ഡല്‍ഹിയില്‍ കളിച്ചിരുന്ന സഞ്ജു കേരളത്തിലെത്തുന്നത് രാജ്യ തലസ്ഥാനത്ത് അണ്ടര്‍ 13-ടീമില്‍ സ്ഥാനം കിട്ടാതായപ്പോള്‍; പതിനൊന്ന് വയസ്സുള്ളപ്പോള്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നത് അസംബന്ധം! ദ്രാവിഡിനെ പൊക്കി അച്ഛന്‍ പറയുന്ന പുതിയ ആരോപണം തിരിച്ചടിക്കും; ഇനിയുള്ള രണ്ടു കളികളില്‍ തിളങ്ങിയേ മതിയാകൂ; എല്ലാവരും ചേര്‍ന്ന് സഞ്ജുവിന് സമ്മര്‍ദ്ദം നല്‍കുമ്പോള്‍
തിരുവനന്തപുരം: ഇംഗ്ലണ്ടിനെതിരെ ഇനി ഇന്ത്യയ്ക്കുള്ള രണ്ട് ട്വന്റി ട്വന്റി മത്സരം. ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ മോശമായില്ല. പക്ഷേ പ്രതിഭയ്‌ക്കൊത്ത പ്രകടനം നടത്തിയില്ല. അര്‍ദ്ധ സെഞ്ച്വറി അനായാസം നേടാമായിരുന്നിട്ടും വിക്കറ്റ് നഷ്ടമാക്കി. പക്ഷേ ഇനിയുള്ള രണ്ട് കളികള്‍ നിര്‍ണ്ണായകമാണ്. ഈ രണ്ടില്‍ ഒന്നില്‍ സെഞ്ച്വറിയില്ലെങ്കില്‍ സഞ്ജുവിന്റെ കാര്യം കട്ടപ്പൊകയാകും. വീണ്ടും സഞ്ജുവിന്റെ അച്ഛന്‍ പ്രതികരണമായി രംഗത്ത് വന്നിരിക്കുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സഞ്ജു സാംസണിന്റെ പിതാവ് എത്തുമ്പോള്‍ കേരളത്തില്‍ നിന്നുള്ള പാര ഉറപ്പാണ്. ഈ സാഹചര്യത്തില്‍ പ്രകടന മികവിലൂടെ മാത്രമേ അച്ഛന്റെ നാവിലൂടെയുണ്ടാകുന്ന പ്രതിസന്ധിയേയും കെസിഎ പാരയേയും എല്ലാം സഞ്ജുവിന് മറികടക്കാന്‍ കഴിയൂ. അല്ലാത്ത പക്ഷം ക്രിക്കറ്റിലെ ദൈവങ്ങളുടെ കോപത്തില്‍ സഞ്ജുവിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് തന്നെ അപ്രസക്തമാകും. കെസിഎ ചിലതു പറഞ്ഞിരുന്നു. അതിനോട് പ്രതികരിക്കാതെ കളിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു സഞ്ജു. ഇതിനിടെയാണ് അച്ഛന്റെ അതിരുവിട്ട പ്രതികരണം എത്തുന്നത്. കെസിഎയുടെ വിലക്കിന് വിധേയനായ വ്യക്തിയാണ് സാംസണ്‍ വിശ്വനാഥ്. അടിസ്ഥാന രഹിതമായ ആരോപണമാണ് സഞ്ജുവിന്റെ അച്ഛന്റേതായി പുതുതായി വരുന്നതെന്നാണ് കെസിഎ പറയുന്നത്.
