കാത്തിരിപ്പുകൾക്ക് അവസാനം; കൈമാറ്റ നടപടികള്‍ പൂര്‍ത്തിയായി; സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക്; റോയൽസ് ആ രണ്ട് താരങ്ങളെ ഒഴിവാക്കും; ജഡേജ രാജസ്ഥാൻ ക്യാപ്റ്റൻ?

Update: 2025-11-13 16:42 GMT

ചെന്നൈ: മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക്. കൈമാറ്റവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയായതായും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സൂചനയുണ്ട്. സഞ്ജുവിനു പകരമായി ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാൻ റോയൽസിലേക്ക് ചേക്കേറും. ഇവരുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ താരങ്ങൾ രണ്ടാഴ്ച മുൻപ് ഒപ്പുവെച്ചിരുന്നു. ജഡേജ റോയൽസിന്റെ ക്യാപ്റ്റനാകുമെന്നും റിപ്പോർട്ടുകളുണ്ട്.

നേരത്തെ, സാം കറനെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് രാജസ്ഥാൻ റോയൽസിന് സാങ്കേതികപരമായ ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ, ഇവയെല്ലാം ഇപ്പോൾ പരിഹരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മുൻപ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ ഒരു സീസണിൽ നയിച്ചിട്ടുള്ള ജഡേജ, തന്റെ ആദ്യ ക്ലബായ രാജസ്ഥാനിൽ നായകസ്ഥാനം ലഭിക്കുമെന്ന ഉറപ്പിലാണ് എത്തുന്നത്. ചെന്നൈയിൽ സഞ്ജുവിന് പരിക്കേറ്റപ്പോൾ റിയാൻ പരാഗ് നായകസ്ഥാനം വഹിച്ചിരുന്നു. എന്നാൽ, സഞ്ജു ക്ലബ് വിടുന്ന സാഹചര്യത്തിൽ റിയാൻ പരാഗിന് പകരം യശസ്വി ജയ്സ്വാൾ അല്ലെങ്കിൽ ധ്രുവ് ജുറെൽ എന്നിവരിൽ ഒരാളെ നായകസ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത.

സാം കറനെ ടീമിലെത്തിക്കുന്നതിന് രാജസ്ഥാന് വിദേശ താരങ്ങളുടെ ക്വാട്ടയുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. കറന്റെ പ്രതിഫലവും ഒരു പ്രധാന തടസ്സമായിരുന്നു. ചെന്നൈയിൽ 2.4 കോടി രൂപയാണ് കറന്റെ പ്രതിഫലം. ലേലത്തിൽ രാജസ്ഥാന് ബാക്കിയുണ്ടായിരുന്നത് 30 ലക്ഷം രൂപ മാത്രമായിരുന്നു. ജഡേജയെയും കറനെയും ഒരുമിച്ച് സ്വന്തമാക്കാൻ വിലയേറിയ താരങ്ങളെ വിൽക്കേണ്ടി വരുമെന്ന അവസ്ഥയിലായിരുന്നു രാജസ്ഥാൻ. ഈ സാഹചര്യത്തിൽ മഹേഷ് തീക്ഷണ, വാനിന്ദു ഹസരംഗ എന്നിവരെ ടീം ഒഴിവാക്കിയതായാണ് വിവരം.

Tags:    

Similar News