വാഷിംഗ്ടണ്‍ സുന്ദറിനൊപ്പം 39 റണ്‍സുമായി പന്ത് ക്രീസിലുണ്ട്.
കഴിഞ്ഞദിവസം ഇംഗ്ലീഷ് ബൗളര്‍ ക്രിസ് വോക്സിന്റെ യോര്‍ക്കര്‍ ലെങ്ത് പന്ത് റിവേഴ്സ് സ്വീപ്പിന് ശ്രമിക്കുന്നതിനിടെ പന്തിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് പന്ത് ഇനി പരമ്പരയില്‍ കളിക്കില്ലെന്നും ആറാഴ്ച വിശ്രമം വേണമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടീം ആവശ്യപ്പെട്ടതു പ്രകാരം പന്ത് വീണ്ടും ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ക്രീസില്‍ തുടരുന്ന പന്ത് ഏഴ് പന്തുകള്‍ നേരിട്ട് രണ്ട് റണ്‍സെടുത്തു. 48 പന്തില്‍ 37 റണ്‍സെടുത്തുനില്‍ക്കേയാണ് നേരത്തേ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്നത്. ഇപ്പോള്‍ 39 റണ്‍സായി. അതേസമയം ഇന്ത്യ ഫീല്‍ഡിങ്ങിനിറങ്ങുമ്പോള്‍ ധ്രുവ് ജുറേല്‍ വിക്കറ്റ് കീപ്പിങ് ചുമതല നിര്‍വഹിക്കും.
264-ന് നാല് എന്ന നിലയിലായിരുന്നു ഇന്ത്യ ആദ്യ ദിനം. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും (58) കെ.എല്‍. രാഹുലും (46) മികച്ച തുടക്കം നല്‍കി. 30 ഓവര്‍ വരെ ഇരുവരും പിടിച്ചുനിന്നു. സായ് സുദര്‍ശനും (61) തിളങ്ങി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (12) വേഗം പുറത്തായി.