പതിനൊന്ന് വയസ്സുള്ളപ്പോള്‍ തന്നെ സഞ്ജുവിന്റെ കരിയര്‍ നശിപ്പിക്കാന്‍ കെസിഎ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്ന് സാംസണ്‍ വിശ്വനാഥ് ആരോപിച്ചു. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും മുഖ്യ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിന്റെ ഇടപെടലിലൂടെയാണ് സഞ്ജുവിന്റെ രക്ഷപ്പെട്ടതെന്നും സ്പോര്‍ട്സ് തകിന് നല്‍കിയ അഭിമുഖത്തില്‍ വിശ്വനാഥ് അഭിമുഖത്തില്‍ അവകാശപ്പെട്ടു. രാഹുല്‍ ദ്രാവിഡിനെക്കുറിച്ചുള്ള ഒരു സംഭവം ഞാന്‍ നിങ്ങളോട് പറയാം എന്ന് പറഞ്ഞാണ് അഭിമുഖത്തില്‍ ദ്രാവിഡ് തുടങ്ങുന്നത്. 'രാഹുല്‍ ദ്രാവിഡിനെക്കുറിച്ചുള്ള ഒരു സംഭവം ഞാന്‍ നിങ്ങളോട് പറയാം. കെസിഎ സഞ്ജുവിനെ അവഗണിക്കാനും കരിയര്‍ നശിപ്പിക്കാനും ശ്രമിച്ചപ്പോള്‍, ദ്രാവിഡ് ജി ഇടപെട്ടിരുന്നു. 11 വയസ്സുള്ളപ്പോയായിരുന്നു അത്, സഞ്ജു ഇന്നത്തെ നിലയിലെത്തിയതിന് അദ്ദേഹം രാഹുല്‍ ദ്രാവിഡിനോട് കടപ്പെട്ടിരിക്കുന്നു. സഹായം ചെയ്ത ആരെയും ഞാന്‍ മറന്നിട്ടില്ല. സഞ്ജുവിനെതിരെ നടപടിയെടുത്ത സമയത്ത് ഞങ്ങള്‍ എല്ലാവരും സങ്കടപ്പെട്ട് വീട്ടില്‍ ഇരിക്കുകയായിരുന്നു. ഒരു ദിവസം സഞ്ജുവിന് രാഹുല്‍ സാറില്‍ നിന്ന് ഒരു കോള്‍ വന്നു. കരഞ്ഞുകൊണ്ടാണ് സഞ്ജു ഫോണ്‍ എടുത്തത്'- വിശ്വനാഥ് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് അവസരം നല്‍കിയതിന് ഹെഡ് കോച്ച് ഗൗതം ഗംഭീറിനും ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും വിശ്വനാഥ് നന്ദി പറഞ്ഞു. ഗംഭീറിലും സൂര്യകുമാര്‍ യാദവില്‍ പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്നും വിശ്വനാഥ് പറഞ്ഞു. ഇതിനൊപ്പം പതിനൊന്ന് വയസ്സിലെ പാരക്കഥ കള്ളമെന്ന വാദവും സജീവമാണ്. സ്പോര്‍ട്സ് തകിലെ അച്ഛന്റെ അഭിമുഖം മലയാള മാധ്യമങ്ങളിലും എത്തുന്നുണ്ട്. ഇതോടെയാണ് ചര്‍ച്ച മുറുകുന്നത്.
ജിടിബി നഗറിലെ നോര്‍ത്ത് ഡല്‍ഹി പോലീസ് റെസിഡന്‍ഷ്യല്‍ കോളനിയിലാണ് സഞ്ജു തന്റെ ബാല്യകാലം ചെലവഴിച്ചത്. ഡല്‍ഹിയിലെ റോസറി സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിച്ചു. ധ്രുവ് പാണ്ഡോവ് ട്രോഫിക്കുള്ള ഡല്‍ഹി അണ്ടര്‍-13 ടീമില്‍ സഞ്ജു എത്താതിരുന്നപ്പോള്‍, അദ്ദേഹത്തിന്റെ പിതാവ് ഡല്‍ഹി പോലീസ് സേനയില്‍ നിന്ന് സ്വമേധയാ വിരമിച്ചു കേരളത്തിലേക്ക് മാറി, അവിടെ സഞ്ജുവും സഹോദരനും ക്രിക്കറ്റ് ജീവിതം തുടര്‍ന്നു. കേരളത്തില്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ ബിജു ജോര്‍ജിന്റെ കീഴില്‍ പരിശീലനത്തിനായി അക്കാദമി മാറുന്നതിന് മുമ്പ് അദ്ദേഹം തിരുവനന്തപുരത്ത് മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിലും കളിച്ചിരുന്നു. സഞ്ജുവിന്റ അച്ഛന് ഡല്‍ഹി പോലീസിലായിരുന്നു ജോലി. ഡല്‍ഹിയ്ക്ക വേണ്ടി സന്തോഷ് ട്രോഫി കളിച്ച ഫുട്‌ബോളര്‍ കൂടിയാണ് അദ്ദേഹം. പന്ത്രണ്ടാം വയസ്സില്‍ മാത്രമാണ് സഞ്ജുവെന്ന പ്രതിഭയുടെ ക്രിക്കറ്റ് കളി കേരളത്തില്‍ തുടങ്ങുന്നത്. പിന്നെ എങ്ങനെ 11-ാം വയസ്സില്‍ പാര വയ്ക്കാന്‍ കെസിഎയ്ക്ക് കഴിഞ്ഞുവെന്നതും ഉയരുന്ന ചോദ്യമാണ്. എന്നാല്‍ പതിനാറ് വയസ്സിന് ശേഷം നിരവധി അവഗണനകള്‍ സഞ്ജുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. അവിടെയെല്ലാം ബിജു ജോര്‍ജ് എന്ന പരിശീലകന്‍ പ്രതിരോധമുയര്‍ത്തി. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന്റെ യുവ പ്രതിഭാ ക്യാമ്പില്‍ അടക്കം സഞ്ജു എത്തിയതിന് പിന്നില്‍ ബിജു ജോര്‍ജിന്റെ ഇടപെടലുണ്ട്. നിലവില്‍ ബിജു ജോര്‍ജ്ജിന് അടുത്ത് സഞ്ജു പരിശീലനത്തിന് പോകുന്നില്ലെന്നതും വസ്തുതയാണ്. പക്ഷേ ആ താരത്തെ രാകി മിനുക്കിയതില്‍ വലിയ പങ്ക് ബിജു ജോര്‍ജ്ജിനുണ്ട്.
നേരത്തെ സഞ്ജുവുമായി പ്രശ്‌നങ്ങളുള്ള ഒരുപാട് പേര്‍ കെസിഎയിലുണ്ടെന്നും ക്യാമ്പ് നഷ്ടമായ ഒരേ ഒരാള്‍ സഞ്ജുവല്ലെന്നും വിശ്വനാഥ് സാംസണ്‍ പറഞ്ഞിരുന്നു.' സഞ്ജുവിന് മാത്രമല്ല ക്യാമ്പ് നഷ്ടമായത്, ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ടി 20 പരമ്പര കളിച്ച സഞ്ജു വിശ്രമം ആഗ്രഹിച്ചിരുന്നു. അതിനാണ് കുറച്ച് ദിവസത്തേക്ക് വിട്ടുനിന്നത്, എന്നാല്‍ രഞ്ജിയിലും മുഷ്താഖ് അലി ട്രോഫിയിലും താരം കളിക്കുകയും ചെയ്തു, വിജയ് ഹസാരെയില്‍ കളിക്കാനും മകന്‍ തയ്യാറായിരുന്നു, എന്നാല്‍ കുറച്ച് ദിവസം ക്യാമ്പില്‍ നിന്ന് വിട്ടുനിന്നു എന്നതിന്റെ പേരില്‍ താരത്തെ ഒഴിവാക്കുകയായിരുന്നുവെന്നും പിതാവ് ആരോപിച്ചു. ഇതിന് മുമ്പും ഇന്ത്യന്‍ പര്യടനങ്ങള്‍ക്കിടയില്‍ സഞ്ജു വന്ന് കളിക്കാറുണ്ട്, പുറത്തുള്ള സംസ്ഥാനങ്ങളും ഇന്ത്യന്‍ താരങ്ങള്‍ക്ക് ഈ ഇളവ് കൊടുക്കാറുണ്ട്, എന്നാല്‍ സഞ്ജുവിന്റെ കാര്യത്തില്‍ ബാലിശമായ ഇടപെടല്‍ ചില നടത്തുകയായിരുന്നു, വിശ്വനാഥ് സാംസണ്‍ കുറ്റപ്പെടുത്തി. എന്നാലിത് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജിനെയോ സെക്രട്ടറി വിനോദ് എസ് കുമാറിനെയോ അല്ല ഉദ്ദേശിക്കുന്നതെന്നും പിതാവ് അന്ന് വ്യക്തമാക്കി.
