ആദ്യ രണ്ട് സെഞ്ച്വറികള്‍ അവഗണിച്ചവര്‍ക്കുള്ള മറുപടി; അടുത്ത രണ്ട് 'ഡക്കുകള്‍' ഇതിഹാസങ്ങളെ അപമാനിച്ച സ്വന്തം അച്ഛനോടുള്ള അപേക്ഷ; ജോഹന്നാസ് ബര്‍ഗിലെ മൂന്നക്കം ആരാധകര്‍ക്കും ടീമിനുമുള്ള സ്‌നേഹ സമ്മാനം; സഞ്ജു സാസംണ്‍ ഇന്ത്യന്‍ സൂപ്പര്‍താരം; ഇനിയുള്ള ഓരോ മത്സരവും 'ഇതിഹാസത്തിലേക്കുള്ള' യാത്ര
കൊച്ചി: ടി 20യില്‍ ഈ വര്‍ഷം മൂന്ന് സെഞ്ച്വറികള്‍. ഓപ്പണിംഗ് റോളില്‍ സഞ്ജു വി സാംസണ്‍ തിളങ്ങുകയാണ്. തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടി. പിന്നെ രണ്ടു തവണ റണ്‍സെടുക്കാതെ മടങ്ങി. ഇതോടെ ആരാധകര്‍ നിരാശരായി. അവര്‍ക്കാണ് ജോഹന്നാസ് ബര്‍ഗിലെ സെഞ്ച്വറി. കൃത്യമായ പക്വത ആ ഇന്നിംഗ്‌സില്‍ കാണാം. തിലക് വര്‍മ്മ അടിച്ചു തകര്‍ക്കുമ്പോള്‍ തന്റെ റോള്‍ ഭംഗിയായി നിര്‍വ്വഹിച്ചു. തിലകിനെ സ്‌കോര്‍ ഉയര്‍ത്താന്‍ വിട്ട സഞ്ജു പതറാതെ കളിച്ച് സെഞ്ച്വറി നേടി. ക്ലാസും മാസും സഞ്ജുവില്‍ നിറഞ്ഞു. പോരാത്തതിന് പരിചയ സമ്പന്നതയും. റിവേഴ്‌സ് സ്വീപ്പില്‍ ബൗണ്ടറി നേടുന്ന കാഴ്ചയും ജോഹന്നാസ് ബര്‍ഗില്‍ കണ്ടു. അതായത് എല്ലാ ഷോട്ടുകളിലും സഞ്ജു പ്രാവീണ്യം നേടാന്‍ തുടങ്ങുകയാണ്.
ഈ വര്‍ഷത്തെ ആദ്യ രണ്ട് സെഞ്ച്വറികളും ഇന്ത്യന്‍ ക്രിക്കറ്റില്‍ സഞ്ജുവിനെ അവഗണിച്ചവര്‍ പോലും അംഗീകരിച്ചു. അത് യഥാര്‍ത്ഥത്തില്‍ അവര്‍ക്കുള്ള മറുപടിയായിരുന്നു. ആരും ബോധപൂര്‍വ്വം സഞ്ജുവിനെ ഒഴിവാക്കിയില്ല. എന്നാല്‍ കമന്ററി ബോക്‌സിലെ ചില അവഗണനകള്‍ സഞ്ജുവിനെ വേദനിപ്പിച്ചിരുന്നു. അവരുടെ നാവടക്കുന്നതായി ദക്ഷിണാഫ്രിക്കയിലെ ഷോ. പക്ഷേ ആ രണ്ടാം സെഞ്ച്വറി സഞ്ജുവിന്റെ അച്ഛനെ മറ്റൊരു തലത്തിലെത്തിച്ചു. രോഹിത് ശര്‍മ്മയേയും വിരാട് കോലിയയേും മഹേന്ദ്ര സിംഗ് ധോണിയേയും അപമാനിച്ചു അച്ഛന്‍. ഇത് സഞ്ജുവിന് വേദനയായി. ഈ വേദനയില്‍ നിന്നും പിറന്നതാണ് ആ രണ്ട് ഡക്കുകള്‍. അച്ഛനുള്ള മറുപടി. ദയവ് ചെയ്ത് ഇനി ഇങ്ങനെ പറയരുതെന്ന അഭ്യര്‍ത്ഥന. വിവാദങ്ങള്‍ പാടില്ലെന്ന സന്ദേശം. ഇതോടെ ആരാധകര്‍ ആശങ്കയിലായി. ഒരിക്കല്‍ കൂടി പിഴച്ചാല്‍ വീണ്ടും സഞ്ജുവിനെ തഴയാന്‍ സാധ്യത കൂടും.
