ട്വന്റി20യില്‍ ചരിത്രം കുറിച്ച് സഞ്ജു സാംസണ്‍; ട്വന്റി20 യില്‍ 8000 റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമായി രോഹിത്തിനും കോഹ്‌ലിക്കുമൊപ്പം

ട്വന്റി20യില്‍ ചരിത്രം കുറിച്ച് സഞ്ജു സാംസണ്‍

Update: 2025-12-19 16:10 GMT

അഹമ്മദാബാദ്: ട്വന്റി20 ടീമില്‍ ഇടം നേടിയതിന് പിന്നാലെ ചരിത്രം കുറിച്ച് മലയാളി താരം സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയ താരം രണ്ട് നാഴികക്കല്ലാണ് പിന്നിട്ടത്. അന്താരാഷ്ട്ര ട്വന്റി20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ താരം ട്വന്റി20 യില്‍ 8000 റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമായും മാറി.

മുന്‍ ക്യാപ്റ്റന്മാരായ വിരാട് കോഹ്‌ലി, രോഹിത്ത് ശര്‍മ, ശിഖര്‍ ധവാന്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍ എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍. കാല്‍പ്പാദത്തിന് പരിക്കേറ്റ ഓപ്പണറും ഉപനായകനുമായ ശുഭ്മാന്‍ ഗില്‍ പുറത്തായതോടെയാണ് സഞ്ജുവിന് അവസരം ലഭിച്ചത്. ഓസ്ട്രേലിയന്‍ പര്യടനത്തിലെ അവസാന മത്സരങ്ങളില്‍ പുറത്തിരുന്ന മലയാളി താരത്തിന് ഇൗ പരമ്പരയില്‍ ഒരു കളിയില്‍ പോലും അവസരം കിട്ടിയിരുന്നില്ല. 22 പന്തില്‍ 37 റണ്‍സ് അടിച്ചുകൂട്ടിയാണ് സഞ്ജു പുറത്തായത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പരമ്പരയില്‍ ഇന്ത്യ 21ന് മുന്നിലാണ്. ലഖ്നൗവിലെ നാലാം മത്സരം കനത്ത മഞ്ഞുകാരണം ഉപേക്ഷിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ സൂര്യകുമാര്‍ യാദവിനും സംഘത്തിനും പരമ്പര സ്വന്തമാക്കാം.

Tags:    

Similar News