'കളിക്കാർക്ക് വ്യക്തമായ റോളുകൾ ഉണ്ടാകണം, അത് അവരുടെ പ്രകടനത്തിൽ സ്ഥിരത പുലർത്താൻ സഹായിക്കും'; സഞ്ജുവിനെ ഇങ്ങനെ തട്ടിക്കളിക്കരുത്; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താൻ
മെൽബൺ: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ സഞ്ജു സാംസണെ മൂന്നാം നമ്പറിൽ ബാറ്റിംഗിനിറക്കിയതിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. സഞ്ജുവിനെ ബാറ്റിംഗ് ഓർഡറിൽ നിരന്തരം മാറ്റം വരുത്തുന്നത് ഫലപ്രദമല്ലെന്നും, ഇത് കളിക്കാരൻ്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടീം മാനേജ്‌മെൻ്റ്, പ്രത്യേകിച്ച് കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും പത്താൻ മുന്നറിയിപ്പ് നൽകി.
ടി20 ക്രിക്കറ്റിൽ കളിക്കാർക്ക് ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനുള്ള കഴിവ് നിർബന്ധമാണെങ്കിലും, ഓരോ കളിക്കാരനും വ്യക്തമായ റോളുകൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് പത്താൻ ചൂണ്ടിക്കാട്ടി. ഓപ്പണർമാരൊഴികെ മറ്റാർക്കും സ്ഥിരം സ്ഥാനമുണ്ടാകില്ലെന്നത് ശരിയാണെങ്കിലും, അമിതമായ വഴക്കം കളിക്കാർക്ക് അവരുടെ സ്ഥാനം നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കളിക്കാർക്ക് സ്ഥിരമായ റോൾ ലഭിക്കുമ്പോഴാണ് അവരുടെ സമീപനത്തിലും പ്രകടനത്തിലും സ്ഥിരത പുലർത്താൻ കഴിയുക.
ഏഷ്യാ കപ്പിൽ മധ്യനിരയിൽ കളിച്ച സഞ്ജുവിൻ്റെ സമീപനം ഓപ്പണറായി കളിക്കുന്നതിൽ നിന്ന് വ്യത്യസ്തമാണെന്നും, ഓപ്പണറായി ഇറങ്ങിയപ്പോൾ മൂന്ന് സെഞ്ചുറികൾ നേടിയ തൻ്റെ റെക്കോർഡിനെ ഓർമ്മിപ്പിച്ചുകൊണ്ടും പത്താൻ പറഞ്ഞു. കളിക്കാരൻ്റെ റോളിൽ വ്യക്തതയില്ലാത്ത അവസ്ഥ അവനിൽ ആശയക്കുഴപ്പങ്ങളുണ്ടാക്കുമെന്നും, അത്തരം സാഹചര്യങ്ങളിൽ ടീമിൻ്റെ ശക്തമായ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ സഞ്ജുവിന് പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും, ഏതാനും മത്സരങ്ങളിൽ പ്രകടനം മോശമായാൽ ആ പിന്തുണ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും, ഇത് സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും പത്താൻ വ്യക്തമാക്കി.
രണ്ടാം ടി20യിൽ ഓസ്ട്രേലിയൻ ബൗളർ ജോഷ് ഹേസൽവുഡ് ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയതിന് പിന്നാലെയാണ് സഞ്ജുവിനെ മൂന്നാം നമ്പറിൽ ബാറ്റിംഗിന് അയച്ചത്. മുൻ മത്സരത്തിൽ ബാറ്റിംഗിന് അനുകൂലമായ സാഹചര്യങ്ങളിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവായിരുന്നു ഈ സ്ഥാനത്ത് കളിച്ചിരുന്നത്.
