'21 തവണ പൂജ്യത്തിന് പുറത്തായാൽ പിന്നെ ടീമിലുണ്ടാവില്ല'; ഗൗതം ഗംഭീറിന്റെ പിന്തുണ കരിയറിൽ നിർണായകമായെന്ന് സഞ്ജു സാംസൺ

Update: 2025-08-10 08:37 GMT

മുംബൈ: അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ സഞ്ജു സാംസൺ കാഴ്ചവെച്ച സമീപകാലത്തെ ഉജ്ജ്വല പ്രകടനങ്ങൾ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പ്രിടിച്ചുപറ്റിയിരുന്നു. ഇന്ത്യൻ ടീമിന്റെ പരിശീലകൻ ഗൗതം ഗംഭീറിന്റെയും നായകൻ സൂര്യകുമാർ യാദവിന്റെയും പിന്തുണയും ഇടപെടലുകളുമാണ് തന്റെ കരിയറിന് നിർണ്ണായകമായതെന്ന് സഞ്ജു സാംസൺ വെളിപ്പെടുത്തുന്നു. മുൻ ഇന്ത്യൻ താരം ആർ. അശ്വിനുമായുള്ള ഒരു അഭിമുഖത്തിലാണ് സഞ്ജുവിന്റെ വെളിപ്പെടുത്തൽ.

2024-ൽ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു താനെന്ന് സഞ്ജു പറയുന്നു. പുറത്തായ ശേഷം ഡ്രസ്സിംഗ് റൂമിൽ ഇരിക്കുകയായിരുന്ന തന്നെ ഗംഭീർ കാണാനെത്തി. വളരെ നാളുകൾക്ക് ശേഷം ലഭിച്ച അവസരം മുതലെടുക്കാനായില്ലെന്ന നിരാശ പങ്കുവെച്ച സഞ്ജുവിനോട് ഗംഭീറിന്റെ മറുപടി അപ്രതീക്ഷിതമായിരുന്നു. 'തുടർച്ചയായി 21 തവണ പൂജ്യത്തിന് പുറത്തായാൽ മാത്രമേ നിന്നെ ടീമിൽ നിന്ന് ഒഴിവാക്കുകയുള്ളൂ' എന്നായിരുന്നു ഗംഭീറിന്റെ വാക്കുകൾ. തമാശരൂപേണയുള്ള ആ പരാമർശം ഒരു കളിക്കാരനിൽ പരിശീലകൻ അർപ്പിക്കുന്ന വിശ്വാസത്തിന്റെ ആഴത്തിലുള്ള പ്രഖ്യാപനമായിരുന്നുവെന്ന് സഞ്ജു പറയുന്നു.

ദുലീപ് ട്രോഫി മത്സരത്തിനിടെ നായകൻ സൂര്യകുമാർ യാദവും സഞ്ജുവിന് സമാനമായ ഉറപ്പ് നൽകിയിരുന്നു. വരാനിരിക്കുന്ന ഏഴ് മത്സരങ്ങളിലും ഓപ്പണറായി അവസരം നൽകുമെന്ന സൂര്യകുമാർ പറഞ്ഞത്. ആ വാക്കുകൾ തന്റെ മനോവീര്യത്തെ കൂട്ടിയതായും താരം വ്യക്തമാക്കി. 2024-ൽ മൂന്ന് ടി20 ശതകങ്ങൾ നേടിക്കൊണ്ട് സഞ്ജു ചരിത്രം കുറിച്ചു. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ടി20 ശതകങ്ങൾ നേടുന്ന താരം എന്ന അപൂർവ്വമായ നേട്ടവും അദ്ദേഹം സ്വന്തമാക്കി. ക്യാപ്റ്റന്റെയും പരിശീലകന്റെയും പിന്തുണ ഒരു കളിക്കാരന്റെ കരിയറിൽ എത്രമാത്രം ഗുണകരമാണെന്ന് തെളിയിക്കുന്നതായിരുന്നു സഞ്ജുവിന്റെ വാക്കുകൾ.

Tags:    

Similar News