വിമര്‍ശനങ്ങള്‍ക്കൊടുവില്‍ രഞ്ജി കളിക്കാന്‍ ഹിറ്റമാന്‍; രഹാന നയിക്കുന്ന മുംബൈ ടീമില്‍ ഇടം നേടി; ഡൊമസ്റ്റക് റെഡ്‌ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത് ഒരു പതിറ്റാണ്ടിന് ശേഷം; രോഹിത്തിനൊപ്പം ജയ്‌സ്വാളും ശ്രേയസും

Update: 2025-01-20 15:19 GMT

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ മോശം ഫോം കാരണം വിമര്‍ശനങ്ങള്‍ നേരിടുന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആഭ്യന്തര ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നു. ഒരു പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യന്‍ നായകന്‍ ഡൊമസ്റ്റക് റെഡ്‌ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. ജമ്മു കാശ്മീരിനെതിരായ മത്സരത്തില്‍ മുംബൈ ടീമില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓപ്പണര്‍ യശസ്വി ജയസ്വാളും ഇടം പിടിച്ചു. അജിന്‍ക്യ രഹാനെ നയിക്കുന്ന ടീമില്‍ ശ്രേയസ് അയ്യര്‍, ശിവം ദുബെ, തനുഷ് കൊട്ടിയന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരുമുണ്ട്.

17 അംഗ സ്‌ക്വാഡാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്. ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ മുംബൈ. അഞ്ച് മത്സരങ്ങളില്‍ നിന്ന് 22 പോയിന്റാണ് ടീമിനുള്ളത്. അടുത്ത റൗണ്ട് കളിക്കണമെങ്കില്‍ വരുന്ന രണ്ട് മത്സരങ്ങളും മുംബൈക്ക് ജയിച്ചേ മതിയാവൂ. ജമ്മു 23 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 27 പോയിന്റുള്ള ബറോഡയാണ് ഗ്രൂപ്പില്‍ ഒന്നാമത്.

ഓസ്ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിര്‍ദേശം ബിസിസിഐ മുന്നോട്ടുവെച്ചത്. മുംബൈയുടെ പരിശീലന ക്യാംപിലെത്തി രോഹിത് ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നെങ്കിലും ടീമില്‍ കളിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. ചാമ്പ്യന്‍സ് ട്രോഫി ടീം പ്രഖ്യാപിക്കാനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ രഞ്ജി ട്രോഫിയില്‍ കളിക്കുമോ എന്ന കാര്യം രോഹിത്തിനോട് ചോദിച്ചിരുന്നു. താന്‍ മുംബൈക്കായി കളിക്കുമെന്ന് രോഹിത് പറയുകയും ചെയ്തു.

അടുത്തിടെ സമാപിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ രോഹിത് അമ്പേ പരാജയമായിരുന്നു. മൂന്ന് മത്സരങ്ങളില്‍ കളത്തിലിറങ്ങിയ 37 കാരന് അഞ്ച് ഇന്നിങ്സുകളില്‍ നിന്നായി 31 റണ്‍സ് മാത്രമാണ് നേടാനായത്. അവസാന മത്സരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ജസ്പ്രീത് ബുംറയാണ് സിഡ്നി ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത്. ഇതിന് പിന്നാലെ സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനടക്കമുള്ള പ്രമുഖര്‍ രോഹിത്,വിരാട് കോഹ്ലി അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. 2015ലാണ് അവസാനമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രഞ്ജി ട്രോഫിയില്‍ ബാറ്റേന്തിയത്. കഴിഞ്ഞാഴ്ച മുംബൈ രഞ്ജി ടീമിനൊപ്പം രോഹിത് പരിശീലനത്തിനിറങ്ങിയിരുന്നു. ജനുവരി 23നാണ് കശ്മീരുമായുള്ള മത്സരം. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കായി രോഹിത് ഇന്ത്യന്‍ ക്യാമ്പിനൊപ്പം ചേരും.

Similar News