'ഞങ്ങള്‍ക്ക് സംശയമില്ല, അഞ്ചാം നമ്പറില്‍ എങ്ങനെ കളിക്കണമെന്ന് സഞ്ജു പഠിക്കും; ബാറ്റിങ് പൊസിഷനുമായി പൊരുത്തപ്പെടാന്‍ സഞ്ജുവിന് കുറച്ച് സമയം നല്‍കേണ്ടിവരും; പിന്തുണച്ച് ഇന്ത്യന്‍ ബാറ്റിങ് കോച്ച്
'ഞങ്ങള്‍ക്ക് സംശയമില്ല, അഞ്ചാം നമ്പറില്‍ എങ്ങനെ കളിക്കണമെന്ന് സഞ്ജു പഠിക്കും
ദുബായ്: ഏഷ്യാകപ്പില്‍ സഞ്ജു സാംസണെ അഞ്ചാമനായി ബാറ്റിങ് ഇറക്കുന്നതിനെതിരെ സൈബറിടത്തില്‍ അടക്കം വിമര്‍ശനം ശക്തമാകുന്നതിനിടെ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ്. ടി20യില്‍ ഓപ്പണറായി ഇറങ്ങി ബംഗ്ലാദേശിനെതിരെ ഒരു സെഞ്ച്വറിയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് സെഞ്ച്വറിയും നേടി മികവ് തെളിയിച്ച സഞ്ജുവിന് ഓര്‍ഡറില്‍ മാറ്റം വന്നപ്പോള്‍ ബാറ്റിങ്ങിനെ ബാധിച്ചെന്നാണ് മുന്‍ താരങ്ങളടക്കം പറയുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണ് ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് പറയുന്നത്. സഞ്ജുവിനെ അഞ്ചാമത് കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നുണ്ട്, എന്നാല്‍ പുതിയ ബാറ്റിങ് പൊസിഷനുമായി പൊരുത്തപ്പെടാന്‍ സഞ്ജുവിന് കുറച്ച് സമയം നല്‍കേണ്ടിവരുമെന്നും റയാന്‍ ടെന്‍ വ്യക്തമാക്കി.
സഞ്ജു ആ ജോലിക്ക് ഏറ്റവും അനുയോജ്യനാണെന്നാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഭാവിയില്‍ ആ റോള്‍ എങ്ങനെ കളിക്കണമെന്ന് താരം മനസിലാക്കുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
'ആ റോള്‍ എങ്ങനെ കളിക്കണമെന്ന് അയാള്‍ മനസ്സിലായിക്കൊണ്ടിരിക്കുകയാണ്. പാകിസ്ഥാനെതിരായ മത്സരത്തില്‍ സാഹചര്യങ്ങള്‍ മോശമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. പക്ഷേ ശുഭ്മാനും അഭിഷേകും സൂര്യകുമാര്‍ യാദവും തിലക് വര്‍മ്മയും കളിച്ച രീതിയും കണക്കിലെടുക്കുമ്പോള്‍, ഞങ്ങള്‍ ശരിക്കും അഞ്ചാം സ്ഥാനക്കാരനെ നോക്കുകയാണ്' ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ ടെന്‍ ഡോഷേറ്റ് പറഞ്ഞു.
ഏഷ്യാ കപ്പില്‍ സഞ്ജുവിന് രണ്ട് അവസരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഒമാനെതിരെ മൂന്നാം സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. മധ്യനിരയില്‍ ഇറങ്ങിയ താരം കൂടുതല്‍ സമയം ക്രീസില്‍ നിന്ന് 45 പന്തില്‍ നിന്ന് മൂന്ന് ഫോറുകളും 3 സിക്സറുകളും ഉള്‍പ്പെടെ 56 റണ്‍സ് നേടി. പാകിസ്ഥാനെതിരെ അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്ത സഞ്ജുവിന് 17 പന്തില്‍ നിന്ന് 13 റണ്‍സ് മാത്രമേ നേടിയുള്ളൂ.