'ഇവിടെയുള്ളത് പരിമിതമായ സമയം, എൻ്റെയെല്ലാം രാജസ്ഥാൻ റോയൽസിന് വേണ്ടി നൽകി; എല്ലാവരോടും കടപ്പെട്ടിരിക്കുന്നു; രാജസ്ഥാൻ വിട്ടതിന് പിന്നാലെ കുറിപ്പുമായി സഞ്ജു സാംസൺ
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ചേക്കേറിയതിന് പിന്നാലെ രാജസ്ഥാൻ റോയൽസിന് ഹൃദയംഗമമായ നന്ദി അറിയിച്ച് സഞ്ജു സാംസൺ. താരത്തിന്റെ കൈമാറ്റത്തിനുള്ള ഔദ്യോഗിക സ്ഥിരീകരണം ഇന്നലെയാണ് പുറത്തുവന്നത്. ഈ ട്രേഡ് വഴി സാം കറനെയും രവീന്ദ്ര ജഡേജയെയും രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. ഏകദേശം 18 കോടി രൂപയായിരിക്കും സഞ്ജുവിന്റെ പ്രതിഫലം.
രാജസ്ഥാൻ റോയൽസിനോടുള്ള വികാരനിർഭരമായ യാത്രയയപ്പ് സഞ്ജു സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. "പരിമിതമായ സമയം മാത്രമെ നമ്മള്‍ ഇവിടെയുള്ളൂ. ഇവിടെ ചെലവഴിച്ച സമയം പരിമിതമായിരുന്നെങ്കിലും, എൻ്റെയെല്ലാം രാജസ്ഥാൻ റോയൽസിന് വേണ്ടി ഞാൻ സമർപ്പിച്ചു. ഈ ടീമിനൊപ്പം കളിച്ചത് ഏറെ ആസ്വദിച്ചു. ജീവിതകാലം മുഴുവൻ ഓർമ്മിക്കാനുള്ള ബന്ധങ്ങളുണ്ടായി. ഫ്രാഞ്ചൈസിയിലുള്ള എല്ലാവരെയും ഞാൻ കുടുംബമായി കണ്ടു. എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു," സഞ്ജു കുറിച്ചു.
സഞ്ജുവിന് പകരം രവീന്ദ്ര ജഡേജ രാജസ്ഥാൻ റോയൽസിനെ നയിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്യാപ്റ്റൻ സ്ഥാനം വാഗ്ദാനം ചെയ്തതിനെ തുടർന്നാണ് ജഡേജ തൻ്റെ പഴയ ക്ലബിലേക്ക് തിരിച്ചെത്തുന്നതെന്നും സൂചനകളുണ്ട്. കഴിഞ്ഞ സീസണിൽ സഞ്ജുവിന് പരിക്കേറ്റപ്പോൾ റിയാൻ പരാഗാണ് രാജസ്ഥാന്റെ നായകസ്ഥാനം വഹിച്ചിരുന്നത്. എന്നാൽ സഞ്ജു ക്ലബ് വിടുന്ന സാഹചര്യത്തിൽ, യശസ്വി ജയ്‌സ്വാൾ അല്ലെങ്കിൽ ധ്രുവ് ജുറേൽ എന്നിവരിൽ ഒരാൾക്ക് നായകസ്ഥാനം ലഭിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ചെന്നൈയിൽ സഞ്ജുവിന്റെ റോൾ എന്തായിരിക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.