ഏഴുമത്സരങ്ങളില്‍ നിന്ന് 252 റണ്‍സ്; ചെന്നൈക്കെതിരെ സൂപ്പര്‍ അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി; വൈഭവ് സൂര്യവംശിയുടെ മിടുക്കില്‍ കുതിച്ച രാജസ്ഥാന് സിഎസ്‌കെയ്ക്ക് എതിരെ ആറുവിക്കറ്റ് ജയം; ധോണിയും കൂട്ടരും ഐപിഎല്ലില്‍ ഇതാദ്യമായി അവസാന റാങ്കുകാര്‍
രാജസ്ഥാന് സിഎസ്‌കെയ്ക്ക് എതിരെ ആറുവിക്കറ്റ് ജയം;
ന്യൂഡല്‍ഹി: 14 കാരനായ പ്രതിഭ വൈഭവ് സൂര്യവംശിയുടെ സൂപ്പര്‍ അര്‍ദ്ധ സെഞ്ച്വറിയുടെ കരുത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറുവിക്കറ്റിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി. വിജയ ലക്ഷ്യം കുറിച്ചത് 188.
വിജയലക്ഷ്യം 17 പന്ത് ബാക്കി നില്‍ക്കെ രാജസ്ഥാന്‍ മറികടന്നു. വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളും ധ്രുവ് ജൂറലും രാജസ്ഥാന് വേണ്ടി മികച്ച രീതിയില്‍ ബാറ്റ് വീശി. 57 റണ്‍സെടുത്ത വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. വൈഭവ് 7 മത്സരങ്ങളില്‍ നിന്ന് 252 റണ്‍സാണ് അടിച്ചെടുത്തത്.
സഞ്ജു 41 റണ്‍സും ജയ്‌സ്വാള്‍ 36 റണ്‍സും ധ്രുവ് ജൂറല്‍ 31 റണ്‍സും എടുത്തു. ചെന്നൈയ്ക്ക് വേണ്ടി രവിചന്ദ്രന്‍ അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഖലീല്‍ അഹ്‌മദും നൂര്‍ അഹ്‌മദും ഓരോ വീതം എടുത്തു. ചെന്നൈയെ വീഴ്ത്തിയതോടെ വിജയത്തോടെ ഈ സീസണിലെ മത്സരങ്ങള്‍ അവസാനിപ്പിക്കാനും രാജസ്ഥാന്‍ ആയി. 14 മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുള്ള രാജസ്ഥാന്‍ ഒന്‍പതാം സ്ഥാനത്താണ്. ചെന്നൈ ഇതാദ്യമായി പോയന്റ് പട്ടികയില്‍ അവസാന റാങ്കുകാരാണ്.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടുകയായിരുന്നു. ആയുഷ് മാത്രെ, ശിവം ദുബെ, ഡെവാള്‍ഡ് ബ്രവിസ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ നിലനില്‍പ്പാണ് ചെന്നൈയെ മത്സരത്തില്‍ മതിയായ സ്‌കോറിലേക്ക് നയിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈയ്ക്ക് തുടക്കം മികച്ചതായിരുന്നില്ല. 12 റണ്‍സിനുള്ളില്‍ തന്നെ ഡെവോണ്‍ കോണ്‍വേ (10), ഉര്‍വില്‍ പട്ടേല്‍ (0) എന്നീ ഓപ്പണര്‍മാരെ യുധ്വിര്‍ സിങ് മടക്കി. പിന്നീട് ഇറങ്ങിയ ആയുഷ് മാത്രെ എന്ന യുവതാരം മികവാര്‍ന്ന ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് ചെന്നൈയെ രക്ഷിച്ചു. 20 പന്തില്‍ നിന്ന് 43 റണ്‍സ് നേടിയ താരം സ്‌കോര്‍ബോര്‍ഡിന് നീക്കം വെപ്പിച്ചത്.
അടുത്തതായി, അശ്വിന്‍ (13), ജഡേജ (1) എന്നിവരും പെട്ടെന്ന് പുറത്തായതോടെ ചെന്നൈ വീണ്ടും പിരിമുറുക്കത്തിലായി 78 റണ്‍സിന് അഞ്ചു വിക്കറ്റ് നഷ്ടം. എന്നാല്‍ ഡെവാള്‍ഡ് ബ്രവിസ് (25 പന്തില്‍ 42), ശിവം ദുബെ (39), ധോനി (17 പന്തില്‍ 16) എന്നിവരുടെ മികവാണ് ടീമിനെ 187 റണ്‍സിലേയ്ക്ക് നയിച്ചത്. രാജസ്ഥാനുവേണ്ടി യുധ്വിര്‍ സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി. മത്സര ഫലം പ്ലേ ഓഫിലേക്ക് സ്വാധീനിക്കില്ലെന്നത് മറന്നുകൊണ്ടുള്ള ഫൈറ്റിംഗ് സ്പിരിറ്റാണ് ഇരുടീമുകളും കാണിച്ചതെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നു.