ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ്; ഓപ്പണറായി രോഹിത് ശര്‍മ മടങ്ങിയെത്തിയേക്കുമെന്ന് സൂചന; രാഹുല്‍ പരിശീലനത്തിന് ഇറങ്ങിയത് കോഹ്‌ലിക്കൊപ്പം
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ഓപണറായി രോഹിത് ശര്‍മ മടങ്ങിയെത്തിയേക്കുമെന്ന് സൂചന. മൂന്നാം ടെസ്റ്റിന് മുമ്പായുള്ള പരിശീലനത്തില്‍ രോഹിത് ശര്‍മ ന്യുബോള്‍ നേരിടാനുള്ള പരിശീലനം നടത്തിയിരുന്നു. ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, ആകാശ് ദീപ് തുടങ്ങിയവരെയെല്ലാം രോഹിത് ശര്‍മ നേരിട്ടു. കെ എല്‍ രാഹുല്‍ വിരാട് കോഹ്‌ലിക്കൊപ്പമാണ് പരിശീലനത്തിന് ഇറങ്ങിയത്. ഇരുവരും ഒരല്‍പ്പം പഴകിയ പന്തിലാണ് പരിശീലനം തേടിയത്. മൂന്നാം ടെസ്റ്റില്‍ രോഹിത് ശര്‍മ ഓപണറായി മടങ്ങിയെത്തിയാല്‍ പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ രാഹുല്‍ മധ്യനിരയില്‍ കളിക്കും.
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അവസാനിച്ച ആദ്യ രണ്ട് ടെസ്റ്റുകളില്‍ മൂന്ന് ഇന്നിംഗ്‌സുകളിലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ 200ന് താഴെ മാത്രമാണ് സ്‌കോര്‍ ചെയ്തത്. ആദ്യ ടെസ്റ്റില്‍ ബൗളര്‍മാരുടെ മികച്ച പ്രകടനം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് മുന്നിലുള്ള ലക്ഷ്യം ബാറ്റര്‍മാര്‍ ഫോമിലാകുക എന്നതാണ്.
ഡിസംബര്‍ 14 മുതലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ആരംഭിക്കുക. നിലവില്‍ ഇരുടീമുകളും പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ വീതം വിജയിച്ചിട്ടുണ്ട്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശനത്തിന് പരമ്പരയിലെ അവശേഷിച്ച മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.