എന്നാല്‍ താന്‍ ഫോമിലാണെന്നും ആര്‍ക്കും ഒഴിവാക്കാനും നല്‍കില്ലെന്ന് ദക്ഷിണാഫ്രിക്കയിലെ അവസാന ഷോയില്‍ സഞ്ജു തെളിയിച്ചു. ഏകദിനത്തില്‍ സെഞ്ച്വറി നേടിയ സഞ്ജുവിനെ പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ആ ഫോര്‍മാറ്റില്‍ അവസരം നല്‍കിയില്ല. ഓപ്പണറായി രോഹിത് ശര്‍മ്മ ഉള്ളതു കൊണ്ടായിരുന്നു അത്. എന്നാല്‍ ഇനി ഏകദിനത്തിലും സഞ്ജുവിനെ കളിപ്പിക്കേണ്ടി വരും. സ്ഥിരമായി ഫോം തുടര്‍ന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിലേക്കും വാതില്‍ തുറക്കേണ്ടി വരും. ഈ സീസണിലെ ദൂലീപ് ട്രോഫിയിലെ സെഞ്ച്വറിയും സഞ്ജുവിന്റെ ഫോമിനുള്ള തെളിവാണ്. അങ്ങനെ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായി സഞ്ജു മാറി. ഇനി ഇതിഹാസ താരമാകാനുള്ള യാത്രയാണ്. അതിന് വേണ്ടത് കഠിനാധ്വാനവും ആത്മസമര്‍പ്പണവും. അതു രണ്ടും സഞ്ജുവില്‍ ഇപ്പോള്‍ പ്രകടമാണ്. അതുകൊണ്ട് തന്നെ അത്ഭുതമാണ് ഇന്ത്യ സഞ്ജുവില്‍ നിന്നും പ്രതീക്ഷിക്കുക. ഇന്ത്യയ്ക്ക് കിരീടങ്ങള്‍ നേടിതരാന്‍ കരുത്തുള്ള പവര്‍ ഹൗസാണ് താനെന്ന് സഞ്ജു ദക്ഷിണാഫ്രിക്കയില്‍ തെളിയിച്ചു കഴിഞ്ഞു.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഡര്‍ബനില്‍ സെഞ്ച്വറി കുറിച്ച താരം ഖ്വേബര്‍ഹയിലെ രണ്ടാം മത്സരത്തിലും സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോര്‍ട്ട്സ് പാര്‍ക്കില്‍ നടന്ന മൂന്നാം മത്സരത്തിലും ഡക്കായി പുറത്തായിരുന്നു. രണ്ട് മത്സരങ്ങളിലും മാര്‍ക്കോ യാന്‍സെന്റ പന്തില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു. ഇതിന് പിന്നാലെ താരത്തിനെതിരെ മികച്ച പ്രകടനങ്ങളെ പോലും മറികടന്ന് വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിനുള്ള മറുപടിയാണ് പരമ്പരയിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ താരം നല്‍കിയത്. മുന്‍ നായകന്‍മാര്‍ക്കെതിരെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് എതിരെയുമാണ് താരത്തിന്റെ പിതാവ് രംഗത്ത് വന്നത്. ഇനിയെങ്കിലും സഞ്ജുവനെ വെട്ടിലാക്കുന്നതൊന്നും അച്ഛന്‍ പറയില്ലെന്നാണ് ആരാധക പ്രതീക്ഷ. ഇതു രണ്ടാം തവണയാണ് സഞ്ജുവന്റെ കരിയറില്‍ അച്ഛന്‍ പ്രതിസന്ധിയുണ്ടാക്കിയത്. 2017ലെ വിഴിഞ്ഞം ചീത്ത പറച്ചില്‍ സഞ്ജു മറികടന്നത് വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലാണെന്നതാണ് വസ്തുത.
