'സഞ്ജുവിനെ കേന്ദ്രീകരിച്ചാണ് ആ ടീം കെട്ടിപ്പടുത്തത്; പെട്ടെന്ന് ഒരു ദിവസം സഞ്ജുവിനെ റിലീസ് ചെയ്താല്‍ ടീമിന് എന്തു സംഭവിക്കും? ബാലന്‍സ് മുഴുവന്‍ പോകില്ലേ? പരാഗിനെ ക്യാപ്റ്റനാക്കാനാണെങ്കില്‍ ഒന്നും പറയാനില്ല'; രാജസ്ഥാന്‍ റോയല്‍സിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം

രാജസ്ഥാന്‍ റോയല്‍സിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം

Update: 2025-08-10 05:36 GMT

ചെന്നൈ: അടുത്ത ഐപിഎല്‍ സീസണിന് മുന്നോടിയായി സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. ടീമിലെ ബാറ്റിംഗ് ലൈനപ്പില്‍ ഓപ്പണിംഗ് സ്ഥാനം നഷ്ടമായതോടെ മലയാളി താരം ടീം വിടുമെന്നാണ് പ്രചാരണം. എന്നാല്‍ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു സാംസണിനെ കൈവിട്ടുകളയുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് രാജസ്ഥാന്‍ റോയല്‍സിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. പുതിയ സീസണിനു മുന്നോടിയായി സഞ്ജുവിനെ റിലീസ് ചെയ്യാന്‍ പദ്ധതിയുണ്ടെങ്കില്‍ അത് ഉപേക്ഷിക്കുന്നതാകും നല്ലതെന്ന് ശ്രീകാന്ത് മുന്നറിയിപ്പ് നല്‍കുന്നു. ടീം വിടാനുള്ള താല്‍പര്യം സഞ്ജു ടീം മാനേജ്‌മെന്റിനെ അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ശ്രീകാന്തിന്റെ മുന്നറിയിപ്പ്. സഞ്ജു രാജസ്ഥാന്‍ വിടുകയാണ് എങ്കില്‍ സഞ്ജുവിനെ സ്വന്തമാക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രണ്ട് ടീമുകളാണ് ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും.

സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്താല്‍, അത് അവരുടെ ടീം ബാലന്‍സിനെത്തന്നെ ബാധിക്കുമെന്നാണ് ശ്രീകാന്തിന്റെ മുന്നറിയിപ്പ്. അത് രാജസ്ഥാന് ഒരു തരത്തിലും ഗുണകരമാകില്ലെന്നും ശ്രീകാന്ത് തുറന്നു പറയുന്നു. ''രാഹുല്‍ ദ്രാവിഡും സഞ്ജു സാംസണും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍നിന്ന് മനസിലാകുന്നത്. അതേക്കുറിച്ച് എനിക്ക് കൃത്യമായ ധാരണയില്ല. പക്ഷേ, ഒരു ടീമിന്റെ ഭാഗത്തുനിന്ന് ഇതിനെ ഒന്നു നോക്കൂ. വലിയൊരു തുക നല്‍കിയാണ് അവര്‍ സഞ്ജുവിനെ നിലനിര്‍ത്തിയത്. സഞ്ജുവിനെ കേന്ദ്രീകരിച്ചാണ് ആ ടീം കെട്ടിപ്പടുത്തിരിക്കുന്നതും. പെട്ടെന്ന് ഒരു ദിവസം സഞ്ജുവിനെ റിലീസ് ചെയ്താല്‍ ടീമിന് എന്തു സംഭവിക്കും? ബാലന്‍സ് മുഴുവന്‍ പോകില്ലേ? 2008നു ശേഷം ഐപിഎല്‍ കിരീടം നേടാത്ത ടീമാണ് രാജസ്ഥാന്‍ എന്ന് ഓര്‍ക്കണം' ശ്രീകാന്ത് പറഞ്ഞു.

''അതിനു ശേഷം അവര്‍ ഫൈനല്‍ വരെ എത്തിയിട്ടുണ്ട്. ഞാനാണെങ്കില്‍ സഞ്ജുവിനെ പോകാന്‍ അനുവദിക്കില്ല. റിയാന്‍ പരാഗിനെ ക്യാപ്റ്റനാക്കാനാണ് ശ്രമമെങ്കില്‍, അതേക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. അത് അവരുടെ താല്‍പര്യമാണ്. എങ്കില്‍ക്കൂടി ഞാന്‍ സഞ്ജുവിനെ ബാറ്ററായി ടീമില്‍ നിലനിര്‍ത്തും. 18 കോടി രൂപ നല്‍കിയ താരമല്ലേ സഞ്ജു' ശ്രീകാന്ത് ചോദിച്ചു.

