ബാറ്റിങ്ങിലെ ഫോം ഔട്ട്; ഫോം വീണ്ടെടുക്കാന്‍ തീവ്ര പരിശീലനം: മുംബൈ രഞ്ജി ടീമിനൊപ്പം പരിശീലനം നടത്തി രോഹിത്; 10 വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജി കളിക്കാന്‍ രോഹിത്?

Update: 2025-01-14 08:58 GMT

മുംബൈ: ബാറ്റിങ് ഫോമിലെത്താന്‍ കഴിയാതെ കഷ്ടപ്പെടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ തേടുന്നു. ഇതിന്റെ ഭാഗമായി താരം ഇന്ന് മുതല്‍ മുംബൈ രഞ്ജി ട്രോഫി ടീമിനൊപ്പം പരിശീലനം തുടങ്ങി. മുംബൈ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനക്കൊപ്പമാണ് രോഹിത് പരിശീലനം ആരംഭിച്ചത്. എന്നാല്‍ രഞ്ജി കളിക്കാന്‍ കാണുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇംഗ്‌ളണ്ടിനെതിരെയുള്ള ഏകദിന പരമ്പരയും പിന്നീട് ചാമ്പ്യന്‍സ് ട്രോഫിയും ഉള്ളതിനാല്‍ രഞ്ജി കളിക്കാന്‍ സാധ്യത വളരെ കുറവായിരിക്കും. രോഹിത് തയ്യാറെടുപ്പ് ക്യാംപില്‍ ആയിരിക്കാനാണ് സാധ്യത. എന്തായാലും പരിശീലനം നടത്താന്‍ രോഹിത് തീരുമാനിക്കുകയായിരുന്നു. താരം രാവിലെ വാംഖഡെ സ്റ്റേഡിയത്തിന് മുന്നില്‍ വന്നിറങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മോശം ഫോമിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളാണ് രോഹിതിനെതിരെ ഉയരുന്നത്. ക്യാപ്റ്റന്‍ സ്ഥാനവും ടീമിലെ സ്ഥാനം പോലും ചോദ്യ ചിഹ്നത്തില്‍ നില്‍ക്കുന്ന അവസ്ഥയാണ്. അതിനിടെയാണ് ക്യാപ്റ്റന്‍ പുതിയ നീക്കം. രഞ്ജി ട്രോഫി പോരാട്ടങ്ങളുടെ രണ്ടാം ഘട്ടത്തിനായി മുംബൈ ടീം ഈ മാസം 23 മുതല്‍ ഇറങ്ങും. ജമ്മു കശ്മീരിനെതിരെയാണ് മുംബൈയുടെ പോരാട്ടം. ദേശീയ ടീമില്‍ കളിക്കുന്നവരും പരിക്കേറ്റവരും ഒഴികെയുള്ളവര്‍ രഞ്ജി ട്രോഫിയില്‍ അതത് സംസ്ഥാന ടീമുകള്‍ക്കായി കളിക്കണമെന്നാണ് ബിസിസിഐ നിയമം.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മോശം പ്രകടനം പുറത്തെടുത്തിന് പിന്നാലെ കടുത്ത വിമര്‍ശനങ്ങളാണ് രോഹിത് നേരിട്ടത്. ക്യാപ്റ്റന്‍ സ്ഥാനം തെറിക്കുമെന്ന ഘട്ടം വരെ എത്തിനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം തുടരാന്‍ അനുവദിക്കണമെന്ന് രോഹിത് ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രേഫിയിലെ മത്സരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ചുള്ള തീരുമാനം ഉണ്ടാകുക.

Tags:    

Similar News