ആദ്യ ടി 20 യിലെ മിന്നുന്ന സെഞ്ച്വറിക്ക് പിന്നാലെ തുടര്‍ച്ചയായ രണ്ട് ഡക്ക് വന്നപ്പോള്‍ ആരാധകര്‍ വീണ്ടും സഞ്ജുവിനെതിരെ തിരിഞ്ഞിരുന്നു.വിരാട് കോഹ്ലിയുള്‍പ്പടെയുള്ള താരങ്ങള്‍ക്കെതിരെ സഞ്ജുവിന്റെ പിതാവ് നടത്തിയ പരാമര്‍ശവും ആരാധകരെ ചൊടിപ്പിച്ചിരുന്നു.ഇതിനെല്ലാമുള്ള ഉത്തരമാണ് മറ്റൊരു തകര്‍പ്പന്‍ സെഞ്ച്വറിയിലൂടെ സഞ്ജു ജോഹന്നാസ് ബര്‍ഗില്‍ നല്‍കിയത്. ജൊഹന്നാസ് ബര്‍ഗില്‍ 109 റണ്‍സെടുത്ത് പുറത്താവാതെ നിന്നപ്പോള്‍ നിരവധി റെക്കോര്‍ഡുകള്‍ കൂടിയാണ് സഞ്ജുവിന്റെ പോക്കറ്റിലെത്തിയത്.ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി 20 സെഞ്ച്വറി നേടുന്ന താരവും വിക്കറ്റ് കീപ്പറും കുട്ടിക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍,കുട്ടിക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധശതകം നേടിയ ഇന്ത്യന്‍ കീപ്പര്‍,എന്നിങ്ങനെ പോകുന്ന ഈ സെഞ്ച്വറിയിലൂടെ സഞ്ജു കൈപ്പിടിയിലാക്കിയ റെക്കോര്‍ഡുകള്‍.ഈ വര്‍ഷം മൂന്ന് ടി 20 സെഞ്ച്വറികളാണ് സഞ്ജു നേടിയത്.അതും വെറും അഞ്ച് ഇന്നിങ്ങ്‌സുകളിലാണ് ഈ മൂന്നു ശതകങ്ങളും പിറന്നതെന്നതും താരത്തിന്റെ മികവ് എടുത്തു കാട്ടുന്നു.
28 പന്തില്‍നിന്നാണ് സഞ്ജു അര്‍ധ സെഞ്ചുറി കുറിച്ചത്. പിന്നീട് 23 പന്തുകളെടുത്ത് സെഞ്ചുറിയിലെത്തി. 56 പന്തില്‍ 109 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഒന്‍പത് സിക്സും ആറ് ഫോറും ഇതില്‍ ഉള്‍പ്പെടുന്നു. 194.64 സ്ട്രൈക്ക് റേറ്റിലാണ് നേട്ടം.ട്രിസ്റ്റന്‍ സ്റ്റബ്സ് എറിഞ്ഞ പത്താം ഓവറില്‍ സിക്സടിച്ച് സ്റ്റൈലിഷായാണ് സഞ്ജു ഫിഫ്റ്റി തികച്ചത്. തുടര്‍ന്ന് 23 പന്തുകളിലാണ് സെഞ്ചുറിയിലേക്കെത്തിയത്.കോട്സിയെറിഞ്ഞ 18-ാം ഓവറില്‍ ജെറാള്‍ഡ് കോട്സിയുടെ ഓവറിലാണ് സഞ്ജുവിന്റെ സെഞ്ചുറി.പതിയെ തുടങ്ങിയ താരം താളം കണ്ടെത്തിയതോടെ കത്തിപ്പടരുകയായിരുന്നു. ഇതിന് പിന്നാലെ സഞ്ചു രണ്ട് കളികളില്‍ തുടര്‍ച്ചയായി ഡക്കായപ്പോള്‍ താരത്തിന്റെ ആരാധകര്‍ പിതാവിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. എന്തായാലും ഗ്രൗണ്ടിന് പുറത്തെ വിവാദങ്ങള്‍ തന്റെ പ്രകടനത്തെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍.
മറുഭാഗത്ത് തീപ്പൊരി സെഞ്ച്വറിയുമായി തിലക് വര്‍മയും കളംനിറഞ്ഞതോടെ ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ കുറിച്ചത് കൂറ്റന്‍ സ്‌കോറാണ്. 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സാണ് ഇന്ത്യ നേടിയത്.41 പന്തിലാണ് തിലക് നൂറിലെത്തിയത്. താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയും. കഴിഞ്ഞ മത്സരത്തില്‍ ട്വന്റി20 ക്രിക്കറ്റിലെ കന്നി സെഞ്ച്വറി നേടിയ താരം 107 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ഇതോടെ തുടര്‍ച്ചയായി ട്വന്റി20യില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി തിലക്. നേരത്തെ സഞ്ജുവും ഈ നേട്ടം കൈവരിച്ചിരുന്നു. ഈ നേട്ടത്തിലേക്ക് തിലക് വര്‍മ്മയെ പിന്തുണച്ചത് സഞ്ജുവന്റെ പ്രോത്സാഹനമായിരുന്നു.