ചാംപ്യന്‍സ് ട്രോഫി ടീമിലുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിക്കാത്തതിന് പിന്നാലെ പൊട്ടി പുറപ്പെട്ടതാണ് സഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം. ശശി തരൂരിന്റ പോസ്റ്റാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഇതിനെതിരെ രംഗത്ത് എത്തിയ ജയേഷ് ജോര്‍ജ് സഞ്ജുവിനെ കടന്നാക്രമിച്ചു. തരൂരിന് മറുപടി പറയുകയെന്നതിന് അപ്പുറത്ത് സഞ്ജുവിനെ മോശക്കാരനാക്കുകയായിരുന്നു കെസിഎ. വിജയ് ഹസാരെ ട്രോഫി കളിക്കാത്തതാണ് സഞ്ജുവിന്റെ അവസരം നഷ്ടപ്പെടാന്‍ കാരണമെന്ന് പറയുമ്പോള്‍ പ്രതിസ്ഥാനത്ത് വന്നത് കെസിഎ കൂടിയായായിരുന്നു. ഇതിനിടയില്‍ സഞ്ജുവിന്റെ പിതാവിന്റെ വെളിപ്പെടുത്തല്‍ കൂടിയായതോടെ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. ഇതോടെ സഞ്ജുവിന്റെ അച്ഛനെതിരെ ബിസിസിഐയെ കെസിഎ നിലപാട് അറിയിക്കും. താരം പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. സഞ്ജു ഇന്ത്യന്‍ ടീമിനൊപ്പവുമാണ്. അതുകൊണ്ട് തന്നെ അച്ഛന്റെ വാക്കുകള്‍ക്ക് മകനെതിരെ നടപടി എടുക്കാനും കഴിയില്ലെന്നതാണ് വസ്തുത. അപ്പോഴും ഏതെങ്കിലും തരത്തിലെ സമ്മര്‍ദ്ദം ഫലിക്കുമോ എന്ന ആശങ്കയും സഞ്ജു ആരാധകര്‍ക്കുണ്ട്.
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര പുരോഗമിക്കുകയാണ്. ആദ്യ മത്സരം പൂര്‍ത്തിയാവുമ്പോള്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ പരമ്പരയില്‍ ഇന്ത്യ മുന്നിട്ട് നില്‍ക്കുകയാണ്. രണ്ടാം മത്സരം നാളെ നടക്കാന്‍ പോകുന്നു. എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് സഞ്ജു സാംസണിന്റെ പ്രകടനത്തിലേക്കാണ്. സമീപകാലത്തായി ഇന്ത്യന്‍ നിരയില്‍ ഏറ്റവും ഫോമിലുള്ള താരം സഞ്ജു സാംസണാണ്. മൂന്ന് സെഞ്ച്വറികളടക്കം ടി20യില്‍ നേടി ലോക റെക്കോഡിടാന്‍ സഞ്ജുവിനായി. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ തഴയപ്പെട്ടു. തികച്ചും അപ്രതീക്ഷിതമായാണ് സഞ്ജു തഴയപ്പെട്ടത്. ഏകദിനത്തില്‍ 56ന് മുകളിലാണ് സഞ്ജുവിന്റെ ശരാശരി. എന്നിട്ടും സഞ്ജുവിനെ ഇന്ത്യ പരിഗണിച്ചില്ല. കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള ഭിന്നതയെത്തുടര്‍ന്ന് സഞ്ജുവിന് വിജയ് ഹസാരെ ട്രോഫി കളിക്കാന്‍ സാധിച്ചിരുന്നില്ല. ഇതും ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് സഞ്ജു ഒഴിവാക്കപ്പെടാന്‍ കാരണമായി.
ചാമ്പ്യന്‍സ് ട്രോഫി കോച്ച് ഗൗതം ഗംഭീറിനെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പ്രശ്നമാണ്. അതുകൊണ്ടുതന്നെ ഗംഭീര്‍ ചില നിര്‍ണ്ണായക മാറ്റങ്ങള്‍ ടീമില്‍ വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. നിലവിലെ ടീമിന് ആശങ്കകളേറെ നിലവിലെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം ശക്തമാണ്. എന്നാല്‍ നിരവധി ആശങ്കകള്‍ ടീമിനുണ്ടെന്ന് പറയാം. നായകന്‍ രോഹിത് ശര്‍മയും സൂപ്പര്‍ താരം വിരാട് കോലിയും മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നത്. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഫിറ്റ്നസ് പ്രശ്നം നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ ടീമിന്റെ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. സഞ്ജുവിനെപ്പോലെ മികച്ച ഫോമിലുള്ള താരത്തെ ടീമിലേക്ക് പരിഗണിക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് സഞ്ജുവിനെ ടീമില്‍ റിസര്‍വ്വ് താരമാക്കാനും ഇടയുണ്ട്. ഇതിനിടെയാണ് അച്ഛന്റെ കെസിഎയ്‌ക്കെതിരായ പ്രതികരണങ്ങള്‍.