രാജസ്ഥാന്‍ വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ചേര്‍ന്നാലും സഞ്ജു സാംസണ്‍ അവിടെ അനുയോജ്യനായിരിക്കുമെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ''സഞ്ജു വളരെ മികച്ച താരമാണ്. ചെന്നൈയില്‍ ആരാധകര്‍ക്ക് വളരെ പ്രിയമുള്ളയാളുമാണ്. അവിടെ സഞ്ജുവിന് സ്വന്തമായി ഒരു ഫാന്‍ബേസുണ്ട്. രാജസ്ഥാന്‍ വിടുന്ന സാഹചര്യം വന്നാല്‍, സഞ്ജുവിനെ ചെന്നൈയില്‍ ഉള്‍പ്പെടുത്താന്‍ മുന്‍കയ്യെടുക്കുന്ന ആദ്യത്തെയാള്‍ ഞാനായിരിക്കും' ശ്രീകാന്ത് പറഞ്ഞു.

''എം.എസ്.ധോണിയുടെ പിന്‍ഗാമിയാകാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയും സഞ്ജുവാണ്. ധോണി ഒരുപക്ഷേ ഈ സീസണില്‍ക്കൂടി കളിച്ചേക്കും. അതിനുശേഷം തലമുറമാറ്റത്തിന് അരങ്ങൊരുങ്ങുമ്പോള്‍ സഞ്ജു തന്നെയാണ് ഏറ്റവും അനുയോജ്യന്‍. ഋതുരാജ് ഗെയ്ക്വാദിനെ ക്യാപ്റ്റനാക്കാന്‍ ചെന്നൈ ഇതിനകം തീരുമാനിച്ചു കഴിഞ്ഞെങ്കില്‍, അതില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നതാകം ഉചിതം' ശ്രീകാന്ത് പറഞ്ഞു.

അതേ സമയം സഞ്ജു രാജസ്ഥാന്‍ വിടുകയാണെങ്കില്‍ അത് ടീമിന് വലിയ നഷ്ടമാകും നല്‍കുക. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയ്ക്ക് ശേഷം മികച്ച പ്രകടനമാണ് റോയല്‍സ് കാഴ്ചവെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സഞ്ജു പോയാല്‍ ഒരു നല്ല നായകനെ കൂടിയാകും ടീമിന് നഷ്ടമാകുക. എന്നാല്‍ സഞ്ജു ടീം വിടുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു ഔദ്യോഗിക റിപ്പോര്‍ട്ടും പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ സഞ്ജു തന്നെ ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുകയാണ്. ആര്‍ അശ്വിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സിനെ കുറിച്ച് സംസാരിച്ചത്.

ഇന്ത്യയുടെ ടി20 സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജുവും ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് സഞ്ജു വാചാലനായത്. രാജസ്ഥാന്‍ റോയല്‍സാണ് തന്റെ ലോകം എന്ന് പറഞ്ഞ സഞ്ജു മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെയും ടീം ഉടമ മനോജ് ബദലെയെയും പ്രശംസിച്ചു.

'എനിക്ക് ( സഞ്ജു സാംസണ്‍ ) ആര്‍ആര്‍ എന്റെ ലോകം തന്നെയാണ്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്ന് വരുന്ന ഒരു കൊച്ചുകുട്ടി തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. പിന്നെ രാഹുല്‍ സാറും മനോജ് ബദലെ സാറും എനിക്ക് ഞാന്‍ എന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാന്‍ ഒരു വേദി തന്നു. ആ സമയത്ത്, അവര്‍ എന്നെ പൂര്‍ണമായി വിശ്വസിച്ചു. റോയല്‍സുമായുള്ള യാത്ര ശരിക്കും മികച്ചതായിരുന്നു, അത്തരമൊരു ഫ്രാഞ്ചൈസിയില്‍ കളിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്. ആര്‍ആര്‍ എനിക്ക് എല്ലാം ആണ്' എന്നാണ് സഞ്ജു സാംസണ്‍ പറഞ്ഞത്.

സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന കിംവദന്തികള്‍ നിലനില്‍ക്കുമ്പോഴാണ് ടീമിനെ കുറിച്ച് വാചാലനായി സഞ്ജു തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. റോയല്‍സ് ആരാധകര്‍ക്ക് സഞ്ജുവിന്റെ ഈ വാക്കുകള്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുകയാണ്. ഐപിഎല്‍ 2026 സീസണിലും റോയല്‍സിനെ നയിക്കാന്‍ സഞ്ജു അമരത്തുണ്ടാകും എന്ന പ്രതീക്ഷയിലേക്ക് എത്തിയിരിക്കുകയാണ് ആരാധകര്‍.

Tags:    

Similar News