2017ല്‍ കേരളാ ക്രിക്കറ്റിന്റെ വിലക്കിന് വിധേയനായ വ്യക്തിയാണ് സഞ്ജു വി സാംസണിന്റെ അച്ഛന്‍. അന്ന് ക്രിക്കറ്റ് ജീവിതത്തിലെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സഞ്ജു നേരിട്ടത്. അതിന് കാരണക്കാരനായ പ്രധാന വ്യക്തി അച്ഛന്‍ സാംസണ്‍ വിശ്വനാഥായിരുന്നു. കഠിനാധ്വാനത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ ഹീറോയായി മാറുമ്പോള്‍ വീണ്ടും അച്ഛന്റെ ഒരു പരാമര്‍ശം വരുന്നു. ധോണിയും കോലിയും രോഹിതും ചേര്‍ന്ന് സഞ്ജുവിന്റെ പത്ത് വര്‍ഷം നശിപ്പിച്ചുവെന്നും പുതിയ കോച്ചും ക്യാപ്റ്റനും വന്നതോടെ അവസരം ലഭിച്ചുവെന്നും ഡര്‍ബനിലെ സെഞ്ചുറിക്ക് പിന്നാലെ ഗംഭീറിനും സൂര്യകുമാറിനും നന്ദി പറഞ്ഞ് അച്ഛന്‍ സാംസണ്‍ ആഞ്ഞടിക്കുകയായിരുന്നു. ടിവി ചാനലുകളില്‍ ബൈറ്റ് എത്തി. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ തുല്യരെയാണ് സഞ്ജുവിന്റെ അച്ഛന്‍ വിമര്‍ശിക്കുന്നത്. മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോലിയും രോഹിത് ശര്‍മ്മയും ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ തുല്യരാണ്. ഇവര്‍ക്കെതിരെ സഞ്ജുവിന്റെ അച്ഛന്‍ നടത്തിയ പരസ്യ പ്രതികരണം താരത്തെ ബാധിക്കുമോ എന്ന ആശങ്ക സജീവമായി. എന്നാല്‍ ഈ ഫോമില്‍ സഞ്ജു തുടര്‍ന്നാല്‍ അതിന് ആര്‍ക്കും കഴിയില്ല.
മോശം പെരുമാറ്റത്തിന്റെ പേരില്‍ സഞ്ജു വി. സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ താക്കീത് കിട്ടിയത് 2017ലാണ്. ഈ ഇടപെടല്‍ സഞ്ജുവിന്റെ കരിയറിനെ ഗുണകരമാം വിധം തുണച്ചുവെന്നാതാണ് വസ്തുത. സഞ്ജു തുടര്‍ന്നും തങ്ങളുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്ന് അന്ന് കെ.സി.എ. പറഞ്ഞിരുന്നു. സഞ്ജു തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് സഞ്ജു എഴുതിക്കൊടുക്കുകയും ചെയ്തു. അക്ഷരം പ്രതി അത് താരം പാലിച്ചു. അതിന്റെ ഗുണമാണ് പിന്നീട് ഐപിഎല്ലില്‍ അടക്കം കണ്ടത്. രാജസ്ഥാന്‍ റോയല്‍സിന്റെ എല്ലാമെല്ലാമായി മലയാളി താരം. ഇപ്പോള്‍ തുടര്‍ച്ചയായ രണ്ട് ട്വന്റി ട്വന്റി സെഞ്ച്വറികള്‍. ഫോമിന്റെ അപാരതയിലാണ് സഞ്ജു. പക്ഷേ 2017ല്‍ സഞ്ജുവിനൊപ്പം നടപടി നേരിട്ട മറ്റൊരാളുണ്ട്. സഞ്ജു സാംസന്റെ അച്ഛന്‍ സാംസണ്‍ വിശ്വനാഥ്.
അന്ന് സഞ്ജുവിന്റെ അച്ഛന് കെ.സി.എ. വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സാംസണ്‍ ഇനി മുതല്‍ പരിശീലകര്‍, കെ.സി.എ. ഭാരവാഹികള്‍ എന്നിവരുമായി ബന്ധപ്പെടാന്‍ പാടില്ലെന്നും കളിസ്ഥലം, പരിശീലവേദികള്‍ എന്നിവിടങ്ങളില്‍ അനുവാദമില്ലാതെ പ്രവേശിക്കരുതെന്നും കെ.സി.എ. പരസ്യമായി പ്രഖ്യാപിച്ചിരുന്നു. 2017ല്‍ മുംബൈയില്‍ ഗോവയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയുണ്ടായ മോശം പെരുമാറ്റമാണ് സഞ്ജുവിനെതിരായ നടപടിക്ക് അന്ന് വഴിവച്ചത്. മത്സരത്തിന്റെ രണ്ടാമിന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ സഞ്ജു മത്സരശേഷം ഡ്രസ്സിങ് റൂമിലെത്തി ബാറ്റ് തല്ലിപ്പൊട്ടിക്കുകയും ആരോടും പറയാതെ റൂം വിട്ടു പോവുകയും ചെയ്തുവെന്നാണ് ആരോപണം. രഞ്ജി മത്സരത്തിനിടെ വിവാദമുണ്ടാക്കേണ്ടെന്ന് കരുതി തുടര്‍ന്ന് ഗുവാഹത്തിയില്‍ നടന്ന ആന്ധ്ര പ്രദേശിനെതിരായ മത്സരത്തിലും സഞ്ജുവിനെ കളിപ്പിച്ചെങ്കിലും ആദ്യ ഇന്നിങ്‌സില്‍ സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് പോകണമെന്ന് സഞ്ജു ആവശ്യപ്പെട്ടതായും എന്നാല്‍ ടൂര്‍ണമെന്റിനിടയില്‍ പെട്ടെന്ന് അങ്ങനെ പിന്മാറാനാവില്ലെന്നും കെ.സി.എ അറിയിച്ചു.
പരിക്കേറ്റതിനാലാണ് നാട്ടിലേക്ക് മടങ്ങണമെന്ന് സഞ്ജു അന്ന് ആവശ്യപ്പെട്ടത്. പക്ഷേ പരിക്ക് സഞ്ജു ടീം ഫിസിയോ, മാനേജര്‍ എന്നിവരെ അറിയിച്ചില്ലെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു. നാട്ടിലേക്ക് പോകാന്‍ അനുവദിക്കാത്തതോടെ സഞ്ജുവിന്റെ അച്ഛന്‍ സാംസണ്‍ കെ.സി.എ പ്രസിഡണ്ടിനെയും സ്റ്റാഫിനെയും വിളിച്ച് ചീത്ത പറഞ്ഞു. വിഷയത്തെക്കുറിച്ച അന്വേഷിക്കാന്‍ മുന്‍ കേരള ക്യാപ്റ്റന്‍ എസ്. രമേശ്, അന്ന് മാച്ച് റഫറിയായിരുന്ന രംഗനാഥന്‍, അന്ന് കെ.സി.എ. വൈസ് പ്രസിഡന്റായിരുന്ന അഡ്വ. ടി.ആര്‍. ബാലകൃഷ്ണന്‍, അഡ്വ. ശ്രീജിത്ത് എന്നിവര്‍ അംഗങ്ങളായ നാലംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് മോശം പെരുമാറ്റം ഉണ്ടായതെന്ന് സഞ്ജു അന്വേഷണ സമിതിയ്ക്കു മുന്നില്‍ വിശദീകരണം നല്‍കി. സഞ്ജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കമ്മിറ്റി, എന്നാല്‍, കടുത്ത നടപടികള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പക്ഷേ അച്ഛന് വലിക്കും ഏര്‍പ്പെടുത്തി.
ബാറ്റ് അടിച്ചു പൊട്ടിച്ച സംഭവത്തില്‍ സഞ്ജുവിനോട് ക്ഷമിക്കാനായിരുന്നു കെസിഎയുടെ ആദ്യ തീരുമാനം. അപ്പോഴാണ് അച്ഛന്റെ ഫോണ്‍ വിളി എത്തിയത്. ഇതോടെ കെസിഎ നടപടികളിലേക്ക് കടന്നുവെന്നതാണ് വസ്തുത.