ഗുജറാത്ത് താരങ്ങള്‍ക്ക് നഷ്ടമായ ക്യാച്ചുകള്‍ എനിക്ക് ഭാഗ്യമായി; എനിക്ക് ലഭിച്ച ഭാഗ്യം പരമാവധി മുതലാക്കി; മികച്ച ഇന്നിങ്‌സ് കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് രോഹിത് ശര്‍മ
ഗുജറാത്ത് താരങ്ങള്‍ക്ക് നഷ്ടമായ ക്യാച്ചുകള്‍ എനിക്ക് ഭാഗ്യമായി
ഛണ്ഡീഗഡ്: ഐപിഎല്‍ എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിന് പിന്നാലെ പ്രതികരണവുമായി മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മ. മത്സരത്തില്‍ തനിക്ക് ലഭിച്ച ഭാഗ്യം പരമാവധി മുതലാക്കാന്‍ ശ്രമിച്ചിരുന്നതായി രോഹിത് ശര്‍മ്മ പറഞ്ഞു. 'മികച്ച ഇന്നിങ്‌സ് കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്റെ ഇന്നിങ്‌സ് ടീമിനെ മികച്ച സ്‌കോറിലുമെത്തിച്ചു. ഗുജറാത്ത് താരങ്ങള്‍ക്ക് നഷ്ടമായ ക്യാച്ചുകള്‍, അത്തരത്തിലുള്ള ഷോട്ടുകള്‍ ഞാന്‍ മുമ്പും കളിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ അത്തരം ഷോട്ടുകളില്‍ എനിക്ക് വിക്കറ്റ് നഷ്ടമായി. ഇന്നലെ ഭാഗ്യം എന്റെ കൂടെയായിരുന്നു. എന്റെ ദിവസമായിരുന്നു.' മത്സരശേഷം അദ്ദേഹം പറഞ്ഞു.
'ഈ സീസണില്‍ എനിക്ക് നാല് അര്‍ധ സെഞ്ച്വറികള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. കൂടുതല്‍ റണ്‍സ് നേടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഒരു ടീം എന്ന നിലയില്‍ ഇന്നലത്തെ ദിവസം മുംബൈ ഇന്ത്യന്‍സിന് അനുകൂലമായിരുന്നു. എലിമിനേറ്ററും അടുത്ത ദിവസം നടക്കാനിരിക്കുന്ന ക്വാളിഫയറും നിര്‍ണായകമാണ്. ഈ മത്സരങ്ങളുടെ പ്രധാന്യം ഞാന്‍ മനസിലാക്കുന്നു. ക്രീസില്‍ നില്‍ക്കുമ്പോള്‍ പരമാവധി മികച്ച പ്രകടനത്തിന് ഞാന്‍ ശ്രമിക്കുന്നു. ടീമിനെ മികച്ച സ്‌കോറിലെത്തിക്കാനാണ് എന്റെ ശ്രമം.' രോഹിത് വ്യക്തമാക്കി.
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 50 പന്തില്‍ ഒമ്പത് ഫോറും നാല് സിക്‌സറും സഹിതം 81 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. തുടക്കത്തില്‍ രോഹിത് ശര്‍മയുടെ രണ്ട് ക്യാച്ചുകള്‍ ഗുജറാത്ത് താരങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നു. വ്യക്തിഗത സ്‌കോര്‍ മൂന്നിലും 12ലും നില്‍ക്കെ രോഹിത് ശര്‍മയുടെ വിക്കറ്റ് സ്വന്തമാക്കാനുള്ള അവസരം ഗുജറാത്ത് താരങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നു. ഒരു തവണ ജെറാള്‍ഡ് കോട്‌സീയും ഒരു തവണ കുശല്‍ മെന്‍ഡിസുമാണ് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയത്. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 20 റണ്‍സിന് വിജയിച